ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസിയുടെ ഡോക്യുമെന്റി നിരോധിച്ചതിന്റെ പേരില്‍ പലരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു കൊണ്ട് ബിബിസി തയ്യാറാക്കിയ ഡൊക്യുമെന്ററിയില്‍ ഇന്ത്യന്‍ സുപ്രീം കോടതി വിധി പറഞ്ഞ ഒരു കേസിനെ കുറി്ച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. പല വിദ്യാര്‍ത്ഥി സംഘടനകളും ഈ ചിത്രം സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വിവാദ ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില് ആണ് ബിബിസിയുടെ ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി ഹൈദരാബാദ് യൂണിവേഴ്സ്റ്റിയില്‍ എസ് എഫ് ഐ പ്രദര്‍ശിപ്പിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ഇടത് സംഘടനകളും ഡോക്യുമെന്ററി പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് 400-ലധികം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു എന്ന് എസ് എഫ് ഐ അവകാശപ്പെടുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്യാമ്പസ് ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്യുന്നതായും എസ് എഫ് ഐ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, അതേസമയം ഇതിനെ പ്രതിരോധിച്ച് എ ബി വി പി യൂണിവേഴ്‌സിറ്റി കാമ്പസില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ സ്‌ക്രീനിംഗ് നടത്തി. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചാണ് പറയുന്നത്.
അതിനിടെ ക്യാംപസിനുള്ളില്‍ സിനിമാ പ്രദര്‍ശനം അനുവദിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നവും വരാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷകളും കണക്കിലെടുത്ത് സിനിമകളുടെ ഒരു പ്രദര്‍ശനവും നടത്തരുതെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ദേവേഷ് നിഗം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രോഗ്രാം ഷെഡ്യൂളുമായി മുന്നോട്ട് പോകും എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. നേരത്തെ സ്‌ക്രീനിംഗ് ഉപകരണങ്ങളുമായി സര്‍വ്വകലാശാല വളപ്പിലേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം എ ബി വി പി പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ് എഫ് ഐക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത് എന്നും എ ബി വി പി ചോദിച്ചിരുന്നു.
നേരത്തെ ജെ എന്‍ യു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞിരുന്നു. അതേസമയം കേരളത്തില്‍ ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും ബി ബി സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിട്ടുണ്ട്.