കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കറങ്ങിനടന്ന ഒരു വാര്‍ത്തയുണ്ട്. ബിജെപി അനുകൂലിയായ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കം ചെയ്തുവത്രേ. ഡികെയെ മാലയിട്ട് സോപ്പിടാന്‍ ചെന്ന മൗലാനയ്ക്ക് വമ്പന്‍പണി എന്ന തരത്തിലൊക്കെയാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ വാര്‍ത്ത ആഘോഷിച്ചത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, നഗര വികസനം എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കണം എന്ന് പറഞ്ഞ് കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി ചാരന്‍ എന്ന് പോലും വ്യാഖ്യാനങ്ങളുമുണ്ടായി.
എന്നാലിപ്പോള്‍ കോണ്‍ഗ്രസുകാര്‍ തലയില്‍ മുണ്ടിട്ട് നടക്കുകയാണ്. കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഷാഫി സാദിയോടൊപ്പം ബിജെപി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്ത മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷന്‍ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സാദി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാരിര്‍ മുസ്ലിം നേതാവ് ഉപമുഖ്യമന്ത്രിയാകണമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാദിയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ബിജെപിയുമായി സജീവ ബന്ധം നിലനിര്‍ത്തുന്ന ഷാഫി, 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജെപി പിന്തുണയുള്ള അദ്ദേഹം കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനത്തിന് ഇതിലും മികച്ചൊരു ഉദാഹരണം കാണിച്ചുതരാനില്ല. ബിജെപി ചാരന്‍ എന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച ആളെ പുറത്താക്കാന്‍ പേടിക്കുന്നത് എന്തിനാണ്?