നമ്മള്‍ മലയാളികള്‍ക്ക് യോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ബുദ്ധസന്യാസിമാരെപ്പറ്റി കുറച്ചെങ്കിലും അറിവുള്ളത്. ചിത്രത്തില്‍ അക്കോസേട്ടോ എന്ന് വിളിച്ച് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പിന്നാലെ കൂടുന്ന ആ ചെറിയ പയ്യനെ കാലമെത്ര കഴിഞ്ഞാലും നമ്മള്‍ മറക്കില്ല. മൊട്ടത്തലും ചെറിയ കണ്ണുകളുമൊക്കെയുള്ള അടിമുടി പ്രത്യേകതകള്‍ നിറഞ്ഞ ആ കുട്ടി ടിബറ്റന്‍ ബുദ്ധ സന്യാസികളുടെ തലവനായ റിംപോച്ചെ ലാമയാണെന്നാണ് ചിത്രത്തില്‍ പറയുന്നത്. റിംപോച്ചെയെയും അവനെച്ചുറ്റിപ്പറ്റിയുണ്ടാകുന്ന കോലാഹലങ്ങളുമൊന്നും സംവിധായകന്‍ സംഗീത് ശിവന്റെ ഭാവനയില്‍ വിരിഞ്ഞ ഒന്നല്ല. ചിത്രത്തില്‍ കാണുന്ന റിംപോച്ചെയെ ചുറ്റിപ്പറ്റിയുള്ള മാന്ത്രിക കഥകള്‍ യാഥാര്‍ത്ഥ്യം തന്നെയാണ്. മനുഷ്യന് ഭൗതിക ശരീരവും ആത്മീയ ശരീരവും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബുദ്ധമത വിശ്വാസികള്‍. മരണശേഷം ഭൗതിക ശരീരം നശിച്ചാലും മനസ്സിന്റെ പ്രവാഹം തുടരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. ആ മനസിന്റെ പ്രവാഹം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതാണ് പുനര്‍ജന്മ പ്രക്രിയയായി ബുദ്ധമത വിശ്വാസികള്‍ കരുതുന്നത്. റിംപോച്ചെലാമ എന്ന ചെറിയ കുട്ടിയുടെ കഥ തുടങ്ങണമെങ്കില്‍ ചൈനയെപ്പറ്റി പറയാതെ പറയാതെ പറ്റില്ല. സകല രാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ചൈനയക്ക് ആരെയെങ്കിലും പേടിയുണ്ടാവുമോ? ഇന്ത്യയുള്‍പ്പെടെയുള്ള എതിരാളികളെ ജാഗ്രതയോടെയാണ് ചൈന വീക്ഷിക്കുന്നതെങ്കിലും അതിന് പേടി എന്ന മുഴുവന്‍ അര്‍ത്ഥമില്ല. ചൈന ലോകത്ത് ഏറ്റവുമധികം ഭയപ്പെടുന്നത് ശത്രുരാജ്യങ്ങളെയോ ആണവായുധ ഭീഷണികളെയോ ഉപരോധങ്ങളെയോ ഒന്നുമല്ല, മറിച്ച ഒരു വ്യക്തിയെയാണ്. കയ്യില്‍ പ്രാര്‍ത്ഥനാ മുത്തുകള്‍ കൊരുത്ത മാലയുമായി സദാ ധ്യാനനിരതനായിരിക്കുന്ന, കണ്ണുകളില്‍ കടലോളം ശാന്തത നിറച്ച ഒരു ചെറിയ മനുഷ്യനെ. ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയെ.
ദലൈലാമയെപ്പറ്റി ചോദിച്ചാല്‍ ടിബറ്റുകാര്‍ ആദ്യം പറയുന്ന ഒരു ഐതിഹ്യകഥയുണ്ട്. ദലൈലാമ പതിമൂന്നാമന്‍ മരിച്ച സമയം. അന്ന് തെക്കുവശത്തേക്കു തിരിച്ചുവച്ച സിംഹാസനത്തിലാണു ലാമയുടെ ഭൗതികശരീരം ഇരുത്തിയത്. പക്ഷേ അല്പസമയത്തിനുള്ളില്‍ ലാമയുടെ മുഖം കിഴക്കോട്ട് തിരിഞ്ഞുവത്രെ. മരണാനന്തര ജീവിതത്തില്‍ ഏറെ വിശ്വസിക്കുന്ന ടിബറ്റുകാര്‍അതൊരു സൂചനയായിക്കണ്ട് ആ ദിക്ക് നോക്കി പുതിയ ലാമയെത്തേടി പോയി. അവരുടെ ആമ യാത്ര അവസാനിച്ചത് ഒരു ദരിദ്രഭവനത്തിലായിരുന്നു. വീടിന്റെ മുറ്റത്ത്
നാലുവയസ് മാത്രം പ്രായമുള്ള ടെന്‍സിന്‍ ഗ്യാംസോ എന്ന പയ്യന്‍ ഓടികളിക്കുന്നുണ്ട്. അനുയായികള്‍ അവന്റെ മാതാപിതാക്കളോട് കാര്യം പറയുന്നതിനിടയില്‍ ആ വീട്ടില്‍ ആര്‍ക്കും വശമില്ലാത്ത ലാസന്‍ ഭാഷ കുട്ടി മണിമണിയായി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ പതിനാലാം ലാമയായി ആ കുട്ടിയെ നിശ്ചയിച്ച ശേഷം 15ാം വയസില്‍ പൂര്‍ണ ആധ്യാത്മിക നേതൃത്വത്തോടെയുള്ള ദലൈലാമ പട്ടവും ലഭിച്ചു. അദ്ദേഹമാണ് ഇന്ന് നമ്മള്‍ കാണുന്ന ദലൈലാമ. പക്ഷേ, 1950ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള തന്ത്രപ്രധാന പ്രദേശമായ ടിബറ്റിനെ യാങ്സി നദി കടന്നെത്തി ചൈനീസ് പട്ടാളം ആക്രമിച്ചു.ഐക്യരാഷ്ട്രസഭയോടു സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. ചൈനയുമായി സൗഹൃദത്തില്‍ നീങ്ങാന്‍ സാധ്യമായതൊക്കെ ദലൈലാമ ചെയ്തിരുന്നു. 1954ല്‍ ഒരു വര്‍ഷം ദലൈലാമ ബെയ്ജിങ്ങില്‍ കഴിഞ്ഞു. അന്നത്തെ ചൈനീസ് ഭരണാധികാരി മാവോ സെദൂങ്ങുമായുള്ള ചര്‍ച്ചയായിരുന്നു ദലൈലാമയുടെ ലക്ഷ്യമെങ്കിലും ബെയ്ജിങ്ങിലിരുന്ന് ടിബറ്റിലെ അനുയായികള്‍ക്ക് ആത്മീയനേതൃത്വം കൊടുക്കാന്‍ ചൈന ദലൈലമായെ അനുവദിച്ചില്ല. എട്ടുവര്‍ഷം ലാസയിലെ ഏകാന്തതയില്‍ ചൈന അദ്ദേഹത്തെ കുടുക്കി. ഇതോടെ ചൈനയില്‍നിന്നു ഹാന്‍ വംശജര്‍ ടിബറ്റിലേക്കു സ്ഥിരതാമസക്കാരായി വന്നതും ചൈനീസ് നേതൃത്വം ടിബറ്റിന്റെ പാരമ്പര്യങ്ങളില്‍ കൈവച്ചതും ലാസയില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കി. 1959ല്‍ അധിനിവേശത്തിനെതിരായ ആ കലാപത്തില്‍ ഒരു ലക്ഷത്തോളം മനുഷ്യര്‍ രക്തസാക്ഷികളായി. അങ്ങനെ, പതിനായിരക്കണക്കിന് അനുയായികള്‍ക്കൊപ്പം ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തു. അന്ന് നെഹ്റു അവര്‍ക്ക് സ്വാഗതമോതി. ആദ്യം ഹിമാലയ താഴ്വാരത്തെ മസൂറിയിലേക്കും പിന്നീട് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലേക്കും മാറി. സമാധാന നൊബേല്‍ ജേതാവായ ദലൈലാമയെ ‘അപകടകാരിയായ വിഘടനവാദി’ എന്നാണ് ചൈന ഇന്നും വിളിക്കുന്നത്.
1995ല്‍ നിമ എന്ന ഒരു ചെറിയ ബാലനെ പിന്‍ഗാമിയായ ദലൈ ലാമ പ്രഖ്യാപിച്ചു. മതത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് പഞ്ചന്‍ലാമ എന്നത്. പക്ഷേ ദലൈലാമയുടെ എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്ന ചൈന ആ വര്‍ഷം തന്നെ പഞ്ചന്‍ലാമയായ നിമയെ തട്ടിക്കൊണ്ട് പോയി തടവിലാക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനായിരുന്നു ഈ കുട്ടി. ഇപ്പോള്‍ 33 വയസ് പ്രായമുള്ള നിമ എന്ന പഞ്ചന്‍ലാമയെപ്പറ്റി ഒരു വിവരവും ബാഹ്യലോകത്തിനു ലഭിച്ചിട്ടില്ല. ഇപ്പോഴിതാ, യുഎസില്‍ ജനിച്ച മംഗോളിയന്‍ ബാലനെ ദലൈലാമ റിന്‍പോച്ചെയായി തിരഞ്ഞെടുത്തിരിക്കുകയാണ്. ബുദ്ധമതത്തിലെ മൂന്നാമത്തെ അത്യുന്നത പദവിയാണിത്. മംഗോളിയന്‍ മുന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ചെറുമകനും യുഎസിലെ പ്രഫസറുടെ ഇരട്ട ആണ്‍കുട്ടികളിലൊരാളുമായ 8 വയസ്സുകാരന്‍ പത്താമത്തെ റിംപോച്ചെ ആണ്. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഈ മാസം 8ന് നടന്ന ചടങ്ങില്‍ ഈ കുട്ടിക്കൊപ്പം ദലൈലാമ പങ്കെടുത്തെന്നാണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ തിരഞ്ഞെടുത്ത ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടുള്ള ചൈനയെ ദലൈലാമയുടെ തീരുമാനം പ്രകോപിപ്പിക്കുമെന്നുറപ്പാണ്. നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ദലൈലാമയെ തൊടാന്‍ ചൈന ഏത് കുതന്ത്രം തെരഞ്ഞെടുക്കുമെന്ന് കണ്ട് തന്നെ അറിയണം.