ബലൂചിസ്ഥാനില്‍ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാര്‍ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുത്തിട്ടില്ല.വാഹനത്തിന് നേരെ അക്രമി ബോബെറിയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഖുദാര്‍ പറഞ്ഞു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പ്രവിശ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുള്‍ ഖുദ്ദാസ് ബിസെന്‍ഞ്ചൊ പ്രതികരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് മോട്ടര്‍ സൈക്കിള്‍ പൊലീസ് ട്രക്കിലിടിപ്പിച്ച് 9 പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു. 13 പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. പ്രസിദ്ധമായ സിബി മേളയില്‍ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ ബലൂചിസ്ഥാന്‍ കൊണ്‍സ്റ്റാബുലറിയിലെ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മേളയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നെന്നും കനത്ത സുരക്ഷയില്‍ അതു നടക്കാതിരുന്നതിനാല്‍ പൊലീസിനു നേരെ തിരിയുകയായിരുന്നുവെന്നും ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍ ഭീകരാക്രമണം വര്‍ധിച്ചുവരികയാണ്.
ജനുവരിയില്‍ മാത്രം ഇവിടെ 134 പേര്‍ കൊല്ലപ്പെട്ടു.ഫെബ്രുവരിയില്‍ ബലൂചിസ്ഥാനിലെ കോഹലു ജില്ലയില്‍ സമാന രീതിയിലുള്ള സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സംഭവത്തിന് പിന്നില്‍ പാക് താലീബാനാണെന്നാണ് നിഗമനം. ഭീകര സംഘടനയുമായി പാക് സര്‍ക്കാര്‍ ഒപ്പിട്ടിരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 2021-ല്‍ അവസാനിച്ചിരുന്നു. ശേഷം അക്രമണ പരമ്പരകളാണ് പാകിസ്താനില്‍ താലീബാന്‍ അഴിച്ചുവിട്ടത്. അറബ് രാഷ്ട്രങ്ങളുടെയും ചൈനയുടെയുമൊക്കെ സഹായത്തിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പിടിച്ചു നില്‍ക്കുന്നത്. അതിനിടയില്‍ ഒരു ഭാഗത്ത് നിന്നും പാകിസ്ഥാന്‍ കയ്യേറാന്‍ ശ്രമങ്ങള്‍ നടത്തുകയാണ് പാക് താലിബാന്‍.