ഇന്ത്യന്‍ സിനിമയിലെ അതികായന്‍, അമിതാഭ് ബച്ചന് ഇന്ന് 80ാം പിറന്നാള്‍

Entertainment

ഇന്ത്യന്‍ സിനിമയിലെ അതികായന്‍ അമിതാഭ് ബച്ചന് ഇന്ന് 80ാം പിറന്നാള്‍. അഞ്ച് പതിറ്റാണ്ടോളമായി നിരവധി പേര്‍ക്ക് ആദര്‍ശമാതൃകയായി ബോളിവുഡില്‍ അരങ്ങ് വാഴുകയാണ് അമിതാഭ് ബച്ചന്‍ എന്ന മഹാനടന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെയും സാമുഹ്യ പ്രവര്‍ത്തക തേജിയുടെയും മകനായി 1942 ഒക്ടോബര്‍ 11ന് യുണൈറ്റഡ് പ്രോവിന്‍സസിലെ (ഇന്നത്തെ യുപി) അലഹബാദിലായിരുന്നു ജനനം. അമിതാഭ് ശ്രീവാസ്തവ എന്നായിരുന്നു പേര്. പിന്നീട് അച്ഛന്റെ പേര് ഒപ്പം ചേര്‍ക്കുകയായിരുന്നു.

ശബ്ദം ശരിയല്ല, ഉയരം കൂടുതലാണ് തുടങ്ങിയ വെല്ലുവിളികളിലൂടെയാണ് ബച്ചന്‍ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. 1969ല്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു ശേഷം 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ വന്‍ വിജയമായി മാറി. ഡോണ്‍ സിനിമ അമിതാബച്ചന്റെ താരമൂല്യം പതിന്മടങ്ങാക്കി. പിന്നീട് ബച്ചന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടുകളായി സിനിമാ രംഗത്ത് സ്വയം നവീകരിച്ച് മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു. ആംഗ്രി യംഗ് മാൻ, ഷഹൻഷാ ഓഫ് ബോളിവുഡ്, സ്റ്റാർ ഓഫ് ദ മില്ല്യണിയം, ബിഗ് ബി എന്നിങ്ങനെ പേരുകളും ബച്ചന് സ്വന്തം.

1970 കളിലും 80 കളിലും ഇന്ത്യന്‍ ചലച്ചിത്ര രംഗം പൂര്‍ണമായും അദ്ദേഹത്തിന്റെ കീഴിലായതിനാല്‍ ഫ്രഞ്ച് സംവിധായകന്‍ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ വണ്‍ മാന്‍ ഇന്‍ഡസ്ട്രി എന്ന് വരെ വിശേഷിപ്പിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ ക്രോര്‍പതിയിലൂടെ അവതാരകപ്പട്ടവും ബച്ചന്‍ സ്വന്തമാക്കി. മികച്ച നടനുള്ള നാല് ദേശീയ പുരസ്‌കാരങ്ങള്‍, ആജീവനാന്ത നേട്ടങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ അമിതാഭ് ബച്ചന്‍ നേടിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യന്‍ സിനിമാ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് പദ്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. 80ാം പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

ബച്ചന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജനപ്രീതിയാർജിച്ച ചിത്രങ്ങള്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയിരുന്നു. ‘ബച്ചന്‍ ബാക്ക് ടു ദി ബിഗിനിങ്’ എന്ന പേരില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് . ഒക്ടോബര്‍ 8 മുതല്‍ 11 വരെ 17 നഗരങ്ങളില്‍ 22 സ്‌ക്രീനുകളിലായി 172 ഷോകളുമായാണ് നാല് ദിവസത്തെ ചലച്ചിത്രോത്സവം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.