മൂന്നാം ലോക മഹായുദ്ധം തടയാന്‍ കഴിയുന്ന ഏക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി താനാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അയോവയില്‍ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ചരിത്രത്തില്‍ ”ഇതിനേക്കാള്‍ അപകടകരമായ ഒരു കാലം” ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.ജോ ബൈഡന്‍ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചുവെന്നും,ഇത് ലോകത്തെ ഒരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു. നന്നായി അഭിനയിക്കേണ്ട സമയത്ത് ബൈഡന്‍ കര്‍ക്കശമായി പെരുമാറുമെന്നും കര്‍ക്കശമായി പെരുമാറേണ്ട സമയത്ത് സൗമ്യനായി നില്‍ക്കുമെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഈ പ്രവണത ഒരു ലോകയുദ്ധത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2024-ല്‍ താന്‍ വിജയിച്ചാല്‍ റഷ്യ-ഉക്രെയ്ന്‍ തര്‍ക്കം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെയും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയ അദ്ദേഹം രണ്ടാം വര്‍ഷത്തിലേക്ക് കടന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ടു. വ്ളാഡിമിര്‍ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം താന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലില്‍ നടന്ന കലാപത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കിനെ മുന്‍ വൈസ് പ്രസിഡന്റ് പെന്‍സ് രൂക്ഷമായി വിമര്‍ശിച്ചു. ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ് പറഞ്ഞു.
അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നാമനിര്‍ദ്ദേശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ഭിന്നത വര്‍ധിക്കുകയാണ്. പ്രസിഡന്റ് ട്രംപ് തികച്ചും തെറ്റാണ് ചെയ്തത്. രാഷ്ട്രീയക്കാരും പത്രപ്രവര്‍ത്തകരും പങ്കെടുത്ത വാര്‍ഷിക വൈറ്റ്-ടൈ ഗ്രിഡിറോണ്‍ ഡിന്നറിനിടയില്‍ നടത്തിയ പരാമര്‍ശത്തിനിടെയാണ് പെന്‍സ് തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എനിക്ക് അവകാശമില്ല. അദ്ദേഹത്തിന്റെ അശ്രദ്ധമായ നിര്‍ദേശങ്ങള്‍ ആ ദിവസം എന്റെ കുടുംബത്തെയും ക്യാപിറ്റലിലെ എല്ലാവരെയും അപകടത്തിലാക്കിയെന്നും മൈക്ക് പെന്‍സ് പറഞ്ഞു.