സിനിമാ നിര്‍മ്മാതാവ് എന്ന കുപ്പായത്തില്‍ നിന്നും ജനസേവകന്റെ ഖദറിട്ട് തുടങ്ങിയ കാലം മുതല്‍ സിനിമാറ്റിക് സ്റ്റൈലാണ് എച്ച്.ഡി കുമാരസ്വാമി എന്ന കന്നടിഗരുടെ കുമാരണ്ണയുടെ രാഷ്ട്രീയ ജീവിതം. പഠനകാലത്തു സൂപ്പര്‍താരം രാജ്കുമാറിന്റെ കടുത്ത ആരാധകന്‍. ബംഗളൂരുവിലെ ക്യാമ്പസ് കാലത്ത് നടപ്പും വസ്ത്രധാരണവും പോലും രാജ്കുമാറിനെപ്പോലെ. പ്രധാനമന്ത്രിയുടെ മകനായിരുന്നിട്ടും ചലച്ചിത്ര നിര്‍മാതാവായും വിതരണക്കാരനായും കളത്തിലിറങ്ങി. എതിരാളികളുടെ അഴിമതിയും അവിഹിതവും വെളിപ്പെടുത്തുന്ന സിഡികള്‍ പുറത്തുവിടുന്നതായിരുന്നു പ്രധാന ഹോബി. പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോള്‍ പദവികള്‍ സ്വര്‍ണ്ണതളികയില്‍ കണ്മുന്നിലെത്തി.1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ അരങ്ങേറ്റം. പ്രധാനമന്ത്രിയുടെ മകനായി ലോക്‌സഭയില്‍ രാജകുമാരനെപ്പോലെ തിളങ്ങി നിന്ന കാലം. പിന്നീടു ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മല്‍സരിച്ചു തോറ്റു. 2004ല്‍ ആദ്യമായി എംഎല്‍എ ആയ കുമാരസ്വാമി രണ്ടു വര്‍ഷത്തിനകം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി.
സോഷ്യലിസ്റ്റ് പരിവാര്‍ ആയിരുന്ന ജനതാദള്‍ എസ് ഗൗഡ പരിവാറായി മാറിയതോടെയായിരുന്നു പതനം ആരംഭിച്ചത്. 2004ല്‍ 58 സീറ്റുകള്‍ നേടിയതായിരുന്നു തിരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിയുടെ ഏറ്റവും മികച്ച പ്രകടനം. 2008 ല്‍ 28 സീറ്റുകള്‍ മാത്രമായി പ്രകടനം മങ്ങി. ബിജെപി വിരുദ്ധ വികാരം ആഞ്ഞടിച്ച 2013 ല്‍ പോലും 40 സീറ്റുകള്‍ നേടാനേ പാര്‍ട്ടിക്കായുള്ളൂ. തൂക്കുസഭ വിധിയെഴുതിയ 2018 ല്‍ 37 സീറ്റുകളായിരുന്നു ജെഡിഎസിന്റെ കൈവശമെത്തിയത്. അവസാനം 19 സീറ്റില്‍ കിതച്ചുനിന്ന ജെഡിഎസിന്റെ മരണമണി മുഴങ്ങിയിരിക്കുന്നു.
എന്തുകൊണ്ട് സ്വന്തം നാട്ടിലെ പാര്‍ട്ടിയെ കന്നഡിഗര്‍ കയ്യൊഴിയുന്നു എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം അതൊരു സാധാരണക്കാരന്റെ പാര്‍ട്ടിയല്ലാതായി വെറും കുടുംബ പാര്‍ട്ടിയായി മാറി എന്നതാണ്.
ഈ കുടുംബ വാഴ്ച സാധാരണ പ്രവര്‍ത്തകരെ ജെഡിഎസില്‍ നിന്ന് കുറച്ചൊന്നുമല്ല അകറ്റിയത്. കര്‍ഷകര്‍ – വൊക്കലിഗ സമുദായക്കാര്‍ ഇതുരണ്ടുമാണ് എക്കാലവും ജെഡിഎസിനെ കരകയറ്റി പോന്നത്. സുരക്ഷിതമെന്ന് കരുതിയ ആ ബെല്‍റ്റിലാണ് ഇത്തവണ കോണ്‍ഗ്രസ് കയറി മേഞ്ഞത്. അനാരോഗ്യം അലട്ടുന്ന ദേവഗൗഡ ചക്ര കസേരയില്‍ ഇരുന്നു വോട്ടഭ്യര്‍ഥിച്ചിട്ടും കന്നഡിഗര്‍ കേട്ടഭാവം നടിച്ചില്ല.
തൂക്കു സഭ വന്നാല്‍ മകന്‍ നിഖില്‍ കുമാരസ്വാമിയെ നിര്‍ത്തി ദേശീയ പാര്‍ട്ടികളോട് വിലപേശി ഒരു ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണമെന്നതായിരുന്നു കുമാരസ്വാമിയുടെ മോഹം. ആ മകന്‍ രാജിവച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം രാജിവച്ചതിന് പിന്നാലെ യുവജനതാദള്‍ അധ്യക്ഷന്‍ നിഖില്‍ കുമാരസ്വാമിയും പദവി ഒഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനം, തന്നെ വേദനിപ്പിച്ചെന്നും കൂടുതല്‍ ശക്തരായവര്‍ യുവജനതാദളിനെ നയിച്ച് വിജയത്തിലെത്തിക്കട്ടെയെന്നുമാണ് നിഖില്‍ രാജി കത്തിലൂടെ പറയുന്നത്. അമ്മ അനിത കുമാരസ്വാമിയുടെ സിറ്റിങ് സീറ്റായിരുന്നിട്ടും മണ്ഡലം കൈവിട്ടതിന്റെ ആഘാതത്തിലാണ് നിഖിലിന്റെ രാജി.അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ജെഡിഎസ് കര്‍ണാടകയില്‍ അനുഭവിക്കുന്നത് വിശ്വാസരാഹിത്യമാണ്. ജെഡിഎസ് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു എന്നത് സത്യം തന്നെ. പക്ഷേ, കുമാരണ്ണ അത്രപെട്ടെന്നൊന്നും പരാജയം സമ്മതിച്ച് തരില്ല. സംസ്ഥാന രാഷ്ട്രീയം ക്ലച്ചു പിടിക്കില്ലെന്ന് നേരത്തെ മനസിലാക്കിയാവണം മമത ബാനര്‍ജിയും കെ ചന്ദ്രശേഖര്‍ റാവുവും ചന്ദ്രബാബു നായിഡുവും ഒക്കെയായിചേര്‍ന്ന് കേന്ദ്രത്തില്‍ ഒരു പിടിപിടിക്കാനുള്ള ശ്രമം അവിടെ തുടങ്ങിക്കഴിഞ്ഞു.