പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസത്തിനായി രാജ്യമൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ അതിന്റെ ശോഭ കെടുത്താന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നമ്പറുകള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി കൊടുക്കുകയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്ന് എത്രപേര്‍ ചിന്തിച്ചിട്ടുണ്ട്? പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 എന്ന ദിവസം തന്നെ തീരുമാനിച്ചത് എന്തുകൊണ്ട്? ആര്‍ക്കും അത് മനസ്സിലായില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കും കാര്യമറിയാം. കാരണം, മെയ് 28 വീരസവര്‍ക്കര്‍ ജയന്തിദിനമാണ്. അദ്ദേഹത്തിന്റെ നൂറ്റിമുപ്പതാം പിറന്നാള്‍ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ രാജ്യത്തിനായി തുറക്കുന്നതിലൂടെ മോദിയും ബിജെപിയും കോണ്‍ഗ്രസിന് അക്ഷരാര്‍ത്ഥത്തില്‍ അപ്രസക്തമാക്കി കളയുമ്പോള്‍ ബഹിഷ്‌കരണമെന്നത് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ വൃഥാ പാഴ്ശ്രമമാണെന്ന് ഇനിയും കോണ്‍ഗ്രസിന് മനസ്സിലാകാത്തത് ആ പാര്‍ട്ടിയുടെ, അവരുടെ നേതാക്കരുടെ ഇന്നത്തെ ആശയദാരിദ്രത്തിന്റെ ചൂണ്ടുപലക തന്നെയാണ്.
മാപ്പ് വിവാദത്തില്‍ സവര്‍ക്കറെ അടച്ചാക്ഷേപിച്ച രാഹുല്‍ഗാന്ധിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരിക്കാന്‍ കഴിയാതെ പോയത് ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതി ആയിരിക്കാം. പരമ്പരാഗത മണ്ഡലത്തില്‍ തോറ്റമ്പിയിട്ടും വയനാട് എന്ന സുരക്ഷിത മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇപ്പോള്‍ എംപി അല്ലാതായതും മറ്റൊരു വിധിവൈപരിത്യം. പുതിയ കെട്ടിടത്തിന് സവര്‍ക്കര്‍ സദനം എന്നു പേരിടണമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പരിഹസിച്ചത് ചരിത്രം അറിയാത്തത് കൊണ്ടുകൂടിയാണ്. 2003 ലാണ് വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടം നേടിയത്. ഹിന്ദുമഹാസഭാ നേതാവിന്റെ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം അനാച്ഛാദനം ചെയ്തപ്പോള്‍ എ.ബി.വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പത്തു വര്‍ഷത്തിനിപ്പുറം അതേ സോണിയയുടെ മകന്‍ ബഹിഷ്‌കരണമെന്ന് മുറവിളി കൂട്ടുമ്പോള്‍ ബിജെപിക്ക് തെല്ലും ആശ്ചര്യമില്ല. സവര്‍ക്കര്‍ക്കെതിരെ തിരിഞ്ഞ രാഹുലിനെതിരെ പവാറും ഉദ്ദവ് താക്കറെയുമുള്‍പ്പെടെ വാളെടുത്തത് ഏതാനും നാളുകള്‍ക്ക് മുന്‍പാണ്. കാരണം, ഹിന്ദുത്വ ഐഡോളജി ആയി സ്വീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ശിവസേന. മാത്രമല്ല, മറാത്താ ദേശീയത ആണ് അതിന്റെ പ്രധാനപ്പെട്ട മുദ്രവാക്യം തന്നെ. മഹാരാഷ്ട്രയിലെ ഹിന്ദുത്വ ആശയത്തിന്റെ വെളിച്ചത്തിലാണ് സവര്‍ക്കറിനെ ശിവസേന പിന്തുണക്കുന്നത്. സവര്‍ക്കര്‍ മഹാരാഷ്ട്രക്കാരന്‍ ആണ്. മറാത്താ ദേശീയ വാദത്തെ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഹിന്ദുത്വ വാദം അവിടെ ഉയര്‍ത്തിയത്. ഛത്രപതി ശിവജിയോളം തന്നെ മറാത്തികള്‍ക്ക് സവര്‍ക്കര്‍ വീരപുരുഷനാണ്.
മരണ ശേഷവും സവര്‍ക്കറുടെ ഒരു ലെഗസി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നു എന്ന് കാണാം. 1970 ല്‍ സവര്‍ക്കറുടെ പേരില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയാണ് ഇന്ദിര ഗാന്ധി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി പുറത്തിറങ്ങുകയും ചെയ്തു. അതായത് ഏതോ അര്‍ഥത്തില്‍ സവര്‍ക്കറിനെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട് എന്ന കോണ്‍ഗ്രസ്സിന് പോലും തോന്നിയിരുന്നു. അത്ര ശക്തമായിരുന്നു മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വാധീനം എന്നുള്ളതാണ് അതില്‍ നിന്ന് വ്യക്തമാക്കുന്നത്. നാളെ മുതല്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യമെമ്പാടും സവര്‍ക്കര്‍ വീരനായകനാവും. കണക്കുചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ല.