മാട്രിമോണിയല്‍ വെബ്‌സൈറ്റുകളെ കുറിച്ച് കേള്‍ക്കാത്തവരായി ഇന്ന് ആരും തന്നെയുണ്ടാവില്ല. കേരളത്തിലെ നിരവധി ദമ്പതിമാര്‍ പരസ്പരം കണ്ടു മുട്ടിയതും ഒരുമിച്ച് ജീവിതം നയിക്കുന്നതിനും കാരണമായത് മാട്രിമോണിയല്‍ ബിസിനസുകളാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം വിപ്ലവം സൃഷ്ടിച്ച മേഖലകളില്‍ ഒന്നു കൂടിയാണ് വൈവാഹിക രംഗമെന്ന് കാണാം. മാച്ച് മേക്കിങ് സൈറ്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിവാഹ കമ്പോളത്തില്‍ പൊളിച്ചെഴുത്താണ് നടത്തിയത്. ലോകമാകെ വന്‍തോതിലാണ് മാട്രിമോണിയല്‍ സൈറ്റുകളുടെ ബിസിനസ് കുതിച്ചു കയറുന്നത്.ഇന്ത്യയിലെ ഓണ്‍ലൈന്‍ മാച്ച് മേക്കിങ് വ്യവസായത്തിന് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്.
പങ്കാളികളെ അന്വേഷിക്കുന്നവര്‍ക്കായി നിരവധി ചോയിസുകള്‍ നല്‍കുന്നു എന്നതാണ് ഇവയുടെ വലിയ സേവനമായി വിലയിരുത്തപ്പെടുന്നത്. ഇവിടെ വരന്‍ ആയാലും വധു ആയാലും അന്തിമ തീരുമാനം കൈക്കൊള്ളുന്നതില്‍ അവര്‍ക്ക് കൂടുതല്‍ വോയിസ് ഉണ്ടായി എന്നതും പ്രധാന കാര്യമാണ്. ഇതിന് അവരെ സഹായിക്കുന്നത് മാച്ച്‌മേക്കിങ് സൈറ്റുകള്‍ നല്‍കുന്ന നിരവധി ഫീച്ചറുകളാണ്. വിവിധ പ്ലാനുകളിലായി വ്യത്യസ്ത സൗകര്യങ്ങളാണ് ഇത്തരം ബിസിനസുകള്‍ നല്‍കുന്നത്. രാജ്യത്താകെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. കുതിച്ചുയരുന്ന വരുമാനം ഈ രംഗത്തേക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നു വരാനും, വിപണി മത്സരം വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
എന്നാല്‍ മാട്രിമോണി സൈറ്റുകള്‍ കൊണ്ട് വിവാഹം മാത്രമല്ല, മറ്റ് ചില കാര്യങ്ങളും കൂടി നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും തന്റെ സത്രീ സുഹൃത്ത് കണ്ടെത്തിയ ഒരു കാര്യത്തെ കുറിച്ച് അശ്വിന്‍ ബന്‍സാല്‍ എന്നയാളാണ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ജീവന്‍സതി ഡോട് കോം എന്ന മാട്രാമോണി സൈറ്റാണ് യുവതി ഇതിന് വേണ്ടി ഉപയോഗിച്ചത്. എന്റെ സുഹൃത്ത് ജീവന്‍സതി മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പകരം ചെയ്തത് കണ്ടോ എന്നാണ് അശ്വിന്‍ ബന്‍സാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
വിവിധ കമ്പനികളുടെ ശമ്പളം നിലവാരം അറിയുന്നതിന് വേണ്ടിയാണ് ഈ സ്ത്രീ മാട്രിമോണി സൈറ്റുകള്‍ ഉപയോഗപ്പെടുത്തിയത്. ഇതോടെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള നിലവാരം യുവതി മനസിലാക്കുകയും ചെയ്തു എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.അശ്വിന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവതിയുടെ ഐഡിയ കൊള്ളാമെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഇതിന് മാത്രമായിരുന്നു ഒരു വഴിയില്ലാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശമ്പള നിലവാരം കണ്ടെത്താനും ഒരു വഴിയായെന്ന് ചിലര്‍ പറയുന്നു.
ഓരോ ജോലിക്കും എത്ര ശമ്പളം കിട്ടുമെന്ന് മസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതിയെന്ന ആശ്വാസവും ചിലര്‍ പങ്കുവച്ചു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഇന്നത്തെ കാലത്ത് ഡേറ്റിംഗിന് ചിലര്‍ ഉപയോഗിക്കുന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍ മാട്രിമോണി സൈറ്റിനെ കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങളുണ്ടെന്ന് മനസിലാക്കി തന്നതിന് നന്ദിയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ പങ്കുവച്ചവരും കുറവല്ല.