ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ഗാനം എന്നാണ് അദ്ദേഹം നാട്ടു നാട്ടു എന്ന അഭിമാനഗാനത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ കുറിപ്പും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. അസാധാരണം! നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോള തലത്തില്‍ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്ന ഗാനമാണത്. എംഎം കീരവാണിക്കും ചന്ദ്രബോസിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു- പ്രധാനമന്ത്രി കുറിച്ചു. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ’ദ എലിഫന്റ് വിസ്പറേഴ്‌സ്’ നെയും അദ്ദേഹം അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവര്‍ മികച്ച രീതിയില്‍ തുറന്നുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് നാട്ടു നാട്ടു സ്വന്തമാക്കിയത്. സംഗീത സംവിധായകന്‍ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.പുരസ്‌കാരം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നതായി കീരവാണി വ്യക്തമാക്കി. രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, കീരവാണി, ചന്ദ്രബോസ്, രാം ചരണ്‍, ഉപാസന രാം ചരണ്‍, കാല ൈഭരവ, രാഹുല്‍ സിപ്ലിഗുഞ്, പ്രേം രക്ഷിത് എന്നിവര്‍ ഓസ്‌കര്‍ ചടങ്ങിനെത്തിയിരുന്നു. ഓസ്‌കറിലെങ്ങും നാട്ടു നാട്ടു തരംഗമായിരുന്നു. ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ചുവടുവച്ചപ്പോള്‍ ഹോളിവുഡിലെ വമ്പന്‍ താരങ്ങളടക്കം പാട്ടില്‍ മുഴുകി. തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം. തമിഴിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എവരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രമാണ്. മികച്ച നടനുള്ള പുരസ്‌കാരം ബ്രെണ്ടന്‍ ഫ്രേസര്‍ നേടി. ദ വെയ്ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മിഷെല്‍ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് മിഷേല്‍ യോ. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച ചിത്രം, മികച്ച നടി, മികച്ച സഹനടന്‍ ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. ജെയ്മീ ലീ കര്‍ട്ടിസ് ആണ് മികച്ച സഹനടി.