കഴിഞ്ഞ മുപ്പതു വര്‍ഷം കേരളം ഭരിച്ച ഇടതു-വലതു മുന്നണികളുടെ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും നിസ്സംഗതയുംകൊണ്ടാണ് കേരളം തീവ്രവാദത്തിന്റെ താവളമായതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പില്‍ക്കാലത്ത് 1990കളില്‍ അബ്ദുള്‍നാസര്‍ മദനിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയ പ്രചരണം ഹിന്ദു-മുസ്ലിം മനസ്സുകളില്‍ വിള്ളലുണ്ടാക്കി. പിന്നീട് കോയമ്പത്തൂര്‍ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ടും ബാംഗളൂരിലെ സ്ഫോടനങ്ങളിലും പ്രതിയായി മദനി ജയിലിലടയ്ക്കപ്പെട്ടു. പൊതുവേ മുസ്ലിം സമൂഹം തീവ്രവാദത്തെ സ്വീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് മദനിയുടെ രാഷ്ട്രീയം മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ശക്തമാകാതെ പോയത്. ഈ സ്പേയ്സിലാണ് എന്‍ഡിഎഫ് – എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് കടന്നുവരുന്നതും നാടിനെ ഇന്ന് കാണുന്ന നിലയില്‍ കുട്ടിച്ചോറാക്കിയതും. കേരളം ആഗോള ഭീകരവാദത്തിന്റെ റിക്രൂട്ട്മെന്റ് സെന്ററായി മാറിയതും അതിവേഗമായിരുന്നു.
നൂറിലധികം മലയാളികളാണ് ഐ.എസ്സില്‍ ചേര്‍ന്ന് സിറിയയിലേയ്ക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും റിക്രൂട്ട് ചെയ്യപ്പെട്ടത്. കാശ്മീര്‍ അതിര്‍ത്തിയില്‍ 2008 ഒക്ടോബര്‍ 20ന് മലയാളി തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് കേരളത്തിലെ ഭരണകൂടം കേരളം ഭീകരവാദികള്‍ താവളമാക്കുന്നു എന്ന് അംഗീകരിക്കുന്നത് തന്നെ. നിരവധി ഭീകരവാദ പരിശീലന ക്യാമ്പുകള്‍ ഇവിടെ നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് മറ്റു സംസ്ഥാനങ്ങളില്‍ മലയാളി ഭീകരര്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം മാത്രമാണ്. സംസ്ഥാന പോലീസും ഇന്റലിജന്‍സ് സംവിധാനവും പരാജയപ്പെട്ടതാണ് പതിറ്റാണ്ടുകള്‍ ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഐ.എസ്.ഐ.എസ്. റിക്രൂട്ടുമെന്റ് നടത്താനും കഴിയുന്ന പ്രദേശമായി കേരളം മാറിയതിന് പിന്നില്‍.
ഇതിനെല്ലാം തിരിച്ചടിയുണ്ടായി തുടങ്ങിയത് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എഐഎ രാജ്യസുരക്ഷയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതിന് പിന്നാലെയാണ്. രാജ്യത്ത് നിന്നും തീവ്രവാദം തുടച്ചുനീക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. നിരവധി റെയ്ഡുകള്‍ നടത്തിയതില്‍ നിന്നും എഐഎ എത്തിച്ചേര്‍ന്ന സുപ്രധാന കണ്ടുപിടിത്തം മലയാളികളായ നമ്മുക്ക് ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് തീവ്രവാദത്തെ പാലൂട്ടി വളര്‍ത്തുന്നത്. അതിന് കാരണം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുണെന്നതാണ്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇപ്പോഴും റിക്രൂട്‌മെന്റ് നടക്കുന്നുണ്ടെന്ന് പിഫ്ഐയെ നിരോധിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
2021-ല്‍ ദേശീയ അന്വേഷണ ഏജന്‍സി മലപ്പുറം കടന്നമണ്ണയിലുള്ള മുഹമ്മദ് അമീന്‍ എന്ന അബു യഹ്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ടെലിഗ്രാം, ഹൂപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജിഹാദി ആശയങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയും തീവ്രവാദികളെ റിക്രൂട് ചെയ്യുകയും ചെയ്തിരിരുന്നു. കശ്മീരിലെ ക്യാമ്പുകളിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തതിന് കേരളത്തില്‍ നിന്നുള്ള 13 പേരെ 2013ല്‍ തിരുവനന്തപുരം കോടതി ശിക്ഷിച്ചിരുന്നു. പ്രതിയായ നസീറും മറ്റ് 12 പേരും കശ്മീരില്‍ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘങ്ങളെ സഹായിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
2008ല്‍ കശ്മീരികള്‍ ഒഴികെയുള്ള ഇന്ത്യക്കാരെ ആദ്യമായി ലഷ്‌കര്‍ ഇ ത്വയ്യിബ ഒരു കലാപത്തിന് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. കേരളത്തില്‍ ഇതിനായി 17ക്യാമ്പുകളുണ്ടെന്നും 40 പേരെ ഈ കലാപത്തിനായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. കാശ്മീര്‍ വെടിപ്പാക്കിയ ശേഷം കേന്ദ്രവും കേന്ദ്രഅന്വേഷണ ഏജന്‍സിയും വിശ്രമിക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളം, തമിഴ്‌നാട്, കര്‍ണാട എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഉറക്കംനടിച്ചിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ കടയ്ക്കല്‍ വെട്ടിയ ശേഷമാകും അവര്‍ തിരികെ മടങ്ങുന്നത്.