പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് സമുച്ചയം സമ്പൂര്‍ണ പ്രൗഢിയോടെ രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ഇരുപത്തിയെട്ടാം തീയതി പുലര്‍ച്ചെ തന്നെ പൂജകളും സര്‍വ്വമത പ്രാര്‍ത്ഥനയോടും കൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ലോക്‌സഭയില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കും. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായി 1947 ഓഗസ്റ്റ് 14നാണ് നമ്മുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അവസാന ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവില്‍ നിന്നും ചെങ്കോല്‍ സ്വീകരിച്ചത്. നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിനോട് ചേര്‍ന്ന് അന്നത്തെ ചെങ്കോലും ഉണ്ടാവും.
മിക്കവരും മറന്നുതുടങ്ങിയ ആ ചെങ്കോല്‍ തിരികെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി പത്മ സുബ്രഹ്‌മണ്യത്തിനാണ്. 2021-ല്‍ പത്മസുബ്രഹ്‌മണ്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയാണ് ചെങ്കോലിന്റെ പൈതൃകത്തേയും മഹത്വത്തേയും കുറിച്ച് പ്രധാനമന്ത്രി ആഴത്തില്‍ മനസ്സിലാക്കുന്നത്. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു, ഞാന്‍ സംസ്‌കാരത്തിന്റെ ചരിത്രമെഴുതുന്ന ആളാണ്, നമ്മുടെ ചരിത്രത്തിലെ ചെങ്കോലിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു, കാരണം ഒരു പാഠപുസ്തകത്തിലും അതിനെ കുറിച്ച് പരാമര്‍ശമില്ല.
എന്നാലിപ്പോള്‍ ചെങ്കോലിന്റെ മഹത്വത്തെപ്പറ്റി ലോകമറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.തമിഴ് സംസ്‌കാരത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. കുട, സെന്‍ഗോള്‍, സിംഹാസനം എന്നിവ രാജാവിന്റെ ഭരണാധികാരത്തിന്റെ പ്രതീകങ്ങളായ മൂന്ന് വസ്തുക്കളാണ്. അത് അധികാരത്തിന്റെ, നീതിയുടെ പ്രതീകമാണ്. തമിഴ് ഇതിഹാസത്തില്‍ ചേര രാജാക്കന്മാരെ സംബന്ധിച്ച് ഇത് പരാമര്‍ശിക്കുന്നുണ്ട്.
കത്തിന് പിഎം ഓഫീസില്‍ നിന്നും പ്രതികരണം ലഭിക്കാതെ വന്നപ്പോള്‍ ചെറിയ നിരാശ തോന്നിയ പത്മസുബ്രഹ്‌മണ്യം ഇപ്പോള്‍ ആവേശത്തിലാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അതി സ്ഥാപിക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും അവര്‍ പറയുന്നു. അതെ, അന്ന് ലഭിച്ച ആ കത്ത് മോദി മറന്നില്ല. സംസ്‌കാരത്തെയും കലാകാരന്മാരുടെ നിര്‍ദ്ദേശങ്ങളെയും ഏറെ ബഹുമാനിക്കുന്ന മോദി ഇന്ന് ചെങ്കോലിനെ ലോകമെങ്ങും ചര്‍ച്ചയാക്കിയിരിക്കുന്നു.
കുപ്പയില്‍ കിടന്നാലും മാണിക്യം തിളങ്ങുമെന്ന് പറയുംപോലെ ആരൊക്കെ ചവിട്ടിത്താഴ്ത്താന്‍ നോക്കിയാലും തിരുത്തി എഴഉതാന്‍ ശ്രമിച്ചാലും ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും ജ്വലിച്ചുതന്നെ നില്‍ക്കും. മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ മധുരൈ അധീനത്തിന്റെ 293-ാമത് ആസ്ഥാന പുരോഹിതന്‍ ശ്രീ ഹരിഹര ദേശിക സ്വാമികള്‍ പ്രധാനമന്ത്രി മോദിക്ക് ചെങ്കോല്‍ സമ്മാനിക്കും. കൂടാതെ, ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ഒരു നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യുന്നുണ്ട്.