വടക്കു കിഴക്കിന്റെ തണുപ്പില്‍ നിന്നും നിയമസഭാതെരഞ്ഞെടുപ്പ് തെക്കിന്റെ തീച്ചുളയിലെത്തിയിരിക്കുന്നു. അതെ, കര്‍ണാടക മെയ് പത്താം തീയതി വിരല്‍ത്തുമ്പില്‍ ജനാധിപത്യത്തിന്റെ നീലം പുരട്ടും. പതിമൂന്നിന് വോട്ടെണ്ണല്‍. ഒന്‍പത് ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരുള്‍പ്പെടെ അഞ്ച് കോടിയിലധികം വരുന്ന ജനം വിധിയെഴുതും, ഇനി ആര് കന്നടനാട് ഭരിക്കണമെന്ന്. 224 നിയമസഭാ സീറ്റുകള്‍. നിലവില്‍ സംസ്ഥാനത്ത് ബിജെപിയുടെ അംഗബലം 119. കോണ്‍ഗ്രസിന് 75 എംഎല്‍എമാകര്‍. ജെഡിഎസിന് 28 എംഎല്‍എമാര്‍. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക.അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടാല്‍ ബിജെപിക്ക് തെക്കേന്ത്യയില്‍ കാല് കുത്താനാവില്ലെന്നത് വസ്തുതയാണ്. വടക്കിന്റെ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നും ഏറെ വിഭിന്നമാണ് തെക്കിന്റെ രാഷ്ട്രീയമനശ്ശാസ്ത്രം എന്നത് ബിജെപി ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. ബിജെപിയെ കര്‍ണാടകത്തില്‍ പൂട്ടാനായാല്‍ കോണ്‍ഗ്രസിന്റെ വലിയ രാഷ്ട്രീയ നേട്ടമായി അത് വിലയിരുത്തപ്പെടും. രാഹുലിന്റെ ഇരവാദം കോണ്‍ഗ്രസിനെ കരകയറ്റാനുള്ള സാധ്യത പാടേ തള്ളിക്കളയാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
രാഷ്ട്രീയ നാടകങ്ങളും പരീക്ഷണങ്ങളും കര്‍ണാടകയോളം കണ്ട മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നോര്‍ക്കണം. അഞ്ച് വര്‍ഷത്തിനിടെ നാല് മുഖ്യമന്ത്രിമാരാണ് കര്‍ണാടകത്തില്‍ അധികാരമേറ്റത്. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ക്കുന്ന പ്രതിരോധങ്ങളെ മറികടന്ന് അധികാരം വീണ്ടും ബിജെപിയുടെ പോക്കറ്റിലായാല്‍ 37 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടുന്ന പാര്‍ട്ടിയെന്ന റെക്കോര്‍ഡും ബിജെപിക്ക് സ്വന്തമാകും. മോദി പറഞ്ഞ കേരളം ഉള്‍പ്പെടെ പിടിക്കണമെങ്കില്‍ ബിജെപിക്ക് കര്‍ണാടക ജയിച്ചുകയറിയേ പറ്റൂ. കോണ്‍ഗ്രസിനെ ഒതുക്കുന്നതിലും കര്‍ണാടകയില്‍ ബിജെപി ശ്രദ്ധ പതിപ്പിക്കേണ്ടത് സ്വന്തം പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ നിരന്തര സന്ദര്‍ശനങ്ങള്‍. മറ്റ് കേന്ദ്രമന്ത്രിമാരെ ഏല്‍പ്പിക്കാവുന്ന കാര്യങ്ങള്‍ പോലും മോദി നേരിട്ടെത്തി നടത്തുന്നതിന് പിന്നിലും മറ്റൊന്നല്ല.
വിഭാഗീയതയും ഉള്‍പാര്‍ട്ടി പോരും ശക്തമായതോടെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കാന്‍ മോദിയുടെ കല്‍പ്പന പ്രകാരം കര്‍ണാടകയില്‍ അമിത് ഷായുടെ അടിയന്തിര ഇടപെടലുണ്ടായത് കഴിഞ്ഞ ദിവസമാണ്. കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും മാറ്റി നിര്‍ത്താനാവാത്ത നിര്‍ണായക ഘടകമാണ് ബി എസ് യെദ്യൂരപ്പയും കുടുംബവുമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് അമിത് ഷാ. മകന്‍ വിജയേന്ദ്രക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെയാണ്, അമിത് ഷാ പ്രഭാത ഭക്ഷണം കഴിക്കാന്‍ യെദ്യൂരപ്പയുടെ വീട്ടിലെത്തിയത്. തന്നെ സ്വീകരിക്കാന്‍ പൂച്ചെണ്ട് നീട്ടിയ യെദ്യൂരപ്പയോടു മകന്‍ വിജയേന്ദ്രയെ പൂച്ചെണ്ട് ഏല്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. വിജയേന്ദ്രയാണ് പൂച്ചെണ്ട് നല്‍കി അമിത് ഷായെ വീട്ടിലേക്കാനയിച്ചത്. സ്വന്തം തട്ടകമായിരുന്ന ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് മകനെ മത്സരിപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് യെദ്യൂരപ്പ. എന്നാല്‍ കര്‍ണാടക ബിജെപിയിലെ യെദ്യൂരപ്പ വിരുദ്ധ പക്ഷം ഇതിനെതിരാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യം ആരുടെയെങ്കിലും അടുക്കളയില്‍ അല്ല തീരുമാനിക്കുന്നതെന്ന പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു.
കര്‍ണാടകയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരില്‍ ഒരാളാണ് ബുക്കനകരേ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന മണ്ടിയക്കാരന്‍ ബിഎസ് യെദ്യൂരപ്പ. നേരത്തെ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കായിരുന്ന ലിംഗായത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ഭൂരിപക്ഷ വോട്ടുകളെ ബിജെപിക്കൊപ്പം നിര്‍ത്തുന്നതില്‍ യെദ്യുരപ്പക്ക് നിര്‍ണായക സ്വാധീനമുണ്ട്.2012-ല്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് കര്‍ണാടക ജനപക്ഷ പാര്‍ട്ടി സ്ഥാപിച്ചു പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച പാരമ്പര്യവുമുണ്ട് യെദ്യൂരപ്പക്ക്. യെദ്യൂരപ്പയെ പിണക്കിയതിന്റെ പരിണിത ഫലം 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നന്നായി അനുഭവിച്ചതാണ്. 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ചു. വെറും 40 സീറ്റായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. ഈ അനുഭവകഥ മുന്നിലുള്ളത് കൊണ്ടാണ് അമിത് ഷാ ഓടിയെത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ എത്തുമ്പോഴെല്ലാം യെദ്യൂരപ്പയെ ചേര്‍ത്ത് പിടിക്കുന്നതും.