എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരുണ്ടായതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിന്‍ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതെന്ന വാര്‍ത്ത രണ്ട് ദിവസമായി മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ദേശീയ വാര്‍ത്തകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന നമ്മുടെ പ്രേക്ഷകരോട് പൂര്‍ണേഷ് മോദിയെ പുതുതായി പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. എന്നാല്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കുന്ന മറ്റൊരു പേരാണ് പൂര്‍ണേഷ് ഭൂത്വാവ എന്നത്. ആരാണീ പൂര്‍ണേഷ് ഭൂത്വാല? പൂര്‍ണേഷ് മോദിയുമായി ഇയാള്‍ക്കെന്താണ് ബന്ധം? രാഹുലിനെതിരായ നടപടിയില്‍ ഈ ഭൂത്വാലയുടെ റോള്‍ എന്താണ്? ആകെ കുഴഞ്ഞ് മറിഞ്ഞോ? തെല്ലും സംശയിക്കേണ്ട, പൂര്‍ണേഷ് മോദിയും പൂര്‍ണേഷ് ഭൂത്വാലയും ഒരാള്‍ തന്നെയാണ്. ഗുജറാത്തിലെ വലിയ സമുദായങ്ങളിലൊന്നാണ് മോദി വിഭാഗം. ഈ സമുദായത്തില്‍ നിന്നുള്ള ആളാണ് പൂര്‍ണേഷ്. ഭൂത് വാല എന്നത് മോദി സമുദായത്തിലെ ഉപജാതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭൂത് വാല എന്ന സര്‍നെയിം നിമപ്രകാരം മാറ്റി മോദി എന്നാക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വളരെ പ്രബലമാണ് മോദി സമുദായം. 13 കോടി ജനസംഖ്യയുണ്ട് ഈ വിഭാഗത്തിന്. തെലി വിഭാഗം എന്നും ഇവര്‍ അറിയപ്പെടുന്നു. ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉടനീളം പരന്ന് കിടക്കുന്നവരാണ് മോദി സമുദായം. പക്ഷേ, പല സംസ്ഥാനങ്ങളിലും പല പേരുകളാണെന്നു മാത്രം. രാജസ്ഥാനില്‍ ഇവര്‍ ഗഞ്ചീസ് എന്നാണ് അറിയപ്പെടുന്നത്. ഗുജറാത്തില്‍ മോദി വിഭാഗം എന്നും. ലാപ്സിവാല, ദാല്‍വാല, ചോങ്ക്വാല, ഖാദിവാല, എന്നീ പേരുകളിലും മോദി സമുദായം അറിയപ്പെടാറുണ്ട്.
എന്റെ പിതാമഹന്മാര്‍ സൂറത്തിലെ ഭൂത് സേരിയിലായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ട് തന്റെ കുടുംബം ഭൂത് വാലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് പേരിനൊപ്പം ഭൂത് വാല വന്നത്. പക്ഷേ, ഭൂത്വാല എന്ന സര്‍നെയിം വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ മാറ്റിയിരുന്നു.സൂറത്ത് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ താന്‍ മോദിയെന്ന പേരിലേക്ക് മാറിയതായി പറയുന്നുണ്ട്. 1988ലാണ് പേര് പൂര്‍ണേഷ് മോദി എന്നാക്കി മാറ്റിയത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഭൂത് വാല എന്ന വംശപേര് പറയുന്നുണ്ട്. സമുദായത്തിന്റെ പേര് മോദി ഗഞ്ചി എന്നാണെന്നും പരാമര്‍ശിക്കുന്നുണ്ട്. നാടോടികളായ ഒരു സമുദായത്തിന്റെ പേരാണ് മോദി. ഈ സമുദായം പിന്നീട് എണ്ണ വ്യാപാരത്തിലേക്ക് ഇറങ്ങി ഗുജറാത്തില്‍ വാസസ്ഥലം കണ്ടെത്തുകയായിരുന്നു.1994ല്‍ ഒബിസി വിഭാഗത്തില്‍ മോദി സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്റെ പരാതി ഒരിക്കലും രാഷ്ട്രീയപരമായിരുന്നില്ല. ഗുജറാത്തിലെ മോദി സമുദായത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഞാന്‍. രാഹുലിന്റെ പരാമര്‍ശം വന്നതോടെ ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷമാണ്, പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഒരു സമുദായംഗം എന്ന നിലയിലാണ് പരാതി നല്‍കിയത്. അതിന് എല്ലാവരും രാഷ്ട്രീയം കണ്ടെത്തിയെന്ന് മാത്രം. ഇത് ഞങ്ങളുടെ ജയമോ തോല്‍വിയോ അല്ല. ഇത് രാജ്യത്തിന്റെ സാമുഹിക മേഖലയെ ബാധിക്കുന്നതാണ്. ഒരു സമുദായത്തെ ഒന്നിന്റെയും പേരില്‍ അടച്ചാക്ഷേപിക്കാന്‍ പാടില്ല-പൂര്‍ണേഷ് മോദി വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണേഷ് മോദിയുടെ വാല്‍പ്പേര് കോടതിയില്‍ ചര്‍ച്ചയായതോടെയാണ് പലരും അതിന് പിന്നിലുള്ള കാര്യമറിഞ്ഞത്. രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത് പൂര്‍ണേഷ് മോദി വിഭാഗത്തില്‍ നിന്നുള്ളയാളല്ലെന്നാണ്. കാരണം പൂര്‍ണേഷിന്റെ നേരത്തെയുള്ള വാല്‍പ്പേര് ഭൂത് വാല എന്നായിരുന്നു എന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പിന്നീട് ഇത് മോദി എന്നാക്കി മാറ്റുകയായിരുന്നു. എന്നാല്‍ കോടതിയില്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. രാഹുല്‍ മോദി സമുദായത്തെ ഒന്നാകെ അപമാനിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. മാപ്പുപറയാന്‍ തയ്യാറുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ കോണ്‍ഗ്രസുകാരന്റെ കൂടപ്പിറപ്പായ ദാര്‍ഷ്യഢ്യത്തോടെ ഇല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. മോദി സമുദായത്തോട് മാപ്പ് പറയേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം പോലും കാണിക്കാതെ, അയോഗ്യനാക്കപ്പെട്ട എംപി എന്ന് ട്വിറ്ററില്‍ ബയോ മാറ്റി നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് രാഹുല്‍ ഗാന്ധി.