1947ലെ ജൂലൈ മാസം. ഏത് നിമിഷവും ഭാരതം സ്വതന്ത്രയാകുമെന്ന പ്രതീക്ഷയില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതീയര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം മാത്രം സ്വപ്നം കണ്ട് കഴിയുന്ന കാലം. അന്നത്തെ ഒഡീഷ നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയും ഇന്ത്യന്‍ എയര്‍ഫോഴ്സ് പെലറ്റുമായിരുന്ന ബിജു പട്നായ്കിന് ഒരു ഫോണ്‍ കോള്‍ വന്നു. തെല്ലൊരാശങ്കയോടെ അദ്ദേഹം കോള്‍ അറ്റന്‍ഡ് ചെയ്തു.ഡച്ച് അധിനിവേശ ഇന്‍ഡോനീഷ്യയില്‍ വീട്ടുതടങ്കലിലുള്ള ഇന്‍ഡോനീഷ്യന്‍ പ്രധാനമന്ത്രിയായ സുതന്‍ സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്തയേയും അവിടെനിന്ന് മോചിപ്പിക്കണം-സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റേതാണവശ്യം. മുന്നുംപിന്നും ആലോചിക്കാതെ അദ്ദേഹം ഇത്തരം കൊടുത്തു. ഐ വില്‍ ഡു ഇറ്റ് സര്‍. പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്ന തന്റെ പങ്കാളി ഗ്യാന്‍വതിയെയും കൂട്ടി ബിജു പട്നായിക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കലിംഗ എയര്‍ലൈന്‍സിന്റെ ഡി.സി-3 വിഭാഗത്തിലുള്ള ഡക്കോട്ട വി.ടി.-എ.യു.ഐ. എന്ന വിമാനത്തില്‍ അവര്‍ ജക്കാര്‍ത്തയിലേക്കു തിരിച്ചു. എന്തിനാണ് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയെ ഇന്ത്യ മോചിപ്പിക്കുന്നത്? അതും ഡച്ചുകാരെ വെല്ലുവിളിച്ച്?
അതുകൂടി അറിഞ്ഞെങ്കില്‍ മാത്രമേ ബിജു പട്നായിക് ഏറ്റെടുത്ത ദൗത്യത്തിന്റെ ഗൗരവം മനസ്സിലാകൂ. 1600-കളിലാണ് ഡച്ച് അധിനിവേശ ശക്തികള്‍ ഇന്‍ഡോനീഷ്യയെ കോളനിയാക്കി ഭരണം തുടങ്ങിയത്. 1796ഓടെ ഇന്തോനേഷ്യക്ക് മേലുള്ള ഡച്ച് ആധിപത്യം പൂര്‍ണ്ണമായി. രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം 1945 ഓഗസ്റ്റ് 17-ന് ഇന്‍ഡോനീഷ്യ ഡച്ച് ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് സ്വതന്ത്രരായി. 1945 നവംബറില്‍ സുതന്‍ സ്ജാഹിര്‍ പ്രധാനമന്ത്രിയായും അക്മെദ് സുകാര്‍ണോ പ്രസിഡന്റായും ചുമതലയേറ്റ് ആദ്യ സ്വതന്ത്ര ഭരണകൂടത്തിന് തുടക്കംകുറിച്ചു. എന്നാല്‍ ഇന്തോനേഷ്യ സ്വതന്ത്രയായത് ഡച്ച് ഭരണകൂടത്തിനേറ്റ ഏറ്റവും വലിയ നാണക്കേടായിരുന്നു. അവര്‍ തിരിച്ചടിക്കാന്‍ തക്കം പാര്‍ത്തിരുന്നു. ഇന്തോനേഷ്യയ്ക്ക ചുറ്റും ഡച്ച് സൈന്യം വിന്യസിക്കപ്പെട്ടു. ഇന്‍ഡോനീഷ്യന്‍ പീപ്പിള്‍സ് ആര്‍മി ഡച്ച് സൈനികര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1947 ജൂലായില്‍ പ്രധാനമന്ത്രി സുതന്‍ സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹത്തയേയും ഡച്ച് സൈന്യം വീട്ടുതടങ്കലിലാക്കി.
ഈ സംഭവത്തിന് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി നെഹ്റുവിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ റിലേഷന്‍സ് എന്ന പേരില്‍ ഒരു കോണ്‍ഫറന്‍സ് നടന്നിരുന്നു. അന്ന്
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഇന്‍ഡോനീഷ്യയ്ക്ക് എന്തു സഹായംനല്‍കാനും ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യ വാക്ക് നല്‍കിയിരുന്നു. ഡച്ച് സൈന്യത്തിന്റെ രണ്ടാം ആക്രമണത്തെ കുറിച്ച് ഇന്ത്യയിലും വാര്‍ത്തയെത്തി. പതിനാല് ദിവസങ്ങളായി സ്ജാഹിറും ഹത്തയും വീട്ടുതടങ്കലിലാണെന്ന വിവരമറിഞ്ഞ നെഹ്റുവിന് അവരെ മോചിപ്പിക്കേണ്ടത് അഭിമാന പ്രശ്നം കൂടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്റു ചരിത്ര ദൗത്യം ബിജു പട്നായികിനെ ഏല്‍പ്പിക്കുന്നത്. പതിനാല് ദിവസം മാത്രം പ്രായമുള്ള മകന്‍ പ്രേം പടിനായികിനെ വീട്ടുകാരെ ഏല്‍പ്പിച്ചു. പ്രസവം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകള്‍ വിട്ടുമാറാത്ത ഗ്യാന്‍വതി പൈലറ്റിന്റെ വേഷമണിഞ്ഞു. ഇന്ത്യന്‍ വിമാനം ഇന്തോനേഷ്യക്ക് മേല്‍ പറന്നാല്‍ ഉത്തരം പറയുന്നത് തോക്കുകളായിരിക്കുമെന്ന ഡച്ച് ഭീഷണികള്‍ക്കിടയിലും പട്‌നായികും ഗ്യാന്‍വതിയും ഡക്കോട്ട ഡി.സി-3യുമായി ജക്കാര്‍ത്തയിലേക്കു പറന്നു. പ്രധാനമന്ത്രി സ്ജാഹിറിനെയും വൈസ് പ്രസിഡന്റ് ഹത്തയേയും മോചിപ്പിച്ച് 1947 ജൂലായ് 22-ന് സിംഗപ്പൂരിലും 24-ന് ന്യൂഡല്‍ഹിയിലുമെത്തി.
ഇതോടെ ഇന്‍ഡോനീഷ്യയ്ക്കു മേലുള്ള ഡച്ച് ആധിപത്യം പിന്‍വാങ്ങി. 1949 ഡിസംബര്‍ 27-ന് ഇന്‍ഡോനീഷ്യയ്ക്കു സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ഹേഗ് ഉടമ്പടിയില്‍ ഡച്ച് ഭരണകൂടം ഒപ്പിട്ടു. ബിജു പട്‌നായികിനോടുള്ള ആദരസൂചകമായി 1950-ല്‍ ഭൂമിപത്ര എന്ന ഇന്‍ഡോനീഷ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി പട്‌നായികിന് നല്‍കി. സ്വാന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ വെട്ടിച്ച് സമര നേതാക്കന്‍മാരെ വിമാനത്തില്‍ കടത്തിയതും പാക്കിസ്ഥാന്‍ കയ്യേറാന്‍ ശ്രമിച്ച കശ്മീരില്‍ സൈനികരുമായി ആദ്യം വിമാനത്തില്‍ ഇറങ്ങിയതും ചൈനീസ് അധിനിവേശത്തെ എതിര്‍ത്ത ടിബറ്റന്‍ പോരാളികള്‍ക്ക് വിമാനത്തിലെത്തി ആയുധം വിതരണം ചെയ്തതും അടക്കം ചരിത്രത്തില്‍ ഇടം നേടിയ പല സാഹസിക ദൗത്യങ്ങളും ധൈര്യപൂര്‍വം ഏറ്റെടുത്തതും ബിജു പട്നായിക് എന്ന ബിജയാന്ദ പട്നായികാണ്.
1961-ല്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയായി. 1995-ല്‍ ജനതാദളിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിപദത്തിലെത്തി. 1997-ല്‍ മരിക്കുന്നതു വരെ ശോഭയൊട്ടും ചോരാതെ ഒഡീഷയിലെ ജനതയുടെ പ്രിയപ്പെട്ട നേതാവായി അദ്ദേഹം തുടര്‍ന്നു. 1953-ല്‍ കലിംഗ എയര്‍ലൈന്‍സ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ലയിച്ചു. പതിയെ ഡക്കോട്ട ഡി.സി-3യെ കാലം മറന്നുതുടങ്ങി. ബിജു പട്നായിക് പറത്തിയിരുന്ന ഡിസി3 ഡക്കോട്ട വിമാനം ഒഡീഷ സര്‍ക്കാര്‍ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ സ്മാരകമാക്കി സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. അതിന് മുന്‍കൈ എടുക്കാന്‍ കാലം നിയോഗിച്ചതാവട്ടെ, ബിജു പട്നായിക്കിന്റെ മകനും ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായികിനെയും. ഒരുപാട് വൈകിപ്പോയ ഒരാദരത്തിന് പിന്നില്‍ ഇത്രയും കഥകളുണ്ടെന്നോര്‍ക്കണം.