ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ആധാര്‍നമ്പര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. ഇത് ബന്ധുമിത്രദികള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരെ ദുരുപയോഗം ചെയ്യാനും സാധിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമായതോടെ ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും വ്യാപകമായി നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിയമഭേദഗതിയിലൂടെ മരിച്ചവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന വിധത്തില്‍, 1969 ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്താനാണ് നീക്കം. കരട് ഭേദഗതിയില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിവരം കൈമാറുന്നതോടെ ആധാര്‍ റദ്ദാക്കല്‍ നടപടി ആരംഭിക്കും. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ നിര്‍ജീവമാക്കല്‍ നടപ്പാക്കൂ. നിലവില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സംവിധാനമൊന്നുമില്ല.
ജനന സര്‍ട്ടിഫിക്കറ്റില്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ തുടര്‍ച്ചയാണ് ഇത് നടപ്പാക്കുക. ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ നമ്പര്‍ നല്‍കുന്ന സംവിധാനം 20 ഓളം സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇത് മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആധാര്‍ വ്യക്തിയുടെ അടിസ്ഥാന രേഖയാക്കാനും സമഗ്ര വിവരങ്ങളും അതിലേക്ക് ചേര്‍ക്കാനുമുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ കാലാനുസൃതം പുതുക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തവരോടാണ് വിവരങ്ങള്‍ പുതുക്കി സമര്‍പ്പിക്കാന്‍ യുഐഡിഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിവിവരങ്ങളുടെ കൃത്യതയ്ക്കായാണ് ഇത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കടക്കം ആധാര്‍ ഉപയോഗിക്കുന്നതിനാലാണ് പ്രധാനമായും ഈ നിര്‍ദേശം. ഒരാളുടെ പേര്, വിലാസം, ജനന തീയതി, വയസ് തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാവുന്നതാണ്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ആധാര്‍ കേന്ദ്രങ്ങളിലെത്തി മാത്രമേ പുതുക്കാനാകൂ. സൗജന്യമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മാര്‍ച്ച് 15 മുതല്‍ മൂന്ന് മസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് സൗജന്യ സേവനം. ആധാര്‍ സെന്ററുകളില്‍ 50 രൂപ ഫീ തുടര്‍ന്നും ഈടാക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഏകദേശം 1,200 സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങള്‍ നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സേവനങ്ങളും ഉപഭോക്താക്കളെ സ്ഥിരീകരിക്കാനും ആധാര്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ തന്നെ ആധാര്‍ വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ പിന്നാലെ വലിയ നിയമക്കുരുക്കുകളിലും പെട്ടേക്കാം.