ഐഎസ്ഐഎസ് കേസില്‍ എറണാകുളം എന്‍ഐഎ കോടതി ശിക്ഷിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കണ്ണിയെ പോലെ ജോര്‍ജിയ വഴി സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാന്‍ സിദ്ദിഖ് കാപ്പനും പദ്ധതിയിട്ടിരുന്നോ?സിദ്ദിഖ് കാപ്പന്റെ ഐ എസ് ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ദില്ലിയില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ, ദക്ഷിണാഫ്രിക്ക സന്ദര്‍ശനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഇനിയും വെളിപ്പെട്ടിട്ടില്ല.
2017 ജനുവരി മെയ് മാസങ്ങള്‍ക്കിടയിലായിരുന്നു സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ സന്ദര്‍ശനം. ഇക്കാലയളവിലേക്കാണ് കാപ്പന്‍ ജോര്‍ജിയ വീസ എടുത്തത്. മുഹമ്മദ് പോളക്കണ്ണി ജോര്‍ജിയ തുര്‍ക്കി അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കാനാണ് പദ്ധതിയിട്ടത്. പക്ഷേ വിജയിച്ചില്ല. സിദ്ദിഖ് കാപ്പനും ഇതേ തരത്തില്‍ പദ്ധതിയുണ്ടായിരുന്നതായാണ് എന്‍ഐഎക്കു ലഭിച്ച സൂചന. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളില്‍ നിന്ന് പിഎഫ്ഐ ഐ എസ് ബന്ധത്തിന്റെ വ്യക്തമായ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഐ എസ് റിക്രൂട്ട്മെന്റ് ഏജന്‍സിയായി കേരളത്തിലെ മുതിര്‍ന്ന പി എഫ് ഐ നേതാക്കള്‍ പ്രവര്‍ത്തിച്ചു.
യുവാക്കളില്‍ ഐ എസ് ആഭിമുഖ്യം വളര്‍ത്താനുള്ള പ്രത്യേക ക്ലാസുകളും പി എഫ് ഐ സംഘടിപ്പിച്ചിരുന്നു. 2020 ഒക്ടോബര്‍ 5 ന് ഹഥ്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാനായി പോകവേയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും മഥുരയിലെ ടോള്‍ പ്ലാസയില്‍ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്.സിദ്ദിഖ് കാപ്പന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥ്രസിലേയ്ക്ക് പോയതെന്നാണ് യുപി പോലീസ് ആരോപണം.
ഒക്ടോബര്‍ ഏഴിന് പോലീസ് നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരം കാപ്പനെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷം വളര്‍ത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. കാപ്പനൊപ്പം യാത്ര ചെയ്തിരുന്ന അതീഖുര്‍ റഹ്‌മാന്‍, ആലം, മസൂദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.