കര്‍ണാടകയില്‍ ബജ്റങ് ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമന്‍സ് അയച്ച് പത്ത് ദിവസം പിന്നിടുന്നതിന് മുന്‍പേ അടുത്ത വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് മല്ലികാര്‍ജുന്‍ ഘാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ. അതെ, കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ നിരോധനം വീണ്ടും ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ ബജ്‌റംഗദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്നും ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നുമാണ് പ്രിയങ്ക് ഖര്‍ഗെയുടെ വിവാദ പ്രസ്താവന. പൊലീസുകാര്‍ കാവി ഷാളോ ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനുപുറകെയാണു നിരോധന വിഷയം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും ഹിജാബ് നിരോധനമുള്‍പ്പെടെയുള്ള ഉത്തരവുകളും പുനഃപരിശോധിക്കുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സാമ്പത്തിക അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങളെല്ലാം പിന്‍വലിക്കുമെന്നും നാഗ്പുരില്‍ ഇരിക്കുന്ന ആളുകളുടെ നിര്‍ദേശത്തെത്തുടര്‍ന്നുണ്ടാക്കിയ നിയമങ്ങള്‍ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനന്തരീക്ഷം തകര്‍ന്നാല്‍ ബജ്രംഗ് ദളാണോ ആര്‍.എസ്.എസാണോ എന്നൊന്നും നോക്കില്ല. നിയമം കൈയിലെടുത്താല്‍ നിരോധനമേര്‍പ്പെടുത്തും- പ്രിയങ്ക് പറഞ്ഞു.
അതേസമയം, പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ആളുകയാണ്. ഹിന്ദുക്കളോടുള്ള വിദ്വേഷം കാരണം കര്‍ണാടകയില്‍, കോണ്‍ഗ്രസ് ബജ്റംഗ്ദളിനെ നിരോധിക്കുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിരോധനത്തെ ഭയക്കുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വ്യക്തമാക്കിയിരുന്നു. കര്‍ണാടക ജയിച്ചെന്നുകരുതി ആര്‍എസ്എസിനും വിഎച്ച്പിക്കുമെതിരെ വാളെടുത്താല്‍ വെട്ടിലാകുന്നത് കോണ്‍ഗ്രസ് തന്നെയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്തായാലും കര്‍ണാടകയില്‍ വികസനം മുഖംമുദ്രയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉറച്ചിരിക്കും മുന്‍പേ ബിജെപി- ഹിന്ദു വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. മാത്രമല്ല, ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ത്ത കെ.ബി. ഹെഡ്ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങളും ചക്രവര്‍ത്തി സുളിബെലെ എഴുതിയ ഭാഗം പിന്‍വലിക്കണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്.