തമിഴ്നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ ചുമതലയേറ്റതിന് പിന്നാലെ തമിഴ്നാട്ടില്‍ ബിജെപിയെ നയിക്കാന്‍ സംസ്ഥാനത്തുടനീളമുള്ള യുവ നേതാക്കളെ അദ്ദേഹം വളര്‍ത്തിയെടുക്കുന്നുമുണ്ട്. മുപ്പതിനും നാല്പതിനും ഇടയില്‍ പ്രായമുള്ള ജനറല്‍ സെക്രട്ടറിമാര്‍ തമിഴ്‌നാടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. കടല്‍ക്കിഴവന്മാര്‍ നിയന്ത്രിക്കുന്ന പായ്ക്കപ്പലായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആടിയും ഉലഞ്ഞും മുന്നോട്ട് പോകുമ്പോള്‍ ബിജെപി അതിന്റെ അമരത്ത് നിര്‍ത്തുന്നത് യുവാക്കളെയാണെന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ച് നേതാക്കളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അണ്ണാമലൈ എന്ന നേതാവിന് മികച്ച വൈഭവമുണ്ട്. തമിഴ്നാട്ടിലെ മറ്റൊരു പാര്‍ട്ടിയും യുവതലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് ബിജെപി നല്‍കുന്നതുപോലെ അവസരങ്ങളും നല്‍കാറില്ല. അണ്ണാമലൈ വളര്‍ത്തിയ, അദ്ദേഹത്തോളം മികച്ച, തമിഴ്‌നാട്ടിലെ പുതിയ താരോദയമാണ് സംസ്ഥാന സെക്രട്ടറി എസ്. ജി സൂര്യ എന്ന യുവനേതാവ്.
എസ്.ജി സൂര്യ എന്ന നേതാവിന്റെ വളര്‍ച്ച ഒരു രാത്രികൊണ്ടുണ്ടായതല്ല. കാലങ്ങളായി സ്വയംസേവകനായി പ്രവര്‍ത്തിച്ചാണ് സൂര്യ സംസ്ഥാന തലത്തിലേക്കെത്തിയതും മോദിക്കും അണ്ണാമലൈക്കും പ്രിയപ്പെട്ടവനായതും. തമിഴ്‌നാട്ടിലെ പൂണൂല്‍ പോടും പോരാട്ടത്തോടെയാണ് സൂര്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ജാതീയതയെ ചെറുക്കാനും ബ്രാഹ്‌മണിസത്തിനെതിരെയും നടന്ന പ്രക്ഷോഭം ഹിന്ദു മതവിശ്വാസികള്‍ നിന്ദ്യമൃഗമായി കരുതുന്ന പന്നിക്ക് പൂണുല്‍ ധരിപ്പിച്ചുകൊണ്ടാണ് അരങ്ങേറിയത്. ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്‌മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ചുനില്‍ക്കുന്ന പന്നിയുടെ ചിത്രം വെച്ച് പോസ്റ്റര്‍ അടിച്ചിറക്കിയതാവട്ടെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആവണി അവിട്ട ദിനത്തിലായിരുന്നു, ചെന്നൈ സംസ്‌കൃതി കോളജില്‍ പ്രക്ഷോഭ പരിപാടികള്‍ നടന്നത്. തമിഴ്നാട്ടില്‍ ആവണി അവിട്ട ദിനത്തിലാണ് വര്‍ഷാവര്‍ഷം ബ്രാഹ്‌മണര്‍ പഴയ പൂണൂല്‍ മാറ്റി പുതിയവ ധരിക്കുന്നത്. അന്നേ ദിവസം തന്നെ പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് ബ്രാഹ്‌മണിസത്തിനെതിരെ പ്രതീകാത്മകമായി പോരാടാനാണ് തീരുമാനമെന്ന് ടി.പി.ഡി.കെ ഭാരവാഹികള്‍ പറയുകയും ചെയ്തു. ബ്രാഹ്‌മണിസത്തേക്കാളധികം ആര്‍എസ്എസിനെയായിരുന്നു സംഘാടകര്‍ ലക്ഷ്യം വച്ചത്. ഈ സമയത്താണ് സമരത്തിനെതിരെ എസ്്.ജി സൂര്യയുടെ നേതൃത്വത്തില്‍ തമിഴ്നാട് ബിജെപി രംഗത്തെത്തിയത്. പൂണൂല്‍ ധരിച്ചാല്‍ ഉന്നതകുലനാകില്ലെന്ന് കരുതുന്നവര്‍ പിന്നെ എന്തിനാണ് അതിനെതിരെ സമരം നടത്തുന്നത് എന്നായിരുന്നു സൂര്യയുടെ പ്രധാന ചോദ്യം.
കഴിഞ്ഞ ദിവസം, കാഞ്ചീപുരത്ത് നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ലോകത്തെ അറിയിച്ചതും സൂര്യ തന്നെയാണ്.തമിഴ്നാട് കാഞ്ചീപുരത്ത് ഹിന്ദു പെണ്‍കുട്ടിയെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം കുടുംബത്തിന്റെ ശ്രമത്തെ തമിഴ്നാട്ടില്‍ നിന്നുള്ള കേരളാസ്റ്റോറിയുടെ ലൈവ് ഡെമോ എന്ന തലക്കെട്ടോടെയാണ് സൂര്യ ട്വിറ്ററിലൂടെ പുറത്ത് വിട്ടതും പിന്നാലെ സംഭവം രാജ്യശ്രദ്ധ നേടിയതും ഹിന്ദുസംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടതും. ഈ വര്‍ഷം ആദ്യം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും തിരഞ്ഞെടുത്തതും സൂര്യയെതന്നെ. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയം സൂര്യ അവതരിപ്പിച്ചത് അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധ നേടി. നേരത്തെ, 10 ദിവസത്തെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിനായി 2018-ല്‍ ഇന്ത്യയിലെ യുവ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി ഇസ്രായേല്‍ ഗവണ്‍മെന്റ് ക്ഷണിച്ചതും സൂര്യയെയാണ്.് ദക്ഷിണ കൊറിയയിലേക്കുള്ള ഇന്ത്യയുടെ യൂത്ത് ലീഡേഴ്സ് ഡെലിഗേഷനിലും അംഗമായി.
സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ, അറിയപ്പെടുന്ന കോളമിസ്റ്റും എഴുത്തുകാരനുമാണ് സൂര്യ. അന്താരാഷ്ട്ര പ്രശസ്തനായ സാമൂഹിക പ്രവര്‍ത്തകന്‍ പാലം കല്യാണസുന്ദരത്തിന്റെ ജീവചരിത്രവും വടക്കു കിഴക്കന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തമിഴ് പുസ്തകവും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇന്നുമുണ്ട്. വീര്‍ സവര്‍ക്കറുടെ മാസി ജന്‍മതേപ്പിന്റെയും യോഗി ആദിത്യനാഥിന്റെ ജീവചരിത്രത്തിന്റെയും തമിഴ് വിവര്‍ത്തനം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പ്രായത്തില്‍ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന നേതാവും സൂര്യ തന്നെ. കമ്പനി സെക്രട്ടറിയും പിച്ച്ഡി സ്‌കോളറുമായ അദ്ദേഹം അണ്ണാമലൈയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്.