സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലം ലഭിക്കുക. വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനായി 0483 2712369 എന്ന ഫോണ്‍ നമ്പറും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
ഈ വര്‍ഷം 82 കേസുകളിലായി 35 കോടിയുടെ 65 കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതില്‍ 25 കേസുകള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലും കണ്ടെത്തി. അനധികൃതമായി വിദേശ കറന്‍സികള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസുകളുടെ എണ്ണം 12 ആണ്. 90 ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് ഈ കേസുകളില്‍ നിന്നും കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢ ബന്ധമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത് വന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും സ്വര്‍ണ്ണക്കടത്ത് സംഘം ഇടപെടുന്നതായുള്ള റിപ്പോര്‍ട്ട് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് റിസോര്‍ട്ടുകളില്‍ സ്വര്‍ണ്ണക്കടത്ത് സംഘം പാര്‍ട്ടി നടത്തിയതിന്റെ തെളിവുകളും ഐബിക്ക് ലഭിച്ചതായാണ് സൂചന. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തിന് കവചം ഒരുക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐബി റിപ്പോര്‍ട്ടിലുള്ളത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിനും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ട്. ഡ്യൂട്ടി പട്ടിക പ്രതിദിനം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനാണ് കൈമാറുന്നതെന്നാണ് ഐ ബി യുടെ മറ്റൊരു കണ്ടെത്തല്‍.സ്വര്‍ണ്ണം കടത്തുന്ന യാത്രികന്റെ പാസ്പോര്‍ട്ടും മറ്റ് വിവരങ്ങളും സ്വര്‍ണ്ണക്കടത്ത് സംഘം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്വര്‍ണ്ണവുമായി എത്തുന്ന ഈ യാത്രികനെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക എന്നതാണ് കസ്റ്റസ് ഉദ്യോഗസ്ഥരുടെ ചുമതല. സ്വര്‍ണ്ണക്കടത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റാനും ഉന്നത തലങ്ങളില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ട്.