ത്രിപുരയില്‍ നിലവില്‍ പ്രധാന പ്രതിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ നിന്നും പന്ത്രണ്ട് എംഎല്‍എമാര്‍ തൃണമൂലിലേക്ക് കൂറുമാറിയതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പിന്നിലാക്കി നിയമസഭയില്‍ കുറച്ച് ശക്തിപ്രാപിച്ചത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മമതയെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം കോണ്‍ഗ്രസ് സഖ്യം. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മമത ബാനര്‍ജി. അടുത്ത മാസം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മമത ത്രിപുരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റോഡ് ഷോ നടത്താനും സാധ്യതയുണ്ട്.
പിന്നാലെ അഭിഷേക് ബാനര്‍ജിയും ത്രിപുരയിലെത്തുമെന്നാണ് വിവരം. പ്രചാരണത്തിനിറങ്ങാന്‍ അഭിഷേകിന് പിറകേ ബംഗാളില്‍ നിന്നുള്ള സിനിമാ താരങ്ങളെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തില്‍ ചേരാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയതും ബിജെപിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്തി ത്രിപുര പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ സഖ്യത്തിന്റെ ഭാഗമാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് തൃണമൂല്‍. അതേസമയം ത്രിപുരയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി.
ഫെബ്രുവരി ആറിന് മമത ത്രിപുരയില്‍ സന്ദര്‍ശനത്തിനെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിയൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്താനാണ് മമത സംസ്ഥാനത്തെത്തുന്നത്. അതേസമയം പുതിയ സഖ്യം ഉണ്ടാക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് തൃണമൂല്‍ തകര്‍ത്തിരിക്കുന്നത്. ത്രിപുരയില്‍ വിശാല സഖ്യം സാധ്യമായാല്‍ അത് ദേശീയ തലത്തില്‍ തന്നെ ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ മമത ബംഗാളിലെ സാഹചര്യം മുന്നില്‍ കണ്ട് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇത്തരമൊരു സഖ്യമുണ്ടായാല്‍ അത് ബംഗാളില്‍ തിരിച്ചടിയാവുമെന്ന് മമതയ്ക്ക് നന്നായിട്ടറിയാം. ബിജെപി ഇത് വലിയ പ്രചാരണമാക്കുകയും ചെയ്യും.
കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളിലും ത്രിപുരയിലും യാതൊന്നും നഷ്ടപ്പെടാനുമില്ല. തൃണമൂല്‍ തീര്‍ച്ചയായും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലേക്കില്ല. യാതൊരു തിരഞ്ഞെടുപ്പ് ധാരണയ്ക്കുമില്ല. കാരണം സിപിഎം ഭരണത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദുരിതമായിരുന്നു. അങ്ങനെയുള്ളവര്‍ ഒരിക്കലും ആ സഖ്യത്തിന് വോട്ട് ചെയ്യില്ലെന്നും ബിശ്വാസ് പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സഖ്യത്തിനുണ്ടായ അതേ തിരിച്ചടി ഇത്തവണ അവര്‍ക്ക് ത്രിപുരയിലുണ്ടാവും. അതുകൊണ്ടാണ് ആ സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ബിശ്വാസ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ജയസാധ്യതയുള്ള സീറ്റുകളിലെല്ലാം മത്സരിക്കും. മറ്റ് പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തൃണമൂല്‍ തയ്യാറാണെന്നും ബിശ്വാസ് വ്യക്തമാക്കി.