രാവിലെ നടക്കാനിറങ്ങുമ്പോള്‍ റോഡില്‍ ഒരു വലിയ സ്വര്‍ണ ക്യൂബ് കണ്ടാലോ? അതും സ്വര്‍ണത്തിന്‍റെ വില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകുന്ന ഇക്കാലത്ത്. തീര്‍ച്ചയായും അന്തംവിടുമല്ലേ? അത്തരമൊരു സ്വര്‍ണ ദൃശ്യം കണ്ടതിന്‍റെ നടുക്കത്തിലാണ് ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ പ്രഭാത നടത്തക്കാര്‍.
ഇത്രയും വിലയുള്ള സമ്മാനം എങ്ങനെ റോഡരികില്‍ വന്നുവെന്ന സംശയമായി പിന്നീട്. ഒടുവില്‍ 87 കോടി(11.7 മില്യണ്‍ ഡോളര്‍) രൂപയോളം മൂല്യമുള്ള സ്വര്‍ണ ക്യൂബിന്‍റെ സംരക്ഷണത്തിനായി സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയതോടെ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. പിന്നെയാണ് സംഭവത്തിന് പിന്നലെ കഥ മനസിലായത്.
യഥാർഥത്തിൽ ജർമ്മൻ കലാകാരൻ നിക്ലാസ് കാസ്റ്റെല്ലോയുടെ ഒരു കലാസൃഷ്ടിയായിരുന്നു ഇത്. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഈ ക്യൂബിന്‍റെ ഭാരം 186 കിലോഗ്രാമാണ്. ഒരു പരസ്യത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്യൂബ് നിര്‍മിച്ചത്.
ഈ സൃഷ്ടിയുടെ നിർമാണത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. കൈ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക തരം ചൂളയിലാണ് ഈ സ്വർണ ക്യൂബ് ഉണ്ടാക്കിയിരിക്കുന്നത്. 1100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂള ചൂടാക്കി അതിൽ സ്വർണം എടുത്ത് ഉരുക്കിയാണ് ഇത് ക്യൂബ് രൂപത്തിലേക്ക് മാറ്റിയത്. ഏകദേശം 4,500 മണിക്കൂറിലധികം എടുത്തു, ഒന്നരയടിയില്‍ കൂടുതല്‍ വലിപ്പവും ഭാരവുമുള്ള ഈ സ്വർണ ക്യൂബ് നിർമിച്ചിരിക്കുന്നത്. വാൾസ്ട്രീറ്റിലെ സിപ്രിയാനി ഹോട്ടലിൽ നടന്ന ഒരു സ്വകാര്യ ഡിന്നറിലാണ് ക്യൂബ് അനാവരണം ചെയ്തത്. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.