പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുകയാണ്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി അമരീന്ദര്‍ സിങ്ങിന്റെ നീക്കം പക്ഷെ പഞ്ചാബ് കാത്തരിക്കുന്ന മുഹൂര്‍ത്തമാണ്. ഇപ്പോഴിതാ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയെ കണ്ടിരിക്കുകയാണ്. ദില്ലിയിലെത്തിയ അദ്ദേഹം ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ ബിജെപി പ്രവേശനത്തെ ഭീതിയോടെയാണ് ഭരണപക്ഷം കാണുന്നത്.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നതായി കൂടിക്കാഴ്ചയില്‍ ജെ പി നദ്ദ പറഞ്ഞു. പഞ്ചാബ് ഒട്ടനവധി ധീര ദേശാഭിമാനികള്‍ക്ക് ജന്മം നല്കിയ നാടാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് അവിടെ വേരുറപ്പിക്കാന്‍ കഴിയുന്നതിന്റെ ചരിത്ര നിമിഷമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോണ്‍ഗ്രസ്സ് രാജ്യത്ത് അപ്രത്യക്ഷമായെന്നും ആദര്‍ശം നഷ്ടപ്പെട്ട് ജീവനില്ലാത്ത പാര്‍ട്ടിയായെന്നും അമരീന്ദര്‍ വ്യക്തമാക്കി. തന്നെ യാതൊരു കാരണവും കൂടാതെയാണ് കോണ്‍ഗ്രസ്സ് പുറത്താക്കിയത്. ഇതിന് തിരിച്ചടി നല്‍കാതെ തനിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ബിജെപിയെയും നരേന്ദ്ര മോദിയെയും ജനങ്ങള്‍ ഇഷ്ട്ടപ്പെടുന്നു. അവരുടെ ആദര്‍ശ നിഷ്ഠയും, പ്രവര്‍ത്തനവും മാതൃകാപരമാണ്. അതുകൊണ്ടാണ് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തിയ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
അതേ സമയം പിഎല്‍സിയില്‍ ചേര്‍ന്ന ഏഴ് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും സിംഗിനൊപ്പം BJP യില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് പ്രിത്പാല്‍ സിംഗ് ബാലിയവാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും സാന്നിധ്യത്തിലായിരിക്കും എണ്‍പതുകാരനായ അമരീന്ദറിന്റെ ബിജെപി പ്രവേശനം.