പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഭക്ഷണവും പ്രധാന ഘടകം തന്നെയാണ്. നമുക്ക് ഇഷ്ടപെട്ടതോ അല്ലെങ്കില്‍ വ്യത്യസ്തമായ രുചിയിലുള്ളതോ ആയ ഭക്ഷണങ്ങള്‍ ഈ ആഘോഷവേളയില്‍ നമ്മള്‍ ഉള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ ചില ഇടങ്ങളില്‍ ചില വിശ്വാസങ്ങളുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ പുതുവര്‍ഷ ദിനത്തില്‍ കഴിച്ചാല്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആരോഗ്യകരവും സമ്പന്നവുമായ ഒരു വര്‍ഷം ലഭിക്കാന്‍ മെനുവില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
പയര്‍
പുതുവത്സര ദിനത്തില്‍ ഇറ്റലിയിലെ ആളുകള്‍ വളരെ വിശിഷ്ടമായി കഴിക്കുന്ന ധാന്യമാണ് പയര്‍. വരും വര്‍ഷത്തില്‍ പയറ് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഇറ്റലിക്കാര്‍ വിശ്വസിക്കുന്നു. പയറിന്റെ ആകൃതിക്ക് റോമന്‍ നാണയങ്ങളോട് സാദൃശ്യമുള്ളതിനാലാണ് അവിടത്തുകാര്‍ പയറിനെ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നത്.
അച്ചിങ്ങ പയര്‍
ചില തെക്കന്‍ പാരമ്പര്യങ്ങള്‍ അനുസരിച്ച്, കറുത്ത കണ്ണുള്ള അച്ചിങ്ങ പയര്‍ ഭാഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. കാരണം, തെക്കന്‍ രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ഏറെ അധികമായി കഴിച്ചിരുന്ന ധന്യമായിരുന്നു ഇത്. കറുത്ത കണ്ണുള്ള പയര്‍ പണത്തോട് സാമ്യമുള്ളതാണെന്നും അതിനാല്‍ അവ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.
മുന്തിരി
പുതുവത്സര ദിനത്തില്‍ കൃത്യം 12 മണിക്ക് 12 മുന്തിരി കഴിക്കുകയാണെങ്കില്‍, അത് അടുത്ത 12 മാസത്തേക്ക് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്ന ഐതീഹ്യവും നിലവിലുണ്ട്. എന്നാല്‍ ഇത് കേള്‍ക്കുന്നത്ര എളുപ്പമല്ല, മുന്തിരിങ്ങ കൂട്ടമായി തിന്നുമ്പോള്‍ മധുരമുള്ള മുന്തിരി ആയിരിക്കണമെന്ന് നിര്‍ബന്ധവും ഉണ്ട്. കാരണം, പുളിപ്പുള്ള മുന്തിരി കഴിച്ചാല്‍ അത് നിങ്ങളുടെ വരാനിരിക്കുന്ന മാസത്തെ മധുരം നഷ്ട്ടപെടുത്തുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
മത്സ്യങ്ങള്‍
മത്സ്യപ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയായിരിക്കും ഇത്. പുതുവത്സര ദിനത്തില്‍ മത്സ്യം കഴിച്ചാല്‍ അത് ഭാഗ്യമായി കണക്കാക്കപ്പെടുന്നവരുണ്ട്. പല കാരണങ്ങളാല്‍ മത്സ്യം ഭാഗ്യത്തിന്റെ പ്രതീകമാണ്. മീന്‍ ചെതുമ്പലുകള്‍ നാണയങ്ങള്‍ പോലെ കാണപ്പെടുന്നു. അതിനാല്‍, ജനുവരി 1-ന് മത്സ്യം കഴിക്കുന്നത് നല്ല കാര്യമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
നൂഡില്‍സ്
പല ഏഷ്യന്‍ രാജ്യങ്ങളിലും, പുതുവത്സര ദിനത്തില്‍ നൂഡില്‍സ് കഴിക്കുന്നവരുണ്ട്. ഇതിന് കാരണമായി പറയുന്നത് ഇതിലൂടെ അവരുടെ ആയുസ്സ് വര്‍ധിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. നൂഡില്‍സ് ദീര്‍ഘായുസ്സിനോട് സാമ്യമുണ്ട് എന്ന് കരുതുന്നതിനാലായിരിക്കണം ഇങ്ങനെ ഒരു വിശ്വാസം പ്രചരിച്ചത്. പക്ഷെ, അതിനൊരു നിബന്ധനയുണ്ട്! നിങ്ങള്‍ നൂഡില്‍സ് കഴിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും നിങ്ങളുടെ വായില്‍ എത്തണം. അതിനുമുമ്പ് പകുതിക്ക് വച്ച് നൂഡില്‍സ് പൊട്ടിപോകാന്‍ പാടില്ല. നൂഡില്‍സ് മുറിഞ്ഞ് പോകാതെ തന്നെ മുഴുവന്‍ കഴിക്കണമെന്നാണ് അതിന്റെ നിബന്ധന.
കോണ്‍ബ്രഡ്
കോണ്‍ബ്രഡ് സ്വര്‍ണ്ണത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ ഈ വിശ്വാസം പുലര്‍ത്തുന്നവര്‍ പുതുവര്‍ഷ ദിവസം കോണ്‍ബ്രെഡ് കഴിച്ചു ആഘോഷിക്കാറുണ്ട്. ചിലര്‍ അധിക ഭാഗ്യം ലഭിക്കുവാനായി കോണ്‍ബ്രഡുകളില്‍ ടോപ്പിങ്ങായി ചോളത്തിന്റെ കുരു, തേന്‍, വെണ്ണ എന്നിവയും ചേര്‍ക്കുന്നു.
വൃത്ത ആകൃതിയിലുള്ള കേക്കുകള്‍
ഒരു വര്‍ഷം മുഴുവന്‍ സൈക്ലിംഗ് പോലെ ചുറ്റുന്നു എന്ന ആശയത്തിലാണ് വൃത്താകൃതിയിലുള്ള കേക്ക് പുതുവര്‍ഷ ദിനത്തില്‍ മുറിക്കുന്നത്. ചിലര്‍ വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീകമായിഇതിനെ കാണുന്നു. സമയത്തിന് കൃത്യമായ തുടക്കമോ അവസാനമോ ഇല്ല, കലണ്ടര്‍ ചുറ്റിക്കറങ്ങുന്നു. അതിനാല്‍, പുതുവത്സര ദിനത്തില്‍ ഒരു വൃത്താകൃതിയിലുള്ള കേക്ക് കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ചില രാജ്യങ്ങളില്‍, കേക്കിന്റെ മധ്യത്തില്‍ ഒരു നാണയം സ്ഥാപിക്കാറുണ്ട്. അത് കണ്ടെത്തുന്നയാള്‍ക്ക് ഭാഗ്യം ലഭിക്കുമെന്നും കരുതപ്പെടുന്നു.