ഉത്തരേന്ത്യയിലെ ആയാറാം ഗയാറാം പ്രയോഗം പോലെ വളരും തോറും പിളരും, പിളരുംതോറും വളരും എന്ന കെഎം മാണിയുടെ വിഖ്യാതമായ ഈ പരാമര്‍ശം രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഓരോ പിളര്‍പ്പുണ്ടാകുമ്പോഴും ഇനിയും വളരാനാകുമെന്ന് കരുതി ഓരോ കോണ്‍ഗ്രസുകാരും ആശ്വസിച്ചു. പക്ഷേ, പിളരും തോറും കോണ്‍ഗ്രസ് തളരുന്ന കാഴ്ചയാണ് കേരളം കണ്ടത്. പിന്നാലെ എണ്ണമില്ലാത്തത്ര കൊഴിഞ്ഞു പോക്കുകളും കൂടിയായപ്പോള്‍ കോണ്‍ഗ്രസ് മരണശയ്യയിലായി. ഇപ്പോള്‍ നേതാവോ അണികളോ വാ തുറന്നാല്‍ കോണ്‍ഗ്രസിന്റെ മുട്ടിടിക്കും.
ഇതിനിടെയാണ് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി കെ.മുരളീധരന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് താക്കീത് ലഭിച്ചതോടെയാണ് അതിനെ അവഗണിച്ച് മുരളീധരന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. കത്ത് നല്‍കുന്നതിന് മുന്‍പ് പോലും ഭാരവാഹികളോടൊപ്പം യാത്ര ചെയ്യുകയും സംസാരിക്കുകയും ചെയ്തതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. ആ സമയങ്ങളിലൊന്നും പറയാതെ നേതൃത്വത്തിന് ഇത്തരമൊരു കത്ത് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറയുന്നു.
തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയത്. പറയുന്ന കാര്യങ്ങള്‍ നേതൃത്വം നല്ല അര്‍ത്ഥത്തിലല്ല എടുക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ‘ എം.കെ.രാഘവന്റെ പരാമര്‍ശത്തെ അനുകൂലിച്ചു എന്നുള്ളതാണ് അവര്‍ തെറ്റായിട്ട് കാണുന്നത്. ഒരു കത്ത് അയക്കുമ്പോള്‍ അത് എന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തിലായിരിക്കാം. ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് എംപിമാര്‍ക്ക് ഷോകോസ് നോട്ടീസ് കൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണകരമാണോ ദോഷമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ. ഞാന്‍ അതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പറയുന്ന കാര്യങ്ങള്‍ നല്ല അര്‍ത്ഥത്തിലല്ല എടുക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ അതിന്റെ വഴിക്ക് പോട്ടെ. ഞാന്‍ ആയിട്ട് ഒന്നിനും തടസം നില്‍ക്കുന്നില്ല. ഇനി നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒന്നും മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ല. പാര്‍ട്ടി എന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍, ഒരു വിലങ്ങു തടിയായി നില്‍ക്കേണ്ട ആവശ്യം ഇല്ലല്ലോ. വായ്മൂടിക്കെട്ടിയാല്‍ പിന്നെ അത് കെട്ടുന്നവര്‍ അതിന്റെ ഗുണദോഷഫലങ്ങള്‍ അനുഭവിക്കട്ടെ. എഐസിസി എന്നോട് വിശദീകരണം ചോദിച്ചാല്‍, അദ്ധ്യക്ഷനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും” മുരളീധരന്‍ പറഞ്ഞു.