ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ജപ്പാന്റെ കോളനിയായിരുന്നു ദക്ഷിണ കൊറിയ എന്ന് നമുക്കറിയാം. രണ്ടാം ലോക മഹായുദ്ധം അവസാനിക്കും വരെ അത് തുടരുകയും ചെയ്തു. ഏത് രാജ്യത്തെയും അടിമകളാക്കി ഭരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജപ്പാന്‍ ദക്ഷിണ കൊറിയയ്ക്ക് ചെയ്ത ദ്രോഹങ്ങള്‍ കുറവല്ല. അടിമകളാക്കി ഭരിക്കുന്നതായിരുന്നു ജപ്പാന്റെ നയം. ദക്ഷിണ കൊറിയയിലെ പുരുഷന്മാരെ ജപ്പാനിലെ ഖനികളിലും ഫാക്ടറികളിലും അടിമകളെപ്പോലെ പണിയെടുപ്പിച്ചു. സ്ത്രീകളെ ചൂഷണം ചെയ്ത് ലൈംഗിക അടിമകളാക്കി. ദുഷിച്ച ആ കോളനി വാഴ്ചക്കാലം നല്‍കിയ മുറിവുകള്‍ ദക്ഷിണ കൊറിയയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അയല്‍രാജ്യമായിട്ട് പോലും സമവായത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. എന്നാലിപ്പോഴിതാ പന്ത്രണ്ട് വര്‍ഷത്തെ തര്‍ക്കങ്ങള്‍ മറന്ന് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജപ്പാനില്‍ കാലുകുത്തിയിരിക്കുന്നു. ചരിത്രനിമിഷമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക-സുരക്ഷാ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കുന്നതോടെ ഏഷ്യ പസഫിക് മേഖലയില്‍ ഉത്തര കൊറിയയും ചൈനയും ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും പരിഹാരമാകുമെന്നാണ് ഇന്ത്യയുള്‍പ്പെടെ പ്രത്യാശിക്കുന്നത്. ടോക്കിയോയില്‍ വച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ സുപ്രധാന നാഴികക്കല്ലായിരിക്കുന്നു. 2022, നവംബര്‍ 13ന് കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും പരസ്പരം കൈ കൊടുത്ത് ആശംസകള്‍ കൈമാറി മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോക്യോയില്‍ ചരിത്ര മുഹൂര്‍ത്തം പിറന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ക്രമാതീതമായി വര്‍ധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്കിയോ ചര്‍ച്ചയിലെ ഒരു പ്രധാനവിഷയം. ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ നയത്തിലും സൈനിക സഹകരണത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യക്ഷാമം അടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉത്തരകൊറിയ നേരിടുന്നുണ്ടെങ്കിലും ഭരണാധികാരി കിം ജോങ് ഉന്നും സംഘവും പ്രഹരശേഷി കൂടിയ മിസൈല്‍ വികസിപ്പിക്കുന്നതിന്റെയും മിസൈല്‍ പരീക്ഷണങ്ങളുടെയും തിരക്കിലാണ്. ആണവായുധങ്ങള്‍ പരീക്ഷിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചൈനയാവട്ടെ ദക്ഷിണ പസഫിക് മേഖലയിലെ ആയിരത്തോളം ദ്വീപുകളടങ്ങിയ സോളമന്‍ ദ്വീപുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടകത്തി സഖ്യകഷികളെ ആശങ്കയിലാക്കുകയാണ്. തായ്‌വാനിലേക്ക് എപ്പോള്‍ വേണമെങ്കിലും ചൈന കടന്നുകയറിയേക്കാം. ആക്രമണ സാധ്യതയാണ് അയല്‍ രാജ്യമായ ജപ്പാനെ ആശങ്കപ്പെടുത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചൈന റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതും അന്താരാഷ്ട്ര ആശങ്കകളുടെ രൂക്ഷതയും വര്‍ധിപ്പിക്കുകയാണ്. ഷി ചിന്‍പിങ്ങ് പുടിനെ നേരില്‍ക്കണ്ട് ഉറ്റസുഹൃത്ത് എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിപ്പോള്‍. ദക്ഷിണ കൊറിയയുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത് ജപ്പാന്റെ നയതന്ത്ര വിജയമാണ്.
യാതൊരു സമവാക്യത്തിനും തയ്യാറാകാത്ത കിം ജപ്പാനും ദക്ഷിണകൊറിയയും ഒന്നിച്ചതില്‍ അസ്വസ്ഥനാണ്. കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് ജപ്പാന്റെ വടക്ക് സമുദ്രത്തിലേക്ക് കിം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആ അസ്വസ്ഥതയുടെ ഭാഗമായുണ്ടായ ശക്തിപ്രകടനമാണെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ട് ദീര്‍ഘദൂര മിസൈല്‍ ഉള്‍പ്പെടെ നാല് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17 ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്. അമേരിക്കയ്ക്കും ചൈനയ്ക്കുമെതിരേയുള്ള കിമ്മിന്റെ പരസ്യമായ വെല്ലുവിളികളും ഭീഷണിയും വേറെയുമുണ്ട്. അര മണിക്കൂര്‍ കൊണ്ട് അമേരിക്കയെ തകര്‍ത്തു തരിപ്പണമാക്കാന്‍ ശേഷിയുള്ള ആയുധം ഉത്തര കൊറിയയുടെ കൈയിലുണ്ടെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ ജേണലായ ‘മോഡേണ്‍ ഡിഫന്‍സ് ടെക്നോളജി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകരാജ്യങ്ങള്‍ പുതിയ സമവാക്യങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യ ആരുടെ പക്ഷം പിടിക്കുമെന്നതും സുപ്രധാനമാണ്.