ബലൂചിസ്ഥാനില്‍ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാര്‍ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുത്തിട്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ പാക് താലീബാനാണെന്നാണ് നിഗമനം. ഭീകര സംഘടനയുമായി പാക് സര്‍ക്കാര്‍ ഒപ്പിട്ടിരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 2021-ല്‍ അവസാനിച്ചിരുന്നു. ശേഷം അക്രമണ പരമ്പരകളാണ് പാകിസ്താനില്‍ താലീബാന്‍ അഴിച്ചുവിട്ടത്.വാഹനത്തിന് നേരെ അക്രമി ബോബെറിയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഖുദാര്‍ പറഞ്ഞു.
സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പ്രവിശ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുള്‍ ഖുദ്ദാസ് ബിസെന്‍ഞ്ചൊ പ്രതികരിച്ചു.ഫെബ്രുവരിയില്‍ ബലൂചിസ്ഥാനിലെ കോഹലു ജില്ലയില്‍ സമാന രീതിയിലുള്ള സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാലുകൊടുത്ത കൈക്ക് തന്നെ തിരിഞ്ഞു കൊത്തുകയാണ് പാക്ക് താലിബാന്‍ ചെയ്യുന്നത്. 2007ല്‍ പാക്ക് സൈന്യത്തെ എതിര്‍ക്കുന്നവരെ നേരിടാനുള്ള സായുധ ശൃംഖല എന്ന തരത്തിലാണ് തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ അഥവാ പാക്ക് താലിബാന്‍ എന്ന സംഘടനയ്ക്കു ഔദ്യോഗിക തുടക്കമാകുന്നത്.
2001 മുതല്‍ ഇവര്‍ പാക്ക് സൈന്യത്തെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇസ്ലാമാബാദിലെ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കണമെന്ന നിലപാട് പരസ്യമായി അവര്‍ പറയാന്‍ തുടങ്ങി. 2008 ഓഗസ്റ്റ് 25ന് സംഘടനയെ പാക്ക് സര്‍ക്കാര്‍ നിരോധിച്ചു. ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളുടെ ക്രയവിക്രയങ്ങളും മരവിപ്പിച്ചു. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും വിലക്കി. പ്രമുഖ നേതാക്കളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.
ടിടിപിയുടെ ആദ്യ നേതാവ് ബൈത്തുല്ല മെഹ്‌സുദ് 2009 ഓഗസ്റ്റ് 5നും അടുത്ത മേധാവി ഹക്കീമുല്ല മെഹ്‌സൂദ് 2013 നവംബര്‍ 1നും പിന്നാലെ തലപ്പത്തെത്തിയ മുല്ല ഫസ്ലുല്ല 2018 ലും മരിച്ചു. കടുത്ത പാശ്ചാത്യ വിരോധിയും പാക്ക് വിരോധിയും ആയ ഫസ്ലുല്ലയാണ് വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ വധിക്കാന്‍ 2012ല്‍ നടത്തിയ ശ്രമങ്ങളുടെ സൂത്രധാരന്‍. നിലവില്‍ നൂര്‍ വാലി മെഹ്‌സൂദ് ആണ് തലവന്‍.