തായ്വാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ചൈനയ്ക്ക് കൈ കൊടുത്തിരിക്കുകയാണ് ഹോണ്ടുറാസ് എന്ന ലാറ്റിനമേരിക്കന്‍ രാജ്യം. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിച്ചതോടെ തായ്വന്റെ ജനാധിപത്യ പോരാട്ടത്തിനേറ്റ ഏറ്റവും വലിയ അടിയാണിത്. തായ്വാനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണുന്ന ചൈന, തായ്വാനെ അംഗീകരിക്കുന്ന ഒരു രാജ്യവുമായും നയതന്ത്രബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ 40 വര്‍ഷമായി ഞങ്ങളുടെ നയതന്ത്ര സഖ്യകക്ഷിയായ തായാ്വാനുമായി ഭാവിയില്‍ സഹകരണത്തിനില്ല- ഹോണ്ടുറാസ് സര്‍ക്കാര്‍ തായ്വാനെ അറിയിച്ചു. തായ്വാനുമായി ഔദ്യോഗിക ബന്ധം പുനസ്ഥാപിക്കില്ലെന്നും ഹോണ്ടുറാസിന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോണ്ടുറാസിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ബന്ധം ഔപചാരികമായി വിച്ഛേദിക്കപ്പെട്ടതായി തായ്വാനും സ്ഥിരീകരിച്ചു. ദേശീയ പരമാധികാരവും അന്തസ്സും സംരക്ഷിക്കുന്നതിനായി, ഹോണ്ടുറാസുമായുള്ള നയതന്ത്രബന്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ഉഭയകക്ഷി സഹകരണ പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഞങ്ങള്‍ തീരുമാനിച്ചു,’ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. തായ്പേയിലെ എംബസി അടച്ചുപൂട്ടാന്‍ തായ്വാന്‍ ഹോണ്ടുറാസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹോണ്ടുറാസിന്റെ തീരുമാനം വളരെ ഖേദകരമാണ്. തായ്വാനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും പരസ്പരം കീഴ്പ്പെട്ടവരല്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞു.
എന്താണ് ചൈന തായ്വവാന് മേല്‍ ഉന്നയിക്കുന്ന അധികാരം? പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെന്നാല്‍ മെയിന്‍ലാന്‍ഡ് ചൈന എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന, ഷീ ജിന്‍പിങ്ങിന്റെ ചൈനയാണ്. എന്നാല്‍, റിപ്പബ്ലിക്ക് ഓഫ് ചൈന അഥവാ, തായ്വാന് മേലെയാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ കണ്ണ്.2,500 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ ദ്വീപ് രാഷ്ട്രത്തിന്. 17-ാം നൂറ്റാണ്ടില്‍ ക്വിങ് സാമ്രാജ്യത്തിന് കീഴിലായിരുന്നു തായ്വാന്‍. ഇതാണ് രാജ്യത്തിന് മുകളിലെ ആദ്യത്തെ ചൈനീസ് ആധിപത്യമായി കരുതപ്പെടുന്നത്. മാവോ സെ തുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചിയാങ് കയ്- ഷെക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയും കൂട്ടരും ആഭ്യന്തര യുദ്ധം വിജയിക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. പരാജയപ്പെട്ട കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തായ്വാനിലേക്ക് കുടിയേറ്റമുണ്ടായി. ഇവിടെ അവര്‍ തങ്ങളാണ് യഥാര്‍ഥ ചൈനയെന്ന് അവകാശപ്പെട്ട് ഭരണം സ്ഥാപിച്ചു. പിന്നീട് ദശാബ്ദങ്ങളോളം അവര്‍ തായ്വാന്‍ ഭരിച്ചു. അതേസമയം, ബീജിങ്ങില്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിച്ചു ഭരണം തുടങ്ങി. ഇതാണ് തായ്വാന്‍ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടാന്‍ കമ്മ്യൂണിസ്റ്റ് ചൈന പറഞ്ഞുവയ്ക്കുന്ന ചരിത്രം. എന്നാല്‍ തങ്ങള്‍ ആധുനിക ചൈനയുടെയോ ചൈനീസ് റിപ്പബ്ലിക്കിന്റെയോ ഭാഗമല്ലെന്നും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്നുമാണ് തായ്വാന്‍ അവകാശപ്പെടുന്നത്.
മറ്റ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ക്ക് അവകാശമില്ലാത്ത പ്രവിശ്യകളിലൊന്നായാണ് ചൈന തായ്വാനെ കാണുന്നത്. ഷി ജിന്‍പിങ്ങിന്റെ കീഴില്‍, ചൈന തായ്വാനില്‍ സൈനിക, നയതന്ത്ര, സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്, തായ്‌വാന്റെ സഖ്യകക്ഷികളെ കൂറ് മാറാന്‍ പ്രേരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കും ചൈന ചുക്കാന്‍ പിടിക്കുന്നുണ്ട്. ചുരുക്കത്തില്‍ വെടക്കാക്കി തനിക്കാക്കുക എന്ന നെറികെട്ട തന്ത്രം. ഹോണ്ടുറാസിന് മോഹനവാഗ്ദാനങ്ങളാണ് ചൈന നല്‍കിയിരിക്കുന്നത്. ചൈനയുടെ സഹായം കൈപ്പറ്റിയ ശ്രീലങ്കയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ലോകത്തിനൊന്നടങ്കം അറിവുള്ളതാണ്. ആ കെണിയിലേക്കാണ് ഇപ്പോള്‍ ഹോണ്ടുറാസും ഈയാംപാറ്റയെ പോലെ എടുത്തുചാടിയിരിക്കുന്നത്.