സുഹൃത്തിനെ സഹായിക്കാന്‍ സ്വന്തം കരള്‍ പകുത്തുനല്‍കിയ രഞ്ജു ഇപ്പോള്‍ ദുരിതക്കയത്തിലാണ്. ഗുരുതര രോഗത്താല്‍ വളഞ്ഞുപോയ കൈകള്‍ നേരെയാക്കാന്‍ അടിയന്തര ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ സമാഹരിക്കാന്‍ പാടുപെടുകയാണ് രഞ്ജുവിന്റെ കുടുംബം.സുഹൃത്തിന്റെ അച്ഛനുവേണ്ടിയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജു (42) കരള്‍ പകുത്തുനല്‍കിയത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതം (സ്‌പൈനല്‍ സ്ട്രോക്ക്) സംഭവിച്ച് കിടപ്പിലായി. ഒരു വര്‍ഷത്തിലധികമായി ചികിത്സയിലാണ്. ഇതിനകം 15 ലക്ഷത്തോളം രൂപ ചെലവായി.
ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന രഞ്ജു ലീവിന് നാട്ടില്‍ എത്തിയപ്പോഴാണ് അച്ഛന് കരള്‍രോഗമാണെന്നും ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അപകടമാണെന്നും സുഹൃത്ത് പറഞ്ഞത്. രക്തഗ്രൂപ്പ് യോജിക്കുന്നതിനാല്‍ സഹായിക്കണമെന്ന് അപേക്ഷിച്ചതോടെ രഞ്ജു സമ്മതിച്ചു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ജീവിതം കിടക്കയിലായി. ആദ്യത്തെ ആശുപത്രിബില്‍ സുഹൃത്ത് അടച്ചു. പിന്നീട് ഫോണ്‍പോലും എടുക്കാതായി. വീടന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്തതായും മനസ്സിലാക്കി.
ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലാണ് നിലവില്‍ ചികിത്സ. 10 ലക്ഷം രൂപ ചെലവുള്ള അസ്ഥിമാറ്റ ശസ്ത്രക്രിയ ഉടന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി ഇടപ്പള്ളി മാമംഗലത്ത് വാടകവീട്ടില്‍ കഴിയുകയാണ് രഞ്ജു. സഹോദരിമാരായ രശ്മിയും രജിയുമാണ് കൂട്ടിന്. രഞ്ജുവിനെ സഹായിക്കാന്‍ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ആറ്റിങ്ങല്‍ ശാഖയിലാണ് അക്കൗണ്ട്.അക്കൗണ്ട് നമ്പര്‍: 0114053000109508 ഐഎഫ്എസ്സി: SIBL0000114 ഫോണ്‍: 70121 89860