കാണാത്തത് പലതും കണാനും കേള്‍ക്കാത്തത് പലതും കേള്‍ക്കാനും പൊതുജനത്തിന് അവസരം കിട്ടുന്ന കാലമാണ് തെരഞ്ഞെടുപ്പ് കാലം. സമദൂരം അളക്കാനും കിണറ്റിലിറങ്ങാനും വരെ രാഷ്ട്രീയനേതാക്കളെ കിട്ടുന്ന കാലം. ചായക്കടകളിലും കവലകളിലും ആമസോണ്‍ കാട്ടിലെ മഞ്ഞത്തവളയും ചൈനയുടെ ചാരബലൂണും വിഷയമാകുന്ന കാലം. അരമനയില്‍ ചെന്ന് കൈമുത്താനും അമ്പലത്തില്‍ പോയി തുലാഭാരം നടത്താനും ജാതി-മത ഭേദമന്യേ നേതാക്കള്‍ തിരക്കിട്ടോടുന്ന കാലം. ഇതെല്ലാം പ്രഹസനമാണെന്നറിഞ്ഞുകൊണ്ടു തന്നെ കസേരകളിക്കിടയിലെ കോമാളിത്തരങ്ങള്‍ ആസ്വദിക്കുന്ന പ്രബുദ്ധരായ ജനങ്ങളും. ഇപ്പോഴിതാ അത്തരമൊരു രാഷ്ട്രീയ പ്രഹസനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജമ്മു-കശ്മീരിലെ ജനങ്ങള്‍.
പൂഞ്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹ്ബൂബ മുഫ്തിയാണ് നവഗ്രഹ ക്ഷേത്രത്തിലെത്തി ക്ഷേത്രം മുഴുവന്‍ ചുറ്റി, ശിവലിംഗത്തില്‍ ജലാഭിഷേകവും നടത്തി വാര്‍ത്തകളില്‍ നിറയുന്നത്. ക്ഷേത്രപരിസരത്തുള്ള ബാനി യശ്പാല്‍ ശര്‍മ്മയുടെ പ്രതിമയിലും പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. എന്നാല്‍ മെഹബൂബ നവഗ്രഹ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
മെഹബൂബ മുഫ്തിയുടെ ക്ഷേത്ര സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. 2008 ല്‍ മെഹബൂബ മുഫ്തിയും അവരുടെ പാര്‍ട്ടിയും ശ്രീ അമര്‍നാഥ്ജി ദേവാലയ ബോര്‍ഡിന് ഭൂമി അനുവദിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും, നിര്‍മ്മാണത്തിനായി ദേവാലയ ബോര്‍ഡിന് ഭൂമി താല്‍ക്കാലികമായി കൈമാറാന്‍ അവരുടെ പാര്‍ട്ടി അനുവദിച്ചില്ലെന്നും ബിജെപി ജമ്മു കശ്മീര്‍ യൂണിറ്റ് വക്താവ് രണ്‍ബീര്‍ സിംഗ് പതാനിയ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കൂ എന്ന് കഴിഞ്ഞ മാസം നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറയുകയുണ്ടായി. എന്നാല്‍, എന്നാണു തിരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വോട്ടര്‍പട്ടിക തയാറാക്കല്‍ ഏതാണ്ടു പൂര്‍ത്തിയായി. ഇനി തിരഞ്ഞെടുപ്പു കമ്മിഷനാണു തിരഞ്ഞെടുപ്പു തീയതി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി 19നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞതു കാലാവസ്ഥയും സുരക്ഷയും അടക്കം ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചശേഷമായിരിക്കും തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുകയെന്നാണ്. ആദ്യം പഞ്ചായത്തു തിരഞ്ഞെടുപ്പു നടത്തുന്നതു നിയമസഭാ തിരഞ്ഞെടുപ്പ് ഇനിയും വൈകുമെന്നതിന്റെ സൂചനയായിട്ടാണു ചില രാഷ്ട്രീയകക്ഷികള്‍ കാണുന്നത്.