രാഷ്ട്രീയ നാടകങ്ങളും പരീക്ഷണങ്ങളും തെക്കന്‍ഡക്കാനിലെ കറുത്ത മണ്ണിനെ കിളച്ചുമറിച്ചത് കുറച്ചൊന്നുമല്ല. അതെ, സംഭവ ബഹുലമായ ഒരു നിയമസഭാ കാലയളവിന് ശേഷമാണ് കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുന്നത്. ദില്ലിയിലെ വിജ്ഞാന് ഭവനില്‍ പ്ലീനറി ഹാളില്‍ വെച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ നാല് മുഖ്യമന്ത്രിമാരാണ് കര്‍ണാടകത്തില്‍ അധികാരമേറ്റത്. ഈ വര്‍ഷം മേയില്‍ കര്‍ണാടകം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ അധികാരത്തില്‍ തുടരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അധികാരം വീണ്ടും ബിജെപിയുടെ പോക്കറ്റിലായാല്‍ 37 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടുന്ന പാര്‍ട്ടിയെന്ന റെക്കോര്‍ഡും ബിജെപിക്ക് സ്വന്തമാകും. തെക്കേന്ത്യയിലേക്ക് വേരുറപ്പിക്കാനും കേരളം ഉള്‍പ്പെടെ പിടിക്കാനും ബിജെപിക്ക് കര്‍ണാടക ജയിച്ചുകയറിയേ പറ്റൂ. രാഷ്ട്രീയത്തില്‍ ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനം കൂടിയാണ് കര്‍ണാാടകം. ജനസംഖ്യാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ സ്വാധീന വിഭാഗങ്ങളായ ലിംഗായത്തുകള്‍ 14-17 ശതമാനവും വൊക്കലിഗകള്‍ 11-12 ശതമാനവുമാണ്. 1972 വരെ തങ്ങളുടെ പ്രാദേശികമായ സ്വാധീനം ചൂണ്ടിക്കാട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തി വന്നിരുന്ന സമുദായങ്ങളായിരുന്നു ഇവ. കോണ്‍ഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായിരുന്നു ഒരു കാലത്ത് ലിംഗായത്ത് സമുദായം.
ഇന്നും ലിംഗായത്തുകാരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. പക്ഷേ, ഇത്തവണ ലിംഗായത്തുകള്‍ തന്നെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയേക്കാം. കാരണം കര്‍ണാടകത്തില്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിന് വിരിച്ച കെണി തന്നെ. ധാര്‍വാഡ് ഐഐടി ക്യാമ്പസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കൊള്ളിയാണ്. ആളിക്കത്തി കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ ഭസ്മമാക്കാന്‍ കെല്‍പുള്ള തീക്കൊള്ളി. പ്രധാനമന്ത്രി പറഞ്ഞതോര്‍മ്മയില്ലേ, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലണ്ടനില്‍ ശ്രീ ബസവേശ്വര പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.
എന്നാല്‍ അതേ ലണ്ടനില്‍ ചിലര്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മുടെ പൈതൃകത്തിലാണ്. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ജനാധിപത്യ മൂല്യവ്യവസ്ഥയെ തകിടം മറിക്കാനാവില്ല. എന്നാല്‍ ചിലര്‍ അതിനെ നിരന്തരം ആക്രമിക്കുകയാണ്. അവര്‍ ശ്രീ ബസവേശ്വരനെ അപമാനിക്കുകയും കര്‍ണാടകത്തെ അപമാനിക്കുകയും ചെയ്യുന്നു. അവര്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പൈതൃകത്തെ അപമാനിക്കുകയാണ്. ഇത്തരം നടപടികള്‍ ഇന്ത്യയിലെ 130 കോടി ജാഗരൂകരായ പൗരന്മാരെ അപമാനിക്കുന്നു. ഇത്തരക്കാരെക്കുറിച്ച് കര്‍ണാടക ജാഗ്രത പാലിക്കണം. ബസവേശ്വരനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് ശരിയാണല്ലോ എന്ന് കര്‍ണാടകയിലെ ലിംഗായത്തുകളില്‍ ഒരാള്‍ക്കു തോന്നിയാല്‍ മതി, രാഹുലിനെതിരെ അടുത്ത അപകീര്‍ത്തി കേസിന് വകയാകും.
ലിംഗായത്തുകള്‍ അഥവാ വീരശൈവരുടെ പ്രധാന ആചാര്യനെയാണ് മോദി ആയുധമാക്കിയിരിക്കുന്നത്. പരാമര്‍ശത്തിന്റെ ഗൗരവം മനസ്സിലാകണമെങ്കില്‍ ബസവേശ്വരന്റെ സ്ഥാനത്ത് ശ്രീനാരായണ ഗുരുവിനെയോ മന്നത്ത് പദ്മനാഭനെയോ നബിയെയോ യേശുദേവനെയോ ചിന്തിച്ചാല്‍ മതി. കര്‍ണാടകയില്‍ ഈ ബസവേശ്വര പരാമര്‍ശം ആളിക്കത്തിക്കാന്‍ ബിജെപിക്ക് അധികം അധ്വാനിക്കേണ്ടി വരില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബസവേശ്വര പരാമര്‍ശം ഇളക്കിവിട്ടാല്‍ അത് രാഹുലിന് മാത്രമല്ല, കോണ്‍ഗ്രസിന് കൊടുക്കാവുന്ന ഏറ്റവും വലിയ അടിയാവും. ലിംഗായത്തുകള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ പിന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കരകയറില്ലെന്നുറപ്പാണ്.