ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവിലാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒരുമണിക്കൂറിനുള്ളില്‍ ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്നുള്ളവരാണെന്നാണ് വിവരം.ആംബുലന്‍സുകളിലും അയ്യപ്പഭക്തരുടെ മറ്റുവാഹനങ്ങളിലുമാണ് യാത്രക്കാരെ ആശുപത്രികളില്‍ എത്തിച്ചത്. ഇവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിവരങ്ങളുണ്ട്. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ബസിന്റെ ഒരുവശം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.മറിഞ്ഞ ബസില്‍നിന്ന് എല്ലാവരെയും പുറത്തെടുത്തെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.