പാക് അധീന കശ്മീര്‍ വീണ്ടും തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തായാലും അത് പാലിക്കുമെന്ന് ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ശ്രീനഗറില്‍ കരസേനയുടെ 76-ാം ‘ശൗര്യദിവസ്’ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തിയത്. ‘ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏത് ഉത്തരവും നടപ്പിലാക്കും. അത്തരം ഉത്തരവുകള്‍ നല്‍കുമ്പോഴെല്ലാം അത് നടപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറായിരിക്കും,’ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് നേരത്തെ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്.
അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാകണം ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.ഈ വിഷയത്തില്‍ സമ്പൂര്‍ണ സജ്ജീകരണങ്ങളോടെ മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
പാക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുണ്ട് . സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകളും നടപ്പിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണ്. എപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിട്ടാലും സൈന്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക് ലോഞ്ച്പാഡുകളില്‍ 160 ഓളം ഭീകരര്‍ ഉണ്ട് . എന്നാല്‍ അവരുടെ പദ്ധതികള്‍ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
ജമ്മു കശ്മീരില്‍ ഭീകരവാദം തടയാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു. അതിന്റെ ഫലമായി, രോഷാകുലരായ തീവ്രവാദികള്‍ ചിലപ്പോള്‍ പിസ്റ്റളുകളും ചിലപ്പോള്‍ ആയുധങ്ങളും അയയ്ക്കാന്‍ ശ്രമിക്കുന്നു, നിരായുധരായ ആളുകളെ ലക്ഷ്യമിടുന്നു. എന്നാല്‍ ഭീകരര്‍ ഒരിക്കലും അവരുടെ പദ്ധതികളില്‍ വിജയിക്കില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദം തടയാന്‍ കഴിഞ്ഞു.പിര്‍ പഞ്ജലിന് വടക്ക് 130 ഉം പിര്‍ പഞ്ജലിന് തെക്ക് 30 ഉം ഭീകരര്‍ തമ്പടിച്ചിട്ടുണ്ട് . 82 പാക് ഭീകരരും 53 പ്രാദേശിക ഭീകരരും ഉള്‍പ്രദേശങ്ങളിലായാണ് തമ്പടിച്ചിരിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് അയക്കാനും പാകിസ്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. അടുത്തിടെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.യുവാക്കളില്‍ 35 ശതമാനവും 20 വയസ്സില്‍ താഴെയുള്ള തീവ്രവാദികളാണെന്നും ദ്വിവേദി പറഞ്ഞു.
55 ശതമാനം അതായത് 20-30 വയസ്സിനിടയിലുള്ള യുവാക്കള്‍ തീവ്രവാദികളായി മാറുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ യുവാക്കളെ വിദ്യാസമ്പന്നരാക്കാനും അവരെ നല്ല നിലയില്‍ വളര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്, യുവാക്കള്‍ തീവ്രവാദികളാകാതിരിക്കാന്‍ സൈന്യവും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ബാബ അമര്‍നാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക് അപ്പുറവും ആകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാക് അധിനിവേശ കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പാസാക്കിയ പ്രമേയത്തോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.