വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ വിഭാഗവും സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു വിഭാഗങ്ങളിലെ നേതാക്കളുമായി സംസാരിക്കാനും അമിത് ഷാക്ക് പദ്ധതിയുണ്ട്. ഒരു കോടതി വിധിക്ക് ശേഷമാണ് മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കകം മണിപ്പൂരിലെത്തുന്ന അമിത്ഷാ മൂന്ന് ദിവസം അവിടെ തങ്ങി എല്ലാവരുമായും സംസാരിക്കുമെന്നും വ്യക്തമാക്കി. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്തകള്‍ മണിപ്പൂരില്‍ നിന്ന് വന്ന പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. വര്‍ഗീയ കലാപം ആറിത്തുടങ്ങിയ മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാവുകയാണ്. ഒരാളെ വെടിവച്ചുകൊന്നുവെന്നും വീടുകള്‍ കത്തിച്ചുവെന്നുമാണ് പുതിയ വാര്‍ത്തകള്‍.
ഈ മാസം ആദ്യം മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 70ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും ആരാധനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ അഭയാര്‍ഥികളായി അസമിലേക്കുള്‍പ്പെടെ പാലായനം ചെയ്തു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2000ത്തിലധികം വീടുകളാണ് തീവച്ച് നശിപ്പിച്ചത്. മണിപ്പൂരിലെ പ്രബല വിഭാഗമായ മയ്‌തേയ് സമുദായത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിന് അനുകൂലമായി കോടതി വിധിയുമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ കുകി ആദിവാസി വിഭാഗം രംഗത്തുവന്നു. പുതിയ തീരുമാനത്തോടെ ആദിവാസി വിഭാഗങ്ങളുടെ ഭൂമി മയ്‌തേയ് വിഭാഗം കൈയ്യേറുമോ എന്ന ആശങ്ക വ്യാപിച്ചിരുന്നു.ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി മയ്‌തേയ് വിഭാഗം കൈയ്യടക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. അതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് ഒരു വിഭാഗം ആരോപിപ്പിക്കുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ പട്ടാളത്തെ വിന്യസിച്ചിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ദിവസങ്ങളോളം ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു.കലാപം ശമിച്ചു എന്ന നിഗമനത്തില്‍ ചില ഇളവുകള്‍ നല്‍കിയ പിന്നാലെയാണ് ബുധനാഴ്ച മുതല്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബിഷ്ണുപൂരില്‍ സായുധ സംഘം ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളുകള്‍ ഒഴിഞ്ഞുപോയ വീടുകള്‍ അക്രമികള്‍ കത്തിക്കുകയും ചെയ്തു. മന്ത്രി ഗോവിന്ദാസിന്റെ വീട് ഉള്‍പ്പെടെ ആക്രമിക്കപ്പെടുകയും ചെയ്തു.