പൂനെ: ബസ് ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആദ്യമായി ജീവിതത്തില്‍ ബസ്സിന്റെ വളയം പിടിച്ച് 42 കാരിയായ വീട്ടമ്മ. പൂനെയ്ക്ക് സമീപംമാണ് സംഭവം. ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പോയതായിരുന്നു . ഡ്രൈവര്‍ ബോധരഹിതനായതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.
ഇരുപത് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ 28 ഓളം യാത്രക്കാരാണ് മിനി ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ അബോധാവസ്ഥയിലായപ്പോള്‍ ഡ്രൈവറുടെ മുഖത്ത് വെള്ളം തളിച്ചെങ്കിലും പ്രതികരിച്ചില്ല. ഇതിനിടെയാണ് യാത്രാസംഘത്തില്‍നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ രക്ഷകയായി എത്തിയത്. യോഗിത പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് യാത്രക്കാരെയെല്ലാം സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കാര്‍ ഓടിച്ച് എനിക്ക് പരിചയമുണ്ടായിരുന്നു. അതിനാലാണ്, ബസ് ഓടിക്കാന്‍ തീരുമാനിച്ചത്. ആദ്യ ലക്ഷ്യം ഡ്രൈവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു. അതിനാല്‍, അടുത്തുള്ള ആശുപത്രിയിലേക്കാണ് വണ്ടി ഓടിച്ചത്. അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചു’യോഗിത പറഞ്ഞു. പിന്നീട് മറ്റൊരു ബസ് ഡ്രൈവര്‍ സ്ഥലത്തെത്തി അസുഖബാധിതനായ ഡ്രൈവറെ ശിക്രാപുര്‍ ആശുപത്രിയിലേക്ക് മാറ്റുകയും യാത്രാ സംഘത്തിലുള്ള സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു. സാതവ് ബസ് ഓടിക്കുന്നതിന്റെ വീഡിയോ
ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.