1964ലെ ചൈന. ഷാങ്ഷൗ പ്രവിശ്യയിലുള്ള ഫാക്ടറി തൊഴിലാളിയായ സ്ത്രീക്കും അവരുടെ ഫോട്ടോഗ്രാഫറായ ഭര്‍ത്താവിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. വളരെ പരിമിതമായി ജീവിത സാഹചര്യങ്ങള്‍ മാത്രമുണ്ടായിരുന്ന അവരുടെ സകല പ്രതീക്ഷകളും ആ കുഞ്ഞിലായിരുന്നു. പക്ഷേ, പ്രൈമറി ക്ലാസുകള്‍ മുതല്‍ തന്നെ അവന്‍ മാതാപിതാക്കളെ നിരാശപ്പെടുത്തി. സ്‌കൂള്‍ ടെസ്റ്റില്‍ എല്ലാം തോല്‍വി മാത്രം. തോറ്റ് തോറ്റ് എങ്ങനെയൊക്കെയോ അവന്‍ അടുത്ത ക്ലാസുകളിലേക്ക് കഷ്ടിച്ച് കടന്നുകൂടി. കണക്കും സയന്‍സുമൊക്കെ ചെറിയ ക്ലാസ് മുതല്‍ക്കേ ബാലികേറാമലയായിരുന്നു അവന്. പക്ഷേ, ഇംഗ്ലീഷ് ഭാഷയോട് ആ കുഞ്ഞിന് വല്ലാത്ത അഭിനിവേശമായിരുന്നു. അതെങ്കിലും മര്യാദയ്ക്ക് ഇവന്‍ പഠിക്കട്ടെ എന്നോര്‍ത്ത് ഇല്ലാത്ത കാശ് മിച്ചം പിടിച്ച് ആ മാതാപിതാക്കള്‍ അവന് മികച്ച ഇംഗ്ലീഷ് ട്യൂഷന്‍ നല്‍കി. സ്‌കൂളിലും കോളജിലും തോറ്റു തോറ്റ് ജീവിതത്തില്‍ ജയിക്കേണ്ട പാഠങ്ങള്‍ അവന് നന്നേ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. കോളേജില്‍ മൂന്ന് തവണ തോറ്റെങ്കിലും പിന്നെയും ശ്രമിച്ച് ഷാങ്ഹൗവിലെ നോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സര്‍വകലാശാല പഠനം നേടിയെടുക്കാനും അവന് സാധിച്ചു. പഠനശേഷം ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും അധ്യാപനം തനിക്ക് പറ്റിയ പണിയല്ലെന്ന് അവന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ 29-ാമത്തെ വയസ്സില്‍ കയ്യിലുള്ള ഇംഗ്ലീഷ് ഭാഷ മൂലധനമാക്കി അവനൊരു ഭാഷാതര്‍ജമ സ്ഥാപനം തുടങ്ങി. ബിസിനസില്‍ ഇറങ്ങിയതോടെ പിന്നെ പണ്ടത്തെ ആ മണ്ടന്‍ സ്‌കൂള്‍ കുട്ടിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നയാള്‍ ലോകത്തെ എണ്ണം പറഞ്ഞ ബില്യണയര്‍ ബിസിനസുകാരനാണ്- ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ.
1999-ലാണ് ജാക് മായും 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആലിബാബ എന്ന കമ്പനി ആരംഭിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ തന്നെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച കമ്പനികളിലൊന്നാണ് ആലിബാബ. ഇ കൊമേഴ്സ് രംഗത്തെ ലക്ഷ്യമിട്ട് തുടങ്ങിയ കമ്പനിയുടെ ഷെയര്‍ യാഹു വാങ്ങിയതോടെ ആലിബാബയുടെ തലവര തെളിഞ്ഞു. 2014ല്‍ ആലിബാബ ന്യൂയോര്‍ക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് നാള്‍ വരെ ജാക് മാ എവിടെയായിരുന്നു എന്ന ചോദ്യം ലോകം ചോദിക്കുന്നുണ്ടായിരുന്നു. ഷി ചിന്‍പിങ്ങിനെയും ചൈനീസ് ഭരണകൂടത്തെയും വിമര്‍ശിച്ചതിന് ചൈന ജാക് മയെ കൊന്നുകളഞ്ഞു എന്ന് വരെ കഥകളിറങ്ങി. ചൈനയുടെ സ്വഭാവമനുസരിച്ച് കൊന്ന് കാണില്ല, എവിടെയെങ്കിലും പൂട്ടിയിട്ട് കൊല്ലാക്കൊല ചെയ്യുന്നുണ്ടാവും എന്നായിരുന്നു ചിലരുടെ പക്ഷം. ചൈനീസ് റെഗുലേറ്റര്‍മാര്‍ക്കെതിരെ ജാക് മാ നടത്തിയ വിമര്‍ശനമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. പുതിയ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുകയും സമയം നഷ്ടപ്പെടുത്തുകയുമാണ് ചൈനീസ് റെഗുലേറ്റര്‍മാര്‍ ചെയ്യുന്നതെന്നായിരുന്നു മായുടെ വിമര്‍ശനം. ഇതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ മാക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജാക് മായുടെ ആന്റ് ഗ്രൂപ്പിന്റെ വലിയ ഐപിഒകളും സര്‍ക്കാര്‍ തടഞ്ഞു. ചൈനീസ് സര്‍ക്കാര്‍ ജാക് മാക്ക് 23,000 കോടി രൂപ പിഴയും വിധിച്ചു. ഭരണകൂടത്തെയും ഷിചിന്‍പിങ്ങിനെയും നിശിതമായി വിമര്‍ശിച്ച ജാക് മാ ഭരണകൂടവേട്ട ഭയന്ന് പൊതുവേദികളില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷനാവുകയായിരുന്നു.
ഇപ്പോഴിതാ, രണ്ട് വര്‍ഷത്തോളം രാജ്യം വിട്ട് സ്വകാര്യജീവിതം നയിച്ച ശേഷം ജാക് മാ വീണ്ടും ചൈനയില്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ജാക് മാ തിരികെ എത്തിയെന്ന സൂചനകള്‍ പുറ്ത്ത് വന്നപ്പോള്‍ തന്നെ ആലിബാബ ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഭരണകൂടവേട്ട ഭയന്ന് രാജ്യം വിട്ട ജാക്ക് മാ യൂറോപ്പ്, ജപ്പാന്‍, തായ്ലന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. ചൈനയുടെ പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തത് കുത്തകകളോടുള്ള ഭരണകൂടത്തിന്റെ നിലപാടുമാറ്റത്തിന്റെ സൂചന കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഏകാധിപതി ഷി ചിന്‍പിങ്ങിന്റെ ചൈനയിലേക്കാണ് ജാക് മാ മടങ്ങിയെത്തിയിരിക്കുന്നത്. അപ്രതീക്ക് പാത്രമാകുന്നവരെയൊക്കെ വേരോടെ നശിപ്പിക്കാന്‍ പ്രത്യേക കൗശലമുള്ള വ്യക്തി ഭരിക്കുന്ന നാട്ടിലേക്ക്. ജാക് മായുടെ ഈ മടങ്ങിവരവ് ആലിബാബയ്ക്കും അദ്ദേഹത്തിനും വിധിച്ചിരിക്കുന്നതെന്തെന്ന് പ്രവചനാതീതമാണ്.