രാജ്യതലസ്ഥാനത്തുള്ള പ്രഗതി മൈതാനിയില്‍ ഉയരത്തില്‍ പാറിക്കൡക്കുന്ന നമ്മുടെ ത്രിവര്‍ണ്ണ പതാക. ഏതൊരു ഭാരതീയനും ഉള്ളില്‍ ദേശസ്‌നേഹം നിറയ്ക്കുന്ന അഭിമാനക്കാഴ്ച. സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിതയില്‍ തുടങ്ങി സ്വാതന്ത്ര്യസമരസേനാനിയും കറകളഞ്ഞ ഗാന്ധിഭക്തനുമായ പിന്‍ഗലി വെങ്കയ്യ എന്ന ആന്ധ്രാപ്രദേശുകാരന്‍ വരെ നീളുന്ന ചരിത്രം കൂടിയുണ്ട് നമ്മുടെ ദേശീയ പതാകയ്ക്ക്. പട്ടാളക്കാര്‍ക്കും പ്രവാസികള്‍ക്കും ദേശീയപതാക നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും പറയാറുണ്ട്. പ്രഗതി മൈതാനിയില്‍ ഈ മൂവര്‍ണ്ണക്കൊടിയ്ക്ക് പകരം മറ്റൊരു പതാക പാറുന്ന ചിത്രം രാജ്യസ്‌നേഹമുള്ള ഒരു പൗരനും ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാലിപ്പോഴിതാ അത്തരമൊരു വലിയ ഭീഷണി നമ്മെ തേടിയെത്തിയിരിക്കുന്നു.
വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനും കൂട്ടാളികള്‍ക്കും എതിരെ പഞ്ചാബ് പോലീസിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്ത്യന്‍ പതാകയ്ക്ക് പകരം ഖാലിസ്ഥാനി പതാക സ്ഥാപിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുുംബൈയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ വ്യക്തിക്കാണ് ഫോണിലേക്ക് റെക്കോര്‍ഡഡ് ഓഡിയോ സന്ദേശം ലഭിച്ചത്. പ്രഗതി മൈതാനം കൈക്കലാക്കുമെന്നും ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക വലിച്ചെറിയുമെന്നും ഖാലിസ്ഥാന്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. നരേന്ദ്ര മോദിയെയും അമിത് ഷായെയും ശബ്ദസന്ദേശത്തില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഓഡിയോ സന്ദേശം ലഭിച്ചയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബറില്‍ പ്രഗതി മൈതാനത്ത് ജി20 സമ്മേളനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഈ സാഹചര്യത്തില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണി ഗൗരവതരമായാണ് കേന്ദ്രസര്‍ക്കാര്‍ വീക്ഷിക്കുന്നത്.
എന്തായാലും ദേശീയപതാക ഉയര്‍ത്തുന്നതിനും ദേശസ്‌നേഹത്തോടെ പതാകയെ വന്ദിക്കുന്നതിനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഭരണകൂടത്തിനുള്ളപോലെതന്നെ രാജ്യത്തെ ഓരോ പൗരനുമുണ്ട്. പതാകയുടെ നിര്‍മാണം മുതല്‍ പതാക ഉയര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഉപയോഗപ്രദമല്ലാത്ത നിലയില്‍ അഴുക്കുപിടിച്ചും കീറിയതുമായ പതാകകളുടെ നിര്‍മ്മാര്‍ജ്ജനത്തിനുവരെ ഇന്ത്യന്‍ പതാക നിയമത്തില്‍ എണ്ണിപ്പറയുന്ന നിബന്ധനകള്‍ രാജ്യത്തെ ഓരോപൗരനും അറിഞ്ഞിരിക്കേണ്ടതും അസനുസരിക്കേണ്ടതുമാണ്. ഇന്ത്യന്‍ പതാക നിയമത്തില്‍ വ്യക്തമായ നിബന്ധനകളും വിലക്കുകളും അക്കമിട്ടു നിരത്തിയിട്ടുണ്ട്. എന്നാല്‍ നമ്മിലെത്ര പേര്‍ക്ക് ഇത് കൃത്യമായറിയാം ?എത്ര പേര്‍ കൃത്യമായി പാലിക്കുന്നുണ്ട് ?ദേശീയ പതാകയെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കും നിങ്ങള്‍ക്കും ഒരുപോലെയുണ്ടെന്നിരിക്കെ സ്വയം ആത്മപരിശോധന നടത്തേണ്ട അവസരം കൂടിയായി ഇതിനെ കണക്കാക്കാം.