മുഖ്യമന്ത്രിവിമര്‍ശിച്ചു! ഗവര്‍ണ്ണര്‍പ്രതികരിക്കും എന്ന് കരുതി.. പക്ഷേ സംഭവിച്ചത് മറ്റൊന്ന്

Breaking News Kerala

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വേദിയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഇപ്പോഴും ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്നതിനെയാണ് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. കേരളത്തില്‍ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതകാല കാലതാമസമുണ്ടാകുന്നതും വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല, രാജ്യവും നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരളത്തിന്റെ വളര്‍ച്ചയുടെ ചരിത്രം പറയുമ്പോള്‍ അത് ശ്രീമൂലം പ്രജാസഭയുടെ കാലം തൊട്ട് പറയേണ്ടതുണ്ട്. അവിടെ കുമാരനാശാന്റെയും അയ്യങ്കാളിയുടെയും ശബ്ദങ്ങള്‍ സാമൂഹ്യനീതിക്കായി ഉയര്‍ന്നു. ആ പാതയിലൂടെയാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ഇന്ത്യയ്ക്ക് മൂന്ന് തൂണുകളാണുള്ളത്. ആ മൂന്ന് തൂണുകളുടെയും അധികാരങ്ങളില്‍ പരസ്പരനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയെ അവഗണിച്ച് ഒരു ശാഖ മറ്റൊരു ശാഖയില്‍ കൈകടത്തുന്നുവെന്ന പരാതി ശക്തമാണ്. ആ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കുശേഷം സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചില്ല. എന്നാല്‍ കേരളത്തിന്റെ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങളെ പുകഴ്ത്തി. ഈ നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ജനജീവിതത്തിലും വലിയ ചലനമുണ്ടാക്കി. ആദ്യത്തെ നിയമസഭ മുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും നമ്മുടെ ജനാധിപത്യത്തെയും ആരോഗ്യസംവിധാനത്തെയും കരുത്തുറ്റതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് നമ്മുടെ സാമാജികരില്‍ നിന്നുണ്ടായത്.രാജ്യത്തെ ഏറ്റവും പുരോഗമനപരമായ പല നിയമനിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമെന്ന് കരുതിയ ഗവര്‍ണര്‍ സദസിന്റെ കയ്യടി നേടിയെടുത്തതും കൗതുകമായി. തന്റെ പ്രസംഗത്തിന്റെ പകുതി ഭാഗത്തോളം മലയാളത്തില്‍ പറഞ്ഞതോടെയാണ് ഗവര്‍ണര്‍ക്ക് സദസിന്റെ നിറഞ്ഞ കൈയടി ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രൗഢവും മനോഹരവുമായ മന്ദിരങ്ങളിലൊന്നാണ് കേരള നിയമസഭാ മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തെ കുറച്ചു ഭാഗമേ ഇംഗ്ലീഷില്‍ പറഞ്ഞുള്ളൂവെന്നതും ശ്രദ്ധേയമായി.

 

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.