നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്…? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും…’വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗത്തില്‍ ലോക്സഭാ അംഗത്വം റദ്ദാക്കി ഉത്തരവിറങ്ങിയത് അടുത്തിടെയാണ്. രാഹുലിനും കോണ്‍ഗ്രസിനും ശനിദശ തുടങ്ങിയത് ഒരുമിച്ചാണ്. പറയുന്നത് മുതല്‍ തെക്ക് വടക്ക് നടക്കുന്നത് വരെ അടിമുടി വിവാദം.പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തി കാട്ടുന്ന രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും നിരന്തരം അപക്വപരമായ പരാമര്‍ശങ്ങളാണുണ്ടാവുന്നത്. അപകീര്‍ത്തി കേസിലെ വിധിയില്‍ ബിജെപി സര്‍ക്കാരിന്റെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന വസ്തുത വിസ്മരിക്കരുത്. സ്വഭാവികമായും മോദി എന്ന സമുദായത്തിന് എതിരെ നടത്തിയ പരാമര്‍ശങ്ങളുടെ ഭാഗമാണ് കോടതി നടപടി. ഒരു കാലത്ത് ഈ നിയമം വേണമെന്ന വാശി പിടിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് നിയമത്തിന് എതിരേ സംസാരിച്ചിരിക്കുമ്പോള്‍ ഇതിനെ് ഇരട്ടത്താപ്പെന്ന് തന്നെ വിളിക്കണം. ഇപ്പോഴിതാ വീണ്ടും മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക് മുറുകുകയാണ്. ഏപ്രില്‍ 12ന് ഹാജരാകാനാവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നു. സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് നടപടി. പട്‌നയിലെ കേസില്‍ രാഹുല്‍ നിലവില്‍ ജാമ്യത്തിലാണ്.
ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പരാതിക്കാരന്‍. എംപി, എംഎല്‍എ, എംഎല്‍സി തുടങ്ങി ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പട്‌നയിലെ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണിത്. കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ തെളിവുകളും സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനി രാഹുല്‍ ഗാന്ധിയുടെ ഭാഗം കേള്‍ക്കുകയാണ് വേണ്ടത്. അതിനാണ് ഏപ്രില്‍ 12ന് വിളിപ്പിച്ചിരിക്കുന്നത് എന്ന് സുശീല്‍ മോദിയുടെ അഭിഭാഷകന്‍ എസ്ഡി സഞ്ജയ് പറഞ്ഞു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗം തന്നെയാണ് ഈ കുരുക്കിനും കാരണം. ഇതേ സംഭവത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ കഴിഞ്ഞാഴ്ച രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അതിനിടെയാണ് പട്‌ന കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി ഏപ്രില്‍ 12ന് പട്‌ന കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു അവസരം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അന്‍ഷുല്‍ കുമാര്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടികള്‍ ഘട്ടങ്ങളായി പുരോഗമിക്കുകയായിരുന്നു. ഇപ്പോള്‍ സൂറത്ത് കോടതിയുടെ വിധി വന്ന പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ മുന്‍ മന്ത്രി പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ബിഹാറില്‍ മുന്‍ മന്ത്രി സുശീല്‍ മോദിയും. ഇതേ പ്രസംഗത്തിന്റെ പേരില്‍ വേറെയും സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ കേസില്‍ അഞ്ച് സാക്ഷികളാണുള്ളത്. സുശീല്‍ കുമാര്‍ മോദി അടക്കമുള്ളവരാണ് സാക്ഷിപ്പട്ടികയില്‍. അതിനിടെ, രാഹുലിനെതിരെ ലണ്ടനില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി പറഞ്ഞു. എന്തിനാണ് താനുള്‍പ്പെടുന്ന സമൂഹത്തെ രാഹുല്‍ കള്ളന്മാരെന്ന് വിളിച്ചത്? തനിക്കെതിരായ കേസുകളിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാക്കളുടേത് പകപോക്കല്‍ നടപടിയാണോയെന്നും ലളിത് മോദി ചോദിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് രാഹുല്‍ ഉണ്ടാക്കിയ തലവേദന ചെറുതല്ല. എല്ലാവരും ഒന്നിച്ച് കൊടിപിടിച്ചിറങ്ങുമ്പോള്‍ രാഹുലിനെയും കൊണ്ടേ മോദി പോകൂ എന്ന് സാരം.