നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 17 നും ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 3നും ജനുവരി 6നും അവസാനിക്കും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളുടെ കാലാവധി തീരുന്നത് ജനുവരി 14 നും ജനുവരി 16 നുമാണ്. ഷെഡ്യൂള്‍ ചെയ്ത തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മധ്യപ്രദേശില്‍ ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നതോടെ ഭിന്നതകള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പട്ടിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ്മയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഒറ്റ ഘടകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടി തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 2014ല്‍ മോദി അധികാരത്തിലേറിയ കാലം മുതല്‍ തുടരുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മധ്യപ്രദേശില്‍ മാറ്റിപ്പിടിച്ചേക്കാം.
പക്ഷേ, കര്‍ണാടകയിലെ അവസ്ഥ തെലങ്കാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ട്. ജനങ്ങളെ കയ്യിലെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ പറ്റിയ പ്രാദേശിക നേതാക്കളില്ലെന്നത് വലിയ പ്രശ്‌നമാണ്. യുപിയിലെ യോഗി ആദിത്യനാഥിന്റെയോ അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെയോ പോലെ ജനകീയാടിത്തറയുള്ളവര്‍ ഈ സംസ്ഥാനങ്ങളില്‍ കുറവാണ്. കെ. ചന്ദ്രശേഖരറാവു, കമല്‍നാഥ്, അശോക് ഗെലോട്ട് തുടങ്ങിയ പ്രതിപക്ഷത്തെ ജനകീയ നേതാക്കളെ നേരിടുമ്പോള്‍ അതു വലിയ വിഷയവുമാകാനിടയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.മധ്യപ്രദേശില്‍ 40% വരെയെങ്കിലും നിലവിലുള്ള എംഎല്‍എമാരെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പാര്‍ട്ടി നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണിത്. അതുണ്ടാക്കിയേക്കാവുന്ന വിമതഭീഷണി ഹിമാചലിലും കര്‍ണാടകയിലും പാര്‍ട്ടി അനുഭവിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയിലേക്കു വന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യ ഒരേസമയം അനുഗ്രഹവും ശാപവുമാണ് ബിജെപിക്ക്. ശിവരാജ് സിങ് ചൗഹാനു പകരം പാര്‍ട്ടി അധ്യക്ഷന്‍ വി.ഡി. ശര്‍മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നെങ്കിലും ഇപ്പോള്‍ സിന്ധ്യയും അതിനായി വടംവലി നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിന്റെ പിന്തുണയുള്ള വി.ഡി.ശര്‍മയെ വേണോ കൂടുതല്‍ ജനകീയനായ സിന്ധ്യയെ വേണോ എന്നത് തലവേദനയുണ്ടാക്കുന്ന ചോദ്യമാണ്. സിന്ധ്യയെ പുറത്ത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അത് ആയുധമാക്കുമെന്നും ഉറപ്പാണ്. മോദിയും അമിത്ഷായും നദ്ദയും ചേര്‍ന്ന് കൃത്യമായ തീരുമാനം എടുക്കേണ്ട നിര്‍ണ്ണായക സമയം കൂടിയാണിത്.