കാര്‍പെന്റേഴ്സ് എന്ന മ്യൂസിക് ബാന്‍ഡിനെ കുറിച്ച് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ കീരവാണി പറഞ്ഞത് കേട്ട് ആശാരിമാര്‍ എന്ന് വിവര്‍ത്തനം ചെയ്ത മലയാളത്തിലെ ലീഡിംഗ് മാധ്യമങ്ങളുടെ മണ്ടത്തരം അടുത്ത ഓസ്‌കാര്‍ വരെ മലയാളിക്ക് പറഞ്ഞു ചിരിക്കാനുള്ള തമാശയാണിപ്പോള്‍. മാധ്യമവും മാതൃഭൂമിയും ഉള്‍പ്പെടെ ആശാരിമാരെ കേട്ടുവളര്‍ന്ന കീരവാണി എന്ന് വാര്‍ത്ത നല്‍കിയപ്പോള്‍, ഏഷ്യാനെറ്റ് നിലവാരം കാത്തുസൂക്ഷിച്ചു. കൊട്ടുവടിയും ഉളിയും മരത്തിലുണ്ടാക്കുന്ന സംഗീതം കേട്ടാണേ്രത കീരവാണി വളര്‍ന്നത്. വിവര്‍ത്തനത്തിലും കാവ്യാത്മകത കാത്തുസൂക്ഷിക്കാന്‍ കേരളത്തിലെ നമ്പര്‍ വണ്‍ മാധ്യമം ശ്രദ്ധിച്ചുവെന്ന് സാരം. വിവര്‍ത്തനത്തില്‍ തെറ്റുണ്ടാകുന്നതും മാധ്യമപ്രവര്‍ത്തകര്‍ പരിഹാസപാത്രങ്ങളാകുന്നതും കേരളത്തില്‍ ആദ്യത്തെ സംഭവമല്ല.
ഇനി എത്രയൊക്കെ വിവര്‍ത്തനപ്പിശകുണ്ടായാലും ദേശാഭിമാനിയുടെ ഹോട്ട് ഡോഗ് വിവാദത്തിന്റെ തട്ട് താണിരിക്കും. അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ എല്ലാ വര്‍ഷവും ഹോട്ട്‌ഡോഗ് തീറ്റ മത്സരം സംഘടിപ്പിക്കാറുണ്ട്. ഈ മത്സരം ഇന്ത്യയില്‍ വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കാറില്ല. എന്നാല്‍ ദേശാഭിമാനി അത് ഒന്നാം പേജില്‍ തന്നെ വാര്‍ത്തയാക്കി.ദേശാഭിമാനക്ക് പറ്റിയ തെറ്റിദ്ധാരമയാണ് അതിന് കാരണമായത്. മത്സരത്തില്‍ 10 മിനിട്ടിനുളളില്‍ 68 ഹോട്ട്‌ഡോഗുകള്‍ കഴിച്ച് 25കാരന്‍ 20,000 ഡോളര്‍ സമ്മാനം നേടി. ഈ വാര്‍ത്ത ദേശാഭിമാനി നല്‍കിയത് ‘അമേരിക്കയില്‍ യുവാവ് 10 മിനിട്ടില്‍ 68 പട്ടിയെ തിന്ന് റെക്കോര്‍ഡിട്ടു’ എന്ന തലക്കെട്ടോയെയായിരുന്നു. 2009 ജൂലായ് ആറിന് പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിന്റെ മുന്‍ പേജിലാണ് ഈ വാര്‍ത്ത നല്‍കിയത്. മണലൂര്‍ എംഎല്‍എയായ മുരളി പെരുനെല്ലി ഈ വാര്‍ത്ത വായിച്ച് ആവേശഭരിതനായി നിയമസഭയില്‍ ഉന്നയിച്ചതോടെ ഇത് നിയമസഭ രേഖയുമായി.
ഹുഗ്ലീ നദിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഹൗറ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന 25000 റെയില്‍വേ സ്ലീപ്പറുകള്‍ പാക്കിസ്ഥാനിലേക്ക് ഒഴുകിപ്പോയെന്ന വാര്‍ത്ത ദേശാഭിമാനി അച്ചടിച്ചത് റെയില്‍ വേ സ്‌റ്റേഷനില്‍ ഉറങ്ങിക്കിടന്ന 25000 പേര്‍ പാക്കിസ്ഥാനിലേക്ക് ഒഴുകിപ്പോയെന്നാണ്. ഏഷ്യാനെറ്റിന്റെ പ്രൈമ ഫേസി എന്ന പെണ്‍കുട്ടിയേയും മലയാളി മറക്കാനിടയില്ല. കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ആസാമില്‍ കണ്ടെത്തിയെന്നും പ്രഥമദൃഷ്ട്യാ ഇതൊരു പെണ്‍കുട്ടയുടെ ജഡമാണെന്നുമുള്ള ഇംഗ്ലീഷ് വാര്‍ത്തയിലെ പ്രൈമ ഫേസി എന്ന വാക്കാണ് വിവര്‍ത്തന തൊഴിലാളിയെ ആശയക്കുഴപ്പത്തിലാക്കി. പിന്നെ ഒന്നും നോക്കിയില്ല, പ്രൈമാഫേസിയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം കത്തക്കരിഞ്ഞ നിലയില്‍ എന്ന് വാര്‍ത്ത വന്നു. പ്രൈമ ഫേസി എന്നാല്‍ പ്രഥമദൃഷ്ട്യാ എന്നാണെന്ന് മനസ്സിലാക്കാന്‍ ആ ക്രൈം റിപ്പോട്ടര്‍ക്ക് സാധിച്ചില്ല.
മാധ്യമപ്രവര്‍ത്തള്‍ക്ക് ചുരുക്കപ്പേരായി ചാര്‍ത്തി തന്ന മാപ്ര പ്രയോഗത്തില്‍ തന്നെ സമൂഹത്തിന് മാധ്യമങ്ങളോടുള്ള മനോഭാവം പ്രകടമാണ്. വിവര്‍ത്തനത്തിലെ പിഴവുകള്‍ മാത്രമല്ല ഇവിടെ മാപ്രകള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയരാകാന്‍ കാരണം. കാര്‍പെന്റേഴ്സിനെ കുറിച്ചറിയില്ല എന്നത് പൊറുക്കാവുന്ന പിഴവാണെങ്കിലും അതില്‍ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം കൂടിയുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ കുറച്ച് കാലം മുമ്പ് വരെ കര്‍ശനമായി തുടര്‍ന്ന് വന്നിരുന്ന രീതിയുമാണത്. തൊഴിലുമായി ജാതിയെ ബന്ധപ്പെടുത്തില്ല എന്നതാണ് അത്. ഉദാഹരണത്തിന് മത്സ്യത്തൊഴിലാളിയെന്നോ മീന്‍പിടുത്തക്കാര്‍ എന്നോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ; മുക്കുവര്‍ എന്ന് ഉപയോഗിച്ച് കൂടാ. മുക്കുവര്‍ ഒരു സമുദായമാണ്. ആ സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല മത്സ്യത്തൊഴിലാളികള്‍. ആ സമുദായത്തില്‍ പെട്ടവര്‍ എല്ലാം ഈ തൊഴിലെടുക്കുന്നവരുമല്ല. കാര്‍പെന്ററി ഒരു സ്‌കില്‍ഡ് ജോലിയാണ്. അത് എടുക്കുന്നവരുടെ മലയാളമല്ല ആശാരി എന്നത്. അത് ഒരു സമുദായനാമമാണ്. ആ തൊഴിലെടുക്കുന്ന ധാരാളം മനുഷ്യരുണ്ട്. ആ തൊഴിലെടുക്കാത്ത ആ സമുദായാംഗങ്ങളും ധാരാളമുണ്ട്.
ജേര്‍ണലിസം തൊഴില്‍ ചെയ്യുന്നവര്‍ കര്‍ശനമായി പാലിക്കേണ്ട അടിസ്ഥാന കാര്യമാണിതൊക്കെ. നൈതികത, സ്വയം തിരുത്തല്‍ എന്നൊക്കെ രണ്ടുപ്രാവശ്യം ആവര്‍ത്തിച്ച് ഉച്ചരിക്കുന്നവര്‍ ശത്രുപക്ഷത്താകുന്ന കാലമാണ്. മാധ്യമപ്രവര്‍ത്തകര്‍ എല്ലാം തികഞ്ഞവര്‍ ആണെന്ന നാട്യം ഇന്നത്തെ കാലത്ത് ചുരുക്കം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഉള്ളൂ. മനുഷ്യസഹജമായ എപിക് അബദ്ധങ്ങള്‍ ഈ വാര്‍ത്ത അവതരിപ്പിക്കുന്ന എനിക്കുള്‍പ്പെടെ സംഭവിക്കാം. പക്ഷേ, തിരുത്തേണ്ടത് തിരുത്തിത്തന്നെ മുന്നോട്ട് പോകണം. ഇന്റര്‍നെറ്റും ഗൂഗിളുമില്ലാത്ത കാലത്തും പത്രപ്രവര്‍ത്തനമുണ്ടായിരുന്നു. വിക്കിപ്പീഡിയയും മൊബൈല്‍ ഫോണും വിദൂരസ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന കാലത്ത് ടെലിപ്രിന്ററില്‍ നിന്ന് ഡെസ്‌ക് ചീഫ് തിരഞ്ഞെടുത്തു തുന്നിക്കെട്ടിത്തരുന്ന ഏന്‍സി കോപ്പി പുതുകാലത്തെ ചാറ്റ് ജി പി ടി ശൈലിയില്‍ ശുദ്ധമായ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിരുന്ന ജേണലിസ്റ്റുകളുമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിന് വലിയൊരു കുഴപ്പമുണ്ട്, പ്രത്യേകിച്ചും പുതിയ കാലത്ത്, ഗൂഗിളും ട്രാന്‍സലേറ്ററുമൊക്കെ മുന്നിലുള്ളപ്പോള്‍ ചെറിയ സംശയം പോലും അടുത്തിരിക്കുന്ന ആളോട് ചോദിക്കാതെ പിന്നോട്ട് വലിക്കുന്ന ഈഗോ മാധ്യമപ്രവര്‍ത്തകരെ വല്ലാതെ വരിഞ്ഞുമുറുക്കാറുണ്ട്. എനിക്ക് എല്ലാമറിയാം എന്ന തോന്നല്‍ എന്നുണ്ടാകുന്നോ അന്ന് ഈ പണി നിര്‍ത്തിയേക്കണം!