ഓഗസ്റ്റ് ഇരുപത്തി ഒന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ‘ന്നാ താൻ പോയി കേസ് കോട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി ‘രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്’ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ഏവരും കാത്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി രംഗപ്രവേശനം ചെയ്ത സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. പിന്നീട് നിവിൻ പോളിയെ വച്ച് അദ്ദേഹം ചെയ്ത ചിത്രമാണ് ‘കനകം കാമിനി കലഹം’. ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.
അദ്ദേഹം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ന്നാ താൻ പോയി കേസ് കോട്’. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ ട്രെയ്ലറും, പാട്ടുകൾ ഒക്കെ പുറത്തിറക്കിയിരുന്നു. അതൊക്കെ വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ അടുത്തിടെ ഇറങ്ങിയ സിനിമയിലെ ‘ദേവദൂതൻ പാടി എന്ന പാട്ടിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസ് ചുവടുകൾ ആളാകുകൾ ഏറ്റെടുത്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ മുൻപിൽ തന്നെയുണ്ട് ചാക്കോച്ചന്റെ വൈറൽ ഡാൻസ്.
1985ല്‍ മമ്മൂട്ടിയും സരിതയും നായികാനായകന്‍മാരായി അഭിനയിച്ച ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഔസേപ്പച്ചന്റെ ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനം പുനർസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ.
37 വർഷങ്ങൾക്ക് ശേഷം ‘ദേവദൂതർ പാടി” എന്ന ഗാനം വീണ്ടും ആളുകൾ ഏറ്റെടുത്തിന്റെ സന്തോഷത്തിലാണ് ഔസേപ്പച്ചനിപ്പോൾ. ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിൽ.
ഇപ്പോഴിതാ പാട്ടിനെ പറ്റിയും ചാക്കോച്ചനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഔസേപ്പച്ചൻ. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ മനസ് തുറക്കുന്നത്.
എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ താൻ ഇല്ല എന്നാണ് ഔസേപ്പച്ചൻ പറയുന്നത്. “പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്.” ഔസേപ്പച്ചൻ പറഞ്ഞു.
“ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോൾ ആ പാട്ട് ഒരു ഗാനമേള മൂഡിൽ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണൻ നന്നായി പാടി.” അദ്ദേഹം വ്യക്തമാക്കി.
“നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു താളബോധമുണ്ട്. എന്നാൽ കുടിച്ചുകഴിയുമ്പോൾ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയിൽ ചാക്കോച്ചൻ ഗംഭീരമായി ചെയ്തു. പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്.” ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.
ഇതിന് മുമ്പും ഗാനരംഗത്തെ കുറിച്ച് പറഞ്ഞ് ഔസേപ്പച്ചൻ രംഗത്ത് എത്തിയിരുന്നു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.