ഒരുകാലത്ത് ഇന്ത്യന്‍ പൗരന്മാരായിരുന്നവര്‍. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പോയി ആ രാജ്യത്തെ പൗരത്വം സ്വീകരിച്ചവര്‍. നമ്മുടെ നാട്ടിലുമുണ്ട് അത്തരം നിരവധി ആളുകള്‍. ഇന്ത്യന്‍ വംശജരാണെങ്കിലും തലമുറകളായി വിദേശത്ത് പാര്‍ക്കുന്നവര്‍. ഇവര്‍ രാജ്യമുപേക്ഷിച്ച് പോകുമ്പോള്‍ അവരുടെ ഭൂമിയും മറ്റ് സ്വത്ത് വകകളും എന്ത് ചെയ്യും? സാധാരണയായി വിറ്റ് പണമാക്കി സൂക്ഷിക്കും. അല്ലെങ്കില്‍ മറ്റാരെയെങ്കിലും നോക്കാനേല്‍പ്പിച്ച് ആദായമെടുക്കും. ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത്തരത്തില്‍ ഇന്ത്യയില്‍ സ്വത്ത് ഉപേക്ഷിച്ച് പോയവര്‍ക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്. പേടിക്കണ്ട, നമ്മുടെ നാട്ടില്‍ നിന്ന് യൂറോപ്പിലേക്കോ ഗള്‍ഫ് രാജ്യങ്ങളിലേക്കോ പോയി പൗരത്വം സ്വീകരിച്ചവരെ ഈ നടപടി ബാധിക്കില്ല.. മറിച്ച് ചൈന, പാക്കിസ്ഥാന്‍ എന്നീ ശത്രുരാജ്യങ്ങളിലേക്ക് പോയവരുടെ സ്വത്തിനാണ് പിടിവീഴുക. അതെ, പാക്കിസ്ഥാനിലെയും ചൈനയിലെയും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ രാജ്യത്ത് ഉപേക്ഷിച്ച ശത്രു സ്വത്തുക്കള്‍ ഒഴിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നടപടികളാണ് അമിത്ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിനുംശേഷം ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവര്‍ ഉപേക്ഷിച്ച സ്വത്തുക്കളില്‍ നിന്ന് ധനസമ്പാദനം നടത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഏകദേശം ഒരു ലക്ഷം കോടി രൂപ രൂപയോളം വിലമതിക്കുന്നതാണ് ഈ സ്വത്തുക്കള്‍. എനിമി പ്രോപ്പര്‍ട്ടി ആക്റ്റിന് കീഴില്‍ സൃഷ്ടിച്ച അതോറിറ്റിയായ കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി ഫോര്‍ ഇന്ത്യയില്‍ നിക്ഷിപ്തമായ, ശത്രു സ്വത്ത് എന്ന് വിളിക്കപ്പെടുന്ന 12,611 പ്രോപ്പര്‍ട്ടികളുണ്ട് ഇന്ത്യയില്‍.
എന്താണ് ആഭ്യന്തര മന്ത്രാലയത്തിന് കണ്ണില്‍ക്കരടായ ഈ ശത്രുസ്വത്തുക്കള്‍? വിഭജന വേളയില്‍ പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്ത് വകകളാണ് ശത്രു സ്വത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. അതായത് ശത്രു രാജ്യത്തിന് വേണ്ടി കൈവശം വച്ചിരിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏത് വസ്തുവും ശത്രുസ്വത്തില്‍പ്പെടും.1965-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് 1968-ലാണ് ഈ നിയമം ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്നത്. ശത്രു സ്വത്തവകാശ നിയമം ഇന്ത്യന്‍ സര്‍ക്കാരിനെ ശത്രു സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അവ കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി ഫോര്‍ ഇന്ത്യയില്‍ നിക്ഷിപ്തമാക്കാനും അനുവദിക്കുന്നു. കണ്ടെടുക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിറ്റശേഷം ഇതില്‍ നിന്നുള്ള വരുമാനം ഇന്ത്യന്‍ സര്‍ക്കാരിലേക്കെത്തുന്നു. ശത്രു സ്വത്തുക്കളില്‍ നിന്നുള്ള ധനസമ്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ 2020-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. നിലവില്‍ കണ്ടെത്തിയ 12,611 വസ്തുവകകളില്‍ 12,485 എണ്ണം പാകിസ്ഥാന്‍ പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഒരു കോടി രൂപയില്‍ താഴെ വിലയുള്ള ശത്രു സ്വത്തുക്കള്‍ ആദ്യം താമസക്കാരന്‍ ആരാണോ അവര്‍ക്ക് വാങ്ങാനുള്ള അവസരം നല്‍കും. വാങ്ങാനുള്ള ഓഫര്‍ നിരസിച്ചാല്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വസ്തുവകകള്‍ വിനിയോഗിക്കും.ഒരു കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയില്‍ വിലമതിക്കുന്ന ശത്രു സ്വത്തുക്കള്‍, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതുപോലെ, ഇ-ലേലത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ വില്‍ക്കും. പബ്ലിക് എന്റര്‍പ്രൈസസിന്റെ ഇ-ലേല പ്ലാറ്റ്ഫോമായ മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇത്തരത്തിലുള്ള ശത്രു സ്വത്തുക്കളുടെ ഇ-ലേലത്തിനായി കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി ഫോര്‍ ഇന്ത്യ ഉപയോഗിക്കും.ഏറ്റവും കൂടുതല്‍ ശത്രു സ്വത്തുക്കള്‍ കണ്ടെത്തിയത് ഉത്തര്‍പ്രദേശിലും, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ത്രിപുര, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നാണ്. 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ശത്രു സ്വത്തുക്കളുടെ ദേശീയ സര്‍വ്വേ ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്.