രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചുകഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരം. എല്ലാ സംസ്‌കാരങ്ങളുടെയും സയന്വയം. മന്ദിരം നിര്‍മ്മാണത്തില്‍ പങ്കാളികളായ 60,000 തൊഴിലാളികളെ പ്രധാനമന്ത്രി മോദി ആദരിക്കുന്നതിനൊപ്പം എല്ലാവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു. അധികാരകൈമാറ്റത്തെ പ്രതിനിധീകരിച്ച് ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് വൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭു കൈമാറിയ ചെങ്കോല്‍ പുതിയ പാര്‌ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിന് സമീപം സ്ഥാപിക്കുമെന്നും ആഭ്യന്തമന്ത്രി ഇന്നലെ രാജ്യത്തോട് വെളിപ്പെടുത്തിയിരുന്നു. അലഹാബാദിലെ നെഹ്രുകുടുംബത്തിന്റെ വസതിയായ ആനന്ദഭവന്‍ കാഴ്ചബംഗ്ലാവായി മാറിയപ്പോള്‍ ചെങ്കോല്‍ അവിടെ സൂക്ഷിച്ചു. പിന്നീട് പ്രയാഗ് രാജായിമാറിയ അലഹാബാദില്‍നിന്നാണ് അത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ചെങ്കോലില്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രത്യേകത. മഹാത്മാഗാന്ധി, ചാണക്യന്‍ തുടങ്ങിയവരുടെ പ്രതിമകളും പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലുണ്ടാകും. മാത്രമല്ല, പാര്‍ലമെന്റ് മന്ദിരത്തിന് പുതിയ പേര് ലഭിക്കാനുള്ള സാധ്യതകളുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാത്മാഗാന്ധി, ചാണക്യന്‍. സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബിആര്‍ അംബേദ്കര്‍ തുടങ്ങിയ പേരുകളാണ് സാധ്യതാ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിലേക്കുള്ള മൂന്ന് എന്‍ട്രന്‍സുകളുടെ പേര് ഗ്യാന്‍ ധ്വാര്‍, ശക്തി ധ്വാര്‍, കര്‍മ്മ ധ്വാര്‍ എന്ന് ഇതിനോടകം പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്.
1952 ഏപ്രിലിലാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് നിലവില്‍വന്നത്. അതിനും രണ്ടുപതിറ്റാണ്ടുമുമ്പുതന്നെ നിലവിലെ പാര്‍ലമെന്റ് മന്ദിരം പണിതീര്‍ത്തിരുന്നു. കല്‍ക്കട്ടയിലെ ഇംപീരിയല്‍ കാപ്പിറ്റല്‍ ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഡല്‍ഹിക്കുള്ളില്‍ പുതിയ നഗരമായി ന്യൂഡല്‍ഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുകയായിരുന്നു. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ട്ടി, ശിവസേന (ഉദ്ധവ് പക്ഷം) സമാജ്വാദി പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ രംഗത്തെത്തി. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും നേരെയുള്ള അവഹേളനമാണ് നടപടിയെന്ന് ഭരണപക്ഷത്തെ പാര്‍ട്ടികള്‍ ആരോപിക്കുന്നു. തീരുമാനം പുനഃപരിശോധിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തയ്യാറാകണമെന്നും ഭരണപക്ഷത്തെ 14 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറയുന്നു.