ലോകത്തെമ്പാടുമുള്ള പല സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും അക്കൗണ്ടുകളുള്ള യുഎസിലെ സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നു. യുഎസില്‍ പ്രവര്‍ത്തനമുള്ള മലയാളി സംരംഭങ്ങള്‍ അടക്കം മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും സിലിക്കണ്‍ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്. സ്റ്റാര്‍ട്ടപ് സൗഹൃദമായിരുന്നു ബാങ്കിന്റെ മുഖമുദ്ര. ബാങ്ക് തകര്‍ന്നതോടെ അക്കൗണ്ടുകളിലുള്ള പണം മരവിച്ച അവസ്ഥയിലായി. 2008 ല്‍ വാഷിംഗ്ടണ്‍ മ്യൂച്വലിനുണ്ടായ തകര്‍ച്ചക്കു ശേഷം ഒരു ധനകാര്യ സ്ഥാപനത്തിനുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. സിലിക്കണ്‍ വാലി ബാങ്കുമായി ബന്ധമുള്ള ചില സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി നെട്ടോട്ടമോടുകയാണിപ്പോള്‍. ചിലര്‍ പ്രൊജക്റ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും കഴിഞ്ഞ വര്‍ഷം ടെക്‌നോളജി സ്റ്റോക്കുകളിലുണ്ടായ മാന്ദ്യവും സിലിക്കണ്‍ വാലി ബാങ്കിനെ ബാധിച്ചു. ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബാങ്ക് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ബോണ്ടുകളാണ് വാങ്ങിയത്. ഈ നിക്ഷേപങ്ങള്‍ സാധാരണയായി സുരക്ഷിതമാണ്. എന്നാല്‍ പലിശനിരക്ക് ഉയര്‍ന്നതോടെ നിക്ഷേപങ്ങളുടെ മൂല്യം കുറഞ്ഞു. സാധാരണഗതിയില്‍ അതൊരു വലിയ പ്രശ്നമാകാറില്ല. കാരണം ബാങ്കുകള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്ന നിക്ഷേപങ്ങളാണവ. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാകും ഇവ വില്‍ക്കുക. എന്നാല്‍ സിലിക്കണ്‍ വാലിയുടെ ഉപഭോക്താക്കള്‍ കൂടുതലും സ്റ്റാര്‍ട്ടപ്പുകളും മറ്റ് ടെക് കമ്പനികളുമായിരുന്നു.
ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കഴിഞ്ഞ വര്‍ഷം പണത്തിന് കൂടുതല്‍ ആവശ്യമുണ്ടായി. ഓഹരി വില ഇടിയുകയും നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കുകയും ചെയ്തതോടെയാണ് സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്. തുടക്കത്തില്‍, അതൊരു വലിയ പ്രശ്നമായിരുന്നില്ല, എന്നാല്‍ ഉപഭോക്താക്കള്‍ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ബാങ്ക് സ്വന്തം ആസ്തികള്‍ വില്‍ക്കാന്‍ തുടങ്ങി.സിലിക്കണ്‍ വാലി ഉപഭോക്താക്കള്‍ കൂടുതലും ബിസിനസുകാരും അതി സമ്പന്നരുമായിരുന്നു. അവരില്‍ പലരുടെയും നിക്ഷേപം 250,000 ഡോളറില്‍ കൂടുതലുമായിരുന്നു.
പുറമെ നിന്നുള്ള നിക്ഷേപകരിലൂടെ അധിക മൂലധനം സമാഹരിക്കാന്‍ ബാങ്ക് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ബാങ്കില്‍ അവശേഷിച്ച ആസ്തികളും നിക്ഷേപങ്ങളും സംരക്ഷിക്കാന്‍ സിലിക്കണ്‍ വാലി ബാങ്കിന്റെ ആസ്തികള്‍ കണ്ടുകെട്ടുകയല്ലാതെ ബാങ്ക് റെഗുലേറ്റര്‍മാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.