കരസേനയുടെ ആപ്തവാക്യം ‘സര്‍വീസ് ബിഫോര്‍ സെല്‍ഫ് ‘ എന്നാണ്. സ്വന്തം കാര്യങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സേവന സന്നദ്ധത. സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ സമഗ്രമായി വാക്കുകളില്‍ അടയാളപ്പെടുത്തുന്ന ആപ്തവാക്യമാണത്. യുദ്ധഭൂമിയിലേക്കെത്തുന്ന ശത്രുവിനെ എതിര്‍ക്കല്‍ മാത്രമല്ല. ഓരോ അപകടങ്ങളിലും ദുരന്തങ്ങളിലും അവസാന പ്രതീക്ഷയായി, വെളിച്ചമായി സൈന്യം എത്തുമെന്ന ദൃഢവിശ്വാസം ഓരോ ഇന്ത്യക്കാരനുമുണ്ട്.
കര,നാവിക, വ്യോമ, തീരരക്ഷ സേനകളും അര്‍ധ സൈനികവിഭാഗങ്ങളും പ്രത്യേക സേനകളുമുള്‍പ്പെടെ പട്ടാളക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സ്നേഹവും ബഹുമാനവും കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ആ സ്നേഹവും ബഹുമാനവും വെറുതെ ലഭിച്ചതല്ല, പതിറ്റാണ്ടുകളായുള്ള ത്യാഗസമ്പന്നവും സാഹസികവുമായ സേവനങ്ങളിലൂടെ സൈന്യം ആര്‍ജിച്ചെടുത്തതാണ്. പ്രളയസമയത്തും, സൂനാമി ആഞ്ഞടിച്ചപ്പോഴും മഹാമാരികള്‍ ഉടലെടുത്തപ്പോഴും മറ്റനേകം സന്ദര്‍ഭത്തിലും സൈന്യത്തിന്റെ കരുതല്‍ കേരളവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ രാജ്യത്തിനകത്തും പുറത്തും സംഭവിച്ച ദുരന്തങ്ങളില്‍ ശ്ലാഘനീയമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, അത്തരത്തിലൊരു വാര്‍ത്തയാണ് സിക്കിമില്‍ നിന്നും പുറത്തുവരുന്നത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ സിക്കിമില്‍ നിന്നും ആയിരത്തിലധികം വിനോദസഞ്ചാരികളെയാണ്മഞ്ഞുവീഴ്ചയില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. നേരത്തെയും സമാന രീതിയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
മാര്‍ച്ച് 12-ന് കിഴക്കന്‍ സിക്കിമില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 370 വിനോദ സഞ്ചാരികളെ പോലീസിന്റെ സഹായത്തോടെ സൈന്യം രക്ഷിച്ചിരുന്നു. ചാങ്ഗു തടാകത്തില്‍ നിന്ന് മടങ്ങവേയാണ് വിനോദ സഞ്ചാരികളുടെ വാഹനം കുടുങ്ങിയത. തുടര്‍ന്ന് സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കുകയായിരുന്നു. പാര്‍പ്പിടം, വസ്ത്രം, വൈദ്യസഹായം, ഭക്ഷണം എന്നിവയും വിനോദ സഞ്ചാരികള്‍ക്ക് നല്‍കി. സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വിനോദസഞ്ചാരികള്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്.
സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഓരോ സൈനികനും അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്നത്. മഞ്ഞായാലും കൊടും വെയിലായാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല. ഓരോ ഇന്ത്യന്‍ പൗരനും സമാധാനപൂര്‍വ്വം ഉറങ്ങുന്നതിന് പിന്നിലെ കരങ്ങളോട് നാം എന്നും കടപ്പെട്ടിരിക്കണം.