കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ആംനസ്റ്റി ഇന്ത്യ നല്‍കിയ അഭ്യര്‍ത്ഥന പരിശോധിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടനടി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ ട്വീറ്റ് വഴിയാണ് പുതുതായി അധികാരമേറ്റ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമവും മതപരിവര്‍ത്തന നിരോധന നിയമവും ഹിജാബ് നിരോധിച്ചുള്ള സര്‍ക്കാരുത്തരവും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാണെന്നും ഹിജാബ് ധരിക്കേണ്ടതില്ലെന്നും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഹിജാബ് സമരം ആരംഭിച്ചത്. കോളേജിന്റെ യൂണിഫോം നയത്തിന്റെ ലംഘനമായതിനാല്‍ കോളേജിലെ ഏതാനും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം നിഷേധിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ തര്‍ക്കം മറ്റ് കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. ഹിജാബ് അനുവദിച്ചാല്‍ കോളേജില്‍ കാവി സ്‌കാര്‍ഫ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിദ്യാര്‍ത്ഥികളും സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
സമരങ്ങള്‍ തെരുവ് സംഘര്‍ങ്ങള്‍ക്ക് വഴിമാറിയതോടെയാണ് 2022 ഫെബ്രുവരിയില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് എല്ലാ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യൂണിഫോം ധരിച്ചാല്‍ മതിയെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. വിരോധാഭാസം എന്തെന്നാല്‍ യൂണിഫോമിനും മേലെയാണ് വിശ്വാസങ്ങള്‍ എന്ന് പറഞ്ഞ് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് കാവി ഷാളോ ചരടോ അണിഞ്ഞു പൊലീസുകാര്‍ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിലപാടെടുത്തത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് മനസ്സിലാകുന്നില്ല. നിയമവും നിലപാടുമൊക്കെ എല്ലാവര്‍ക്കും ബാധകമാകണം. മറിച്ചാണെങ്കില്‍ കോണ്‍ഗ്രസ് വീഴാന്‍ പോകുന്ന കെണിയുടെ ആഴം പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല.