ഖലിസ്ഥാന്‍ എന്ന വിഘടനവാദ ആശയത്തെ തടയുന്നതില്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ പതിനൊന്ന് മാസത്തിനിടെ ഖലിസ്ഥാന്‍ വാദം ശക്തമായെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കഴിഞ്ഞ ദിവസം ഖാലിസ്ഥാനി നേതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും ആംആദ്മി സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ആരോപണങ്ങളുടെ ശക്തി കൂട്ടുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എഎപി പഞ്ചാബില്‍ ആദ്യ ചുവടുവയ്പ്പ് നടത്തുന്നത്. 2022ല്‍ വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണം പിടിച്ചെടുത്തുവെങ്കിലും പിന്നീടുണ്ടായ സംഭവപരമ്പരകള്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ചുമതലയേറ്റ് ഒരു മാസം തികയും മുന്‍പ്, ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരും വലതുപക്ഷ ഹിന്ദു സംഘടനകളും തമ്മില്‍ ഏറ്റുമുട്ടലായിരുന്നു തുടക്കം. പട്യാലയില്‍ നടന്ന ഈ സംഘര്‍ഷത്തിന് പിന്നാലെ പാര്‍ലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി ജയിച്ചുകയറി. ശിരോമണി അകാലിദളിന്റെ പ്രസിഡന്റും ഖലിസ്ഥാന്‍ അനുകൂല നേതാവുമായ സിമ്രന്‍ജിത് സിംഗ് മന്‍ വിജയിച്ചത് ആം ആദ്മിക്കേറ്റ വലിയൊരു തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍. ഖലിസ്ഥാന്റെ കാര്യത്തില്‍ മന്‍ സര്‍ക്കാര്‍ തീകൊണ്ടാണ് കളിക്കുന്നത്. ആംആദ്മിയുടെ പിടിപ്പുകേട് മാത്രമല്ല, പഞ്ചാബില്‍ അമൃത്പാല്‍ സിംഗ് പിടിമുറുക്കാന്‍ പ്രധാന കാരണം. പഞ്ചാബില്‍ വര്‍ഷങ്ങളായി തുടരുന്ന മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിഷയം നിരന്തരം ഉന്നയിച്ചാണ് അയാള്‍ യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കിയത്.
പഞ്ചാബിലെ മയക്കുമരുന്ന് സംഘങ്ങളുടെ ഭീതിപ്പെടുത്തുന്ന കഥയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. അഭിഷേക് ചൗബെയ് സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ഉട്താ പഞ്ചാബ് എന്ന ചിത്ത്രതില്‍ പഞ്ചാബിലെ മയക്കുമരുന്നു മാഫിയയെയും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
പാക്കിസ്ഥാനികള്‍ അതിര്‍ത്തി കടന്ന് പഞ്ചാബിലേക്കെറിയുന്ന മയക്കുമരുന്ന് പാക്കറ്റുകള്‍ വാങ്ങാനുള്ള പണത്തിനായി സ്വന്തം അമ്മയെ വരെ കൊലപ്പെടുത്തുന്ന പഞ്ചാബിലെ യുവാക്കളുടെ കഥ, വെറും സിനിമാക്കഥ ആയിരുന്നില്ല, അതില്‍ പഞ്ചാബിന്റെ പച്ചയായ യാഥാര്‍ത്ഥ്യമുണ്ടായിരുന്നു. അഫ്ഗാനില്‍ നിന്നും കടല്‍മാര്‍ഗ്ഗവും പാക്കിസ്ഥാനില്‍ നിന്നും ഡ്രോണ്‍ംമാര്‍ഗവും വരെ പഞ്ചാബില്‍ ലഹരിയെത്തുന്നുണ്ട്. പഞ്ചാബ് ജയിലുകള്‍ മയക്കുമരുന്ന് കച്ചവടക്കാരെയും മയക്കുമരുന്ന് അടിമകളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ സാമൂഹിക ഘടന കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചാബില്‍ മയക്കുമരുന്ന് ഭീഷണി നാശം വിതക്കുമെന്ന് ദേശീയ ഏജന്‍സികള്‍ പോലും അടിവരയിടുന്നു. മയക്കുമരുന്ന് വ്യാപകമായി സംസ്ഥാനത്ത് എത്തുന്നത്, സിഖുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ വാദിക്കുന്നു. സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിരന്തരമായി പരാജയപ്പെട്ടെന്നും ഇതില്‍ മാറ്റം കൊണ്ടുവരാന്‍ ആംആദ്മി സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.അകാലി നേതാക്കള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും, കള്ളക്കടത്ത് തടയുന്നതില്‍ സര്‍ക്കാരുകളുടെ നിരന്തരമായ പരാജയവും ജനങ്ങളുടെ മതിപ്പ് നേടാന്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ഉപയോഗിക്കുന്നു.
പഞ്ചാബില്‍ മാറ്റം വരണമെങ്കില്‍ ബിജെപി കളത്തിലിറങ്ങിയേ മതിയാവൂ. കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിപ്ലവാത്മകമായ പലമാറ്റങ്ങള്‍ക്കും വഴിവെട്ടിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. അള്‍ട്രാസൗണ്ട് ക്ലിനിക്കുകള്‍ കൂണുപോലെ മുളച്ചുപൊങ്ങി പെണ്‍ഭ്രൂണ ഹത്യ വ്യാപകമായപ്പോള്‍ പ്രധാനമന്ത്രി ബേട്ടി ബച്ചാവോ, ബേഠി പഠാവോ എന്ന പേരില്‍ അതിന് മാറ്റം കൊണ്ടുവന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടികളെ കൊല്ലുന്ന സമ്പ്രദായം ഇല്ലാതായി. സ്വച്ഛത അഭിയയുടെ പ്രചാരണത്തിലൂടെ ശുചിത്വം രാജ്യത്തിന്റെ മുഴുവന്‍ ചുമതലയായി. ഇതിന് പിന്നാലെ ഇപ്പോഴിതാ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാന്‍ ബിജെപി ഇറങ്ങിയിരിക്കുകയാണ്. പഞ്ചാബില്‍ മയക്കുമരുന്ന് വിപത്തിനെതിരായ യാത്ര ആരംഭിക്കാന്‍ ബിജെപിയുടെ ഉന്നത നേതൃത്വം ആഹ്വാനം ചെയ്തു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജഗത് പ്രതാപ് നദ്ദയും ഉള്‍പ്പെടെയുള്ളവര്‍ യാത്രയില്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടിയേയും അവരുടെ വാഗ്ദാനങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് പഞ്ചാബിലെ ജനങ്ങള്‍ സ്വീകരിച്ചത്. പക്ഷേ, ആ പഞ്ചാബിനെ രക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും സംസ്ഥാന സര്‍ക്കാരല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ്.