മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം ഉണ്ടാകും. രാവിലെ എട്ടുമുതല്‍ 11 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിക്കും. വൈകുന്നേരം സ്വവസതിയായ ഇരിങ്ങാലക്കുട ‘പാര്‍പ്പിട’ത്തില്‍ എത്തിക്കും. സംസ്‌കാരം ചൊവ്വാ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ചലച്ചിത്ര നിര്‍മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകന്‍: സോണറ്റ്. മരുമകള്‍ രശ്മി. പേരക്കുട്ടികള്‍: ഇന്നസന്റ് ജൂനിയര്‍, അന്ന.
അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ജീവിതത്തില്‍ ഇന്നസെന്റ് 750 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.1972 സെപ്റ്റംബര്‍ ഒന്‍പതിനു എ.ബി.രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. ഇതില്‍ ‘മഴവില്‍ക്കാവടി’, ‘കിലുക്കം’, ‘റാംജിറാവു സ്പീക്കിങ്’, ‘ഗോഡ്ഫാദര്‍’, ‘വിയറ്റ്‌നാം കോളനി’ , ‘കാബൂളിവാല’ ‘രാവണപ്രഭു’, ‘മാന്നാര്‍ മത്തായി സ്പീക്കിങ്’, ‘ഹിറ്റ്‌ലര്‍’, ‘മനസ്സിനക്കരെ’, ‘ചന്ദ്രലേഖ’, ‘പൊന്‍മുട്ടയിടുന്ന താറാവ്’, ‘ദേവാസുരം’, ‘ഡോ.പശുപതി’, ‘പിന്‍ഗാമി’, ‘ഡോലി സജാകെ രഖ്ന’, ‘മലാമല്‍ വീക്കിലി'(രണ്ടും ഹിന്ദി) , ‘ശിക്കാരി'(കന്നട) ‘ലേസാലേസ’ (തമിഴ്) തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ചെറിയ തമാശ വേഷങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത് സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്’ ആണ്. അതോടെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി അദ്ദേഹം മാറി.
‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാര്‍ മത്തായി, ‘കാബൂളിവാല’യിലെ കന്നാസ്, ‘കിലുക്ക’ത്തിലെ കിട്ടുണ്ണി, ‘ദേവാസുര’ത്തിലെ വാര്യര്‍, ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഇന്നസന്റിലൂടെ അവിസ്മരണീയരായി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല ചില ചലച്ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങി. ചില ചിത്രങ്ങളിലൂടെ അദ്ദേഹം പിന്നണി ഗായകനുമായി – ‘ആനച്ചന്തം ഗണപതി മേളച്ചന്തം…’ (ഗജകേസരിയോഗം – 1990), ‘കണ്ടല്ലോ പൊന്‍കുരിശുള്ളൊരു…’ (സാന്ദ്രം – 1990), ‘കുണുക്കു പെണ്‍മണിയെ…’ (മിസ്റ്റര്‍ ബട്ലര്‍ – 2000), ‘സുന്ദരകേരളം നമ്മള്‍ക്കു തന്നത്…’ (ഡോക്ടര്‍ ഇന്നസന്റാണ് – 2012). കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നിട്ടും മനസ്സുതകരാതെ ഇന്നസന്റ് വീണ്ടും അഭിനയിച്ചു. കാന്‍സര്‍ പിടിമുറുക്കിയ 2020ല്‍ ഒഴികെ എല്ലാ വര്‍ഷവും അദ്ദേഹം വിവിധ ചലച്ചിത്രങ്ങളില്‍ സജീവമായി.
ആര്‍എസ്പി തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ വരെ നീണ്ട രാഷ്ട്രീയ ജീവിതവും അദ്ദേഹം സ്വന്തമാക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി ചാലക്കുടിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേര്‍ക്കു പ്രചോദനവുമായി.