വടക്ക് കിഴക്ക് ഭാഗത്ത് റഷ്യ, തെക്ക് വശത്ത് യുക്രെയിന്‍. പടിഞ്ഞാറ് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും ലാത്വിയയും. ഈ രാജ്യത്തിന്റെ മൂന്നില്‍ ഒരു ഭാഗവും ഘോര വനങ്ങള്‍ ആണ്. പ്രധാന സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങളാകട്ടെ കൃഷിയും വ്യവസായവും. അതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ് ബെലാറസ് എന്ന കൊച്ച് രാജ്യം. നാറ്റോ സഖ്യകക്ഷികളായ രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്നതിനാല്‍ വളരെ തന്ത്രപ്രധാന രാജ്യമാണ് റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറസ്.
ടാക്റ്റിക്കല്‍ ശ്രേണിയിലുള്ള ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കുമെന്നും ജൂലൈ ഒന്നോടെ ബെലാറസില്‍ ഒരു മിസൈല്‍ കേന്ദ്രം തങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് റഷ്യയുടെ അവകാശവാദം. ഈ നീക്കത്തെ യുഎസും അവരുടെ യൂറോപ്യന്‍ സഖ്യകക്ഷികളും നിശിതമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന, പുട്ടിന്റെ അടുത്ത അനുയായിയായ അലക്‌സാണ്ടര്‍ ലൂക്കാഷെന്‍കോയ്ക്ക് വരാനിരിക്കുന്ന വിപത്തുകളുടെ ഗൗരവം ഇതുവരെ തലയില്‍ കയറിയിട്ടില്ല.
1962 ഒക്ടോബര്‍ 14ന് അമേരിക്കന്‍ ചാരവിമാനങ്ങള്‍ ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ മിസൈല്‍ സങ്കേതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു വലിയ ആശങ്ക അമേരിക്കന്‍ ഭരണതലത്തില്‍ ഉളവാക്കി. അന്നത്തെ യുഎസ് പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡി ഉന്നതതല യോഗം വിളിക്കുകയും ക്യൂബയ്‌ക്കെതിരെ നാവിക ഉപരോധം ഏര്‍പെടുത്തുകയും ചെയ്തു. സോവിയറ്റ് യൂണിയന്‍ എത്രയും പെട്ടെന്ന് മിസൈലുകള്‍ മാറ്റിസ്ഥാപിക്കണമെന്ന കെന്നഡിയുടെ നിര്‍ദ്ദേശത്തിന് സോവിയറ്റ് യൂണിയന്‍ പുല്ലുവില പോലും കൊടുത്തില്ല.
അന്ന് യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ അത് ആണവയുദ്ധത്തിലേക്കു പോലും നീങ്ങുമെന്നും കിംവദന്തികളുണ്ടായിരുന്നു. ഒടുക്കം ഗതികെട്ട് മനസ്സില്ലാ മനസ്സോടെ 1962 ഒക്ടോബര്‍ 28ന് മിസൈലുകള്‍ മാറ്റാമെന്ന് സോവിയറ്റ് യൂണിയന്‍ സമ്മതിച്ചു. ക്യൂബയെ ആക്രമിക്കരുതെന്നും തുര്‍ക്കിയില്‍ സ്ഥാപിച്ചിട്ടുള്ള മിസൈലുകള്‍ മാറ്റണമെന്നും യുഎസിനെക്കൊണ്ട് ആണയിടീപ്പിച്ച ശേമായിരുന്നു ഈ നീക്കം. വലിയൊരു ശീതയുദ്ധം ആര്‍ക്കും വലിയ പരിക്കുകളില്ലാതെ അവസാനിക്കുകയും ചെയ്തു.
ബെലാറസിലെ റഷ്യന്‍ നീക്കത്തോടെ മറ്റൊരു മിസൈല്‍ പ്രതിസന്ധിക്ക് അരങ്ങൊരുങ്ങുകയാണോയെന്നാണു വിദഗ്ധരുടെ സംശയം. തൊണ്ണൂറുകള്‍ക്ക് ശേഷം ഇതാദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്തേക്ക് മിസൈലുകള്‍ മാറ്റുന്നതെന്നതും ഈ നീക്കത്തിന്റെ പ്രസക്തി കൂട്ടുന്നുണ്ട്.